2007 ട്വന്റി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ താന്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ ശേഷം ഒരിക്കല്‍ ബ്രോഡിന്റെ പിതാവ് തന്നെ കാണാന്‍ വന്നിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ താരം യുവരാജ് സിങ്. മുന്‍ ഇംഗ്ലിഷ് ക്രിക്കറ്റ് താരം കൂടിയായ ക്രിസ് ബ്രോഡ് തന്നെ കാണാന്‍ വരികയും, മകന് നല്‍കാനായി കയ്യൊപ്പിട്ട ഒരു ജേഴ്‌സി ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞ യുവി, ആ ജഴ്‌സി സ്റ്റുവര്‍ട്ട് ബ്രോഡ് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മൈക്കല്‍ വോണുമായി നടത്തിയ ഒരു സംഭാഷണത്തിനിടെയാണ് യുവരാജ് ഇക്കാര്യം ഓര്‍ത്തെടുത്തത്. 2007 സെപ്റ്റംബര്‍ 19-ന് ഓസ്‌ട്രേലിയയിലെ ഡര്‍ബനില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തിലാണ് സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഒരു ഓവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സുകള്‍ നേടിയത്. ഇംഗ്ലിഷ് ടീമിലെ മറ്റൊരു താരമായ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു യുവിയുടെ ഈ പ്രകടനം. മത്സരം ഇന്ത്യ 18 റണ്‍സിന് ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ആ മാച്ച് ഒരു ദുസ്വപ്‌നമായി മാറുകയായിരുന്നു.
പിന്നീടൊരിക്കല്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിന്റെ റഫറിയായി എത്തിയ ബ്രോഡിന്റെ പിതാവ് സ്റ്റുവര്‍ട്ട് ബ്രോഡ്, ‘എന്റെ മകന്റെ കരിയറാണ് തീര്‍ത്തുകളഞ്ഞത്’ എന്ന് തന്നോട് പറഞ്ഞതായും യുവി പറയുന്നു. എന്നാല്‍, ‘സര്‍, എന്നെ ആളുകള്‍ ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയിട്ടുണ്ട്. അതുകൊണ്ട് ആ വികാരം തനിക്ക് മനസിലാക്കാന്‍ സാധിക്കും’ എന്ന് മറുപടി നല്‍കിയെന്നും യുവി പറയുന്നു. തുടര്‍ന്നാണ് ജേഴ്‌സി ഒപ്പിട്ട് വാങ്ങിയത്. ‘എന്നെ അഞ്ച് സിക്‌സിന് പറത്തിയിട്ടുണ്ട്. എനിക്ക് അത് മനസിലാകും. ഏറ്റവും മികച്ചയാളായി നീ മാറുമെന്ന് ഞാന്‍ കരുതുന്നു’ എന്നും യുവി അതില്‍ എഴുതിക്കൊടുത്തിരുന്നു.
എന്നാല്‍ ഈയിടെയാണ് സമ്മാനമായി പിതാവില്‍ നിന്നും ആ ജേഴ്‌സി കിട്ടിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അത് ചവറ്റുകുട്ടയില്‍ കളഞ്ഞു എന്ന് താന്‍ വായിച്ചറിഞ്ഞതെന്ന് യുവരാജ് പറയുന്നു. അത് സ്വാഭാവികമാണ്, തനിക്കത് മനസിലാകുമെന്നും വോണുമായുള്ള സംഭാഷണത്തില്‍ യുവരാജ് പറഞ്ഞു. എന്നാല്‍ പിന്നീട് ബ്രോഡ് ക്രിക്കറ്റിലെ ഒരു ഇതിഹാസ താരമായി വളരുകയും, 600 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന വമ്പന്‍ നേട്ടത്തിലെത്തുകയും ചെയ്ത കാര്യവും യുവി ചൂണ്ടിക്കാട്ടി. ബ്രോഡിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തകര്‍ന്നുപോയേനെയെന്നും യുവരാജ് പറയുന്നു.
ടെസ്റ്റില്‍ 604 വിക്കറ്റുകളും, എകദിനത്തില്‍ 178 വിക്കറ്റുകളും നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് 2023-ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിനിടെ 2010-ലെ ട്വന്റി20 വേള്‍ഡ് കപ്പ് നേടിയ ടീമില്‍ അംഗമാകാനും അദ്ദേഹത്തിന് സാധിച്ചു. ഇംഗ്ലണ്ട് ജന്മം നല്‍കിയ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായാണ് 39-കാരനായ ബ്രോഡ് വിശേഷിപ്പിക്കപ്പെടുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments