അയർലണ്ടിൽ വീശിയടിച്ച് ഡേവ് കൊടുങ്കാറ്റ്; 3,000 കെട്ടിടങ്ങൾ ഇരുട്ടിൽ, വെക്സ്ഫോർഡിൽ ഓറഞ്ച് വാണിങ്

By Rose Malayalam Desk

ഡേവ് കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ വീശിയടിക്കാനാരംഭിച്ചതിന് പിന്നാലെ വെക്‌സ്‌ഫോര്‍ഡ് കൗണ്ടിയില്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് നിലവില്‍ വന്ന വാണിങ് രാത്രി 9 മണി വരെ തുടരും.

രാജ്യമെങ്ങും നേരത്തെ പ്രഖ്യാപിച്ച യെല്ലോ വാണിങ്ങിന് പുറമെയാണിത്. ഇന്ന് പകല്‍ 1 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് അവസാനിക്കുക.

അതേസമയം ഡേവ് കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തിയതിന് പിന്നാലെ രാജ്യത്തെ 3,000-ഓളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. Co Donegal-ലെ Bundoran, Co Offaly-യിലെ Clara എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ കാറ്റ് പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചത് 15 വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒരു വിമാനം വഴിതിരിച്ചുവിടേണ്ടിയും വന്നിട്ടുണ്ട്. കാറ്റ് ഇനിയും ശക്തി പ്രാപിക്കുകയാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട ശേഷം മാത്രം എയര്‍പോര്‍ട്ടിലേയ്ക്ക് എത്തുന്നതാകും ഉചിതം.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴല്‍, സാധനങ്ങള്‍ പറന്നുപോകുക, ശക്തമായ തിരമാല മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, റോഡ് യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വേഗത കുറച്ചും, അതീവ ജാഗ്രതയോടയും വാഹനമോടിക്കണമെന്നും അധികൃതര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments