ഒരു ലക്ഷത്തോളം ഇലക്ട്രിക് കാറുകൾ തിരികെ വിളിച്ച് ഫോക്സ് വാഗൺ; ബാറ്ററി പ്രശ്നം റേഞ്ച് കുറയാനും തീ പിടിക്കാനും ഇടയാക്കിയേക്കും എന്ന് മുന്നറിയിപ്പ്

By Rose Malayalam Desk

ബാറ്ററി മോഡ്യൂളുകളുമായി ബന്ധപ്പെട്ട തകരാറുകൾ ചൂണ്ടിക്കാട്ടി ഏകദേശം ഒരു ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ ഫോക്‌സ്‌വാഗൺ തിരിച്ചുവിളിക്കുന്നു.
ജർമ്മൻ മോട്ടോർ വെഹിക്കിൾ അതോറിറ്റിയായ കെ.ബി.എ (KBA) നൽകുന്ന വിവരങ്ങൾ പ്രകാരം, ഫോക്‌സ്‌വാഗണിന്റെ ഐ.ഡി (ID) സീരീസിലെ 75,000 വാഹനങ്ങളെയും 20,000-ത്തോളം കുപ്ര ബോൺ (Cupra Born) മോഡലുകളെയും ഈ നടപടി ബാധിക്കും. ഐ.ഡി.3, ഐ.ഡി.4, ഐ.ഡി.5, ഐ.ഡി. ബസ്സ് (ID.Buzz) എന്നീ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.

2022 ഫെബ്രുവരി മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തിറങ്ങിയ വാഹനങ്ങളാണ് ഇവ. ഇതിൽ 200-ൽ താഴെ ഐ.ഡി മോഡൽ വാഹനങ്ങൾ ആണ് മേൽ പറഞ്ഞ പ്രശ്നം കാരണം അയർലണ്ടിൽ ബാധിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കുപ്ര ബോൺ മോഡലുകളുടെ കൃത്യമായ എണ്ണത്തിനായി കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അയർലണ്ടിൽ ഇതുവരെ 18,403 ഐ.ഡി സീരീസ് കാറുകളും 1,578 കുപ്ര ബോൺ കാറുകളുമാണ് ആകെ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൈ-വോൾട്ടേജ് ബാറ്ററികളിലെ മോഡ്യൂളുകൾ വാഹനത്തിന്റെ റേഞ്ച് (ഒറ്റ ചാർജിൽ ഓടാവുന്ന ദൂരം) കുറയാൻ കാരണമായേക്കാം എന്നാണ് നോട്ടീസിൽ പറയുന്നത്. കൂടാതെ ഇത് തീപിടുത്തത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രശ്നം കാരണം വാഹനത്തിന്റെ ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ച് കുറയുകയോ അല്ലെങ്കിൽ വാഹനത്തിനുള്ളിലെ മഞ്ഞ നിറത്തിലുള്ള വാണിംഗ് ഇൻഡിക്കേറ്റർ തെളിയുകയോ ചെയ്തേക്കാം എന്ന് ഫോക്‌സ്‌വാഗൺ അയർലണ്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എങ്കിലും, ഈ തകരാറുമായി ബന്ധപ്പെട്ട് ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് കമ്പനി വ്യക്തമാക്കി.

തിരിച്ചുവിളിക്കുന്ന വാഹനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുകയും ഹൈ-വോൾട്ടേജ് ബാറ്ററി പരിശോധിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ ബാറ്ററിയുടെ മോഡ്യൂളുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യും. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സർവീസ് സെന്ററുകളിൽ സമയം നിശ്ചയിക്കുന്നതിനുമായി വരും ദിവസങ്ങളിൽ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments