അയർലണ്ടിലേയ്ക്ക് ഡേവ് കൊടുങ്കാറ്റ് എത്തുന്നു; ഇന്ന് രാജ്യമെങ്ങും യെല്ലോ അലേർട്ട്, യാത്രക്കാർ പ്രത്യേകം ജാഗ്രത പാലിക്കുക

By Rose Malayalam Desk

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടിലേയ്ക്ക് വീണ്ടും കൊടുങ്കാറ്റ് എത്തുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും പിറവിയെടുത്ത ന്യൂനമര്‍ദ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട കൊടുങ്കാറ്റിന് ഡേവ് (Storm Dave) എന്നാണ് യുകെ കാലാവസ്ഥാ വകുപ്പ് പേരിട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ അയര്‍ലണ്ടില്‍ ഡേവ് കൊടുങ്കാറ്റ് എത്തുമെന്നാണ് കരുതുന്നത്.

ഇതെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ന് (ശനി) ഉച്ചയ്ക്ക് 1 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 2 മണി വരെ മുന്നറിയിപ്പ് നിലനില്‍ക്കും.

ഡേവ് കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നത് രാജ്യമെങ്ങും മരങ്ങള്‍ കടപുഴകി വീഴുക, ശക്തമായ തിരമാലകള്‍ ഉയരുക, യാത്ര ദുഷ്‌കരമാകുക, സാധനങ്ങള്‍ പറന്നുപോകുക എന്നിവയ്ക്ക് ഇടയാക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കിഴക്കന്‍ കാറ്റായിരിക്കും അനുഭവപ്പെടുക.

അയര്‍ലണ്ടിന് പുറമെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മുഴുവന്‍ കൗണ്ടികളിലും (Antrim, Armagh, Down, Fermanagh, Tyrone, Derry) യുകെ കാലാവസ്ഥാ വകുപ്പും ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മണി മുതല്‍ ഞയറാഴ്ച പുലര്‍ച്ചെ 3 മണി വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

ഡ്രൈവര്‍മാരോട് അതീവജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി

ഡേവ് കൊടുങ്കാറ്റ് എത്താനുള്ള സാഹചര്യം ഉള്ളതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും (RSA) അഭ്യര്‍ത്ഥിച്ചു. ഈസ്റ്റര്‍ കൂടിയുള്ള വീക്കെന്‍ഡ് ആയതിനാല്‍ നിരവധി പേര്‍ സുഹൃദ്‌സന്ദര്‍ശനത്തിനും മറ്റുമായി യാത്ര ചെയ്യുന്നവരായിരിക്കും.

ശക്തമായ കാറ്റിനൊപ്പം മഴയും, ഈര്‍പ്പവും എത്തുന്നത് റോഡ് നനഞ്ഞുകിടക്കാന്‍ ഇടയാക്കും. ഇക്കാരണത്താല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കുറഞ്ഞ വേഗത പാലിക്കുകയും, പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ അപകടം ഉണ്ടാകാതിരിക്കാനായി മുമ്പിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് മാത്രം വാഹനമോടിക്കുകയും വേണം. മോട്ടോര്‍വേ പോലുള്ള ഹൈസ്പീഡ് റോഡുകളില്‍ പ്രത്യേക ജാഗ്രതയും വേണം.

വലിയ വാഹനങ്ങളുടെ പിന്നാലെ യാത്ര ചെയ്യുമ്പോഴും കൂടുതല്‍ ശ്രദ്ധ വേണം. നനഞ്ഞുകിടക്കുന്ന റോഡിലൂടെ പോകുന്ന ലോറികള്‍ പോലുള്ള വാഹനങ്ങളുടെ ടയറുകളില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം റോഡിലെ കാഴ്ച മറയ്ക്കും. വെളളം തെറിക്കുന്നത് കാരണം പിന്നില്‍ നിന്നുള്ള വാഹനങ്ങളെ കണ്ണാടിയിലും കാണാന്‍ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നിലും, പിന്നിലും വേറെ വാഹനമില്ലെന്ന് ഉറപ്പാക്കുക. പറ്റുമെങ്കില്‍ വലിയ വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ച ശേഷം മാത്രം യാത്ര തുടരുക.

കാറ്റിനൊപ്പം എത്തിയേക്കാവുന്ന മഴ, റോഡില്‍ വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കാമെന്നതിനാല്‍, അവയിലൂടെ വാഹനമോടിക്കാന്‍ മുതിരരുത്. പകരം വേറെ റൂട്ട് എടുക്കുക. വെള്ളക്കെട്ടില്‍ വലിയ കുഴികള്‍ സൃഷ്ടിക്കപ്പെട്ടാലും ഡ്രൈവര്‍മാര്‍ക്ക് അത് മനസിലാകണമെന്നില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments