നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർക്കും വേണ്ടിയും രോഗികളുടെ സുരക്ഷയ്ക്ക് വേണ്ടിയും നിലകൊണ്ട കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രി മേധാവിയെ ഒറ്റപ്പെടുത്തി HSE രംഗത്ത് വന്നത് അയർലൻഡിലെ ആരോഗ്യരംഗത്ത് പുതിയ വിവാദം ആകുന്നു.ജീവനക്കാരുടെ കുറവും രോഗികളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയ ആശുപത്രി CEO-യ്ക്ക് പിന്തുണയില്ലെന്ന് ആരോപണം. പാർലമെന്റ് ആരോഗ്യകാര്യ സമിതിയിലും HSE നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയർന്നു.
അയർലൻഡിലെ ആരോഗ്യരംഗത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (CUH) മേധാവിയും HSE നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് രൂക്ഷമായത് . ആശുപത്രിയിലെ നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന ജീവനക്കാരുടെ കുറവും അമിത ജോലിഭാരവും രോഗികളുടെ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തുറന്നുപറഞ്ഞ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ജെന്നിഫർ കിയേർണിയെ HSE നേതൃത്വം ഒറ്റപ്പെടുത്തുകയാണെന്ന വിമർശനമാണ് ശക്തമാകുന്നത്.
ആശുപത്രിയിൽ ഏകദേശം 1,000 ജീവനക്കാരുടെ കുറവുണ്ടെന്നും അടിയന്തരമായി 172 തസ്തികകളിലെങ്കിലും നിയമനം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ജെന്നിഫർ കിയേർണി നേരത്തെ HSE അധികൃതർക്ക് കത്തയച്ചിരുന്നു. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെയും രോഗികളുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും വിന്ററിൽ നിലവിലെ സാഹചര്യങ്ങൾ തുടരുന്നത് അപകടകരമാണെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ആശുപത്രിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ജെന്നിഫർ കിയേർണിയും HSE സൗത്ത് വെസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ഫിലിപ്സും തമ്മിലുള്ള ബന്ധം വഷളായെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുവരും തമ്മിൽ നടന്ന യോഗത്തിന്റെ രഹസ്യ ഓഡിയോ റെക്കോർഡിങ് പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. പ്രധാനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസുകളിൽനിന്ന് ചില നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങളും റെക്കോർഡിങ്ങിലുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നീട് ആൻഡി ഫിലിപ്സും തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.
പാർലമെന്റ് ആരോഗ്യകാര്യ സമിതിയിലും വിമർശനം
നവംബർ 18-ന് ചേർന്ന പാർലമെന്റിന്റെ ആരോഗ്യകാര്യ സമിതിക്ക് മുന്നിൽ HSE ചീഫ് എക്സിക്യൂട്ടീവ് ആൻ ഒ’കോണർ ഹാജരായതോടെ വിഷയം വീണ്ടും ചർച്ചയായി. ആശുപത്രി മേധാവിയും HSE നേതൃത്വവും തമ്മിലുള്ള തർക്കം, യോഗത്തിന്റെ മിനിറ്റുകൾ, ജീവനക്കാരുടെ കുറവ്, രോഗികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് സമിതി അംഗങ്ങൾ വിശദീകരണം തേടി.ആശുപത്രിയിലെ പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി ഉന്നയിക്കുന്ന രീതിയെ ആൻ ഒ’കോണർ വിമർശിച്ചു. അതേസമയം, CUH-യിലെ ജീവനക്കാരുടെ കുറവും ആശുപത്രിയിലെ പ്രവർത്തനസാഹചര്യങ്ങളും സംബന്ധിച്ച് സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രിയിൽ രോഗികളുടെ തിരക്ക്, എമർജൻസി വിഭാഗത്തിലെ സമ്മർദം, ഇടനാഴികളിൽവരെ ചികിത്സ നൽകേണ്ടിവരുന്ന സാഹചര്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.ആശുപത്രിയിലെ യഥാർഥ ജീവനക്കാരുടെ ആവശ്യകത സംബന്ധിച്ച് സ്വതന്ത്ര പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർ രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ തുറന്നുപറയുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടും സമിതി ചർച്ചയിൽ ഉയർന്നു.ആശുപത്രി മേധാവിയുടെ നിലപാടും HSE നേതൃത്വത്തിന്റെ പ്രതികരണവും തമ്മിലുള്ള ഭിന്നത അയർലൻഡിലെ ആരോഗ്യസംവിധാനത്തിൽ ജീവനക്കാരുടെ കുറവും ആരോഗ്യപ്രവർത്തകരുടെ തൊഴിൽസാഹചര്യങ്ങളും സംബന്ധിച്ച വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. രൂക്ഷമായ തൊഴിലാളിക്ഷാമം മൂലം മലയാളി നേഴ്സുമാരും കെയറർമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ വലിയ സമ്മർദമാണ് അനുഭവിക്കുന്നത്.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments