വാളും ക്രിക്കറ്റ് ബാറ്റുമായി മെൽബണിൽ ഇന്ത്യക്കാർ തെരുവിൽ അടിച്ചു

By Rose Malayalam Desk

ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യക്കാരെന്ന് കരുതുന്ന ഒരു സംഘം ആളുകൾ തമ്മിൽ വാളുകളും ക്രിക്കറ്റ് ബാറ്റുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. തെരുവിൽ നടന്ന സംഘർഷത്തിൽ 15 മുതൽ 20 വരെ ആളുകൾ പങ്കെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ഏറ്റുമുട്ടലിനിടെ വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുണ്ട്.

മെൽബണിലെ Tarneit, Droomer Way-യിൽ ഒക്ടോബർ 4 ഞായറാഴ്ച പുലർച്ചെ 4.10ഓടെയാണ് സംഭവം നടന്നത്. സംഘർഷം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് ആളുകൾ പിരിഞ്ഞുപോയിരുന്നു. സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ച രണ്ട് വാഹനങ്ങളും വിവിധ ആയുധങ്ങളും രക്തക്കറകളും കണ്ടെത്തി.സംഘർഷത്തിൽ 23 വയസ്സുള്ള Tarneit സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. പുലർച്ചെ 4.39ഓടെ ഇയാൾ Werribee ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു.

43 വയസ്സുള്ള മറ്റൊരു Tarneit സ്വദേശിക്കും ശരീരത്തിന്റെ മുകൾഭാഗത്ത് ഗുരുതര പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് 22 മുതൽ 43 വയസ്സുവരെ പ്രായമുള്ള ആറുപേരെ Tarneit, Truganina മേഖലകളിൽനിന്ന് അറസ്റ്റ് ചെയ്തെങ്കിലും തുടർ അന്വേഷണത്തിന് വിധേയമായി വിട്ടയച്ചു. സംഘർഷത്തിൽ പങ്കെടുത്തവരിൽ കൂടുതൽ പേരെ തിരിച്ചറിയാനുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

സംഭവസ്ഥലത്തെ CCTV ദൃശ്യങ്ങളിൽ ഏകദേശം 17 പുരുഷന്മാരും ഏഴ് വാഹനങ്ങളും പുലർച്ചെ ഒന്നോടെ Droomer Way-യുടെ വടക്കൻ ഭാഗത്ത് ഒത്തുകൂടുന്നതായി കാണുന്നുണ്ട്. ഇവരിൽ ചിലരുടെ കൈവശം ബേസ്ബോൾ ബാറ്റുകൾ, ക്രിക്കറ്റ് ബാറ്റുകൾ, വാളുകൾ തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷത്തിനിടെ ഷോട്ട്ഗൺ ഉപയോഗിച്ചുള്ള വെടിയൊച്ച ഉണ്ടായതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ രണ്ട് വാഹനങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കറുത്ത Ford Ranger Raptor, ചുവന്ന Nissan Patrol എന്നിവയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ CCTV, ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.സംഘർഷത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments