കുട്ടികളുടെ സുരക്ഷയിൽ കനത്ത വീഴ്ച; മെറ്റയ്ക്ക് ഒരു ബില്യൺ ഡോളർ പിഴ

By Rose Malayalam Desk

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിനാൽ മെറ്റയ്ക്ക് ഏകദേശം ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ (Meta) കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ കോടതി, കമ്പനിക്ക് മൊത്തം 942 മില്യൺ ഡോളർ (ഏകദേശം ഒരു ബില്യൺ ഡോളർ) നൽകാൻ ഉത്തരവിട്ടു.

മുൻപ് ജൂറി വിധിച്ച 375 മില്യൺ ഡോളർ പിഴയ്ക്കു പുറമെ, കുട്ടികൾക്കുണ്ടായ ദോഷഫലങ്ങൾ പരിഹരിക്കുന്നതിനായി 567 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് കോടതി നിർദേശിച്ചത്. ഇതിൽ വലിയൊരു വിഹിതം കുട്ടികളുടെ മാനസികാരോഗ്യ ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുക.ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ നൽകിയ ഹർജിയിലാണ് വിധി.

കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളിലേക്കും ലൈംഗിക ചൂഷണ ഭീഷണികളിലേക്കും മെറ്റയുടെ പ്ലാറ്റ്ഫോമുകൾ എത്തിച്ചുവെന്നും, ഉപയോക്തൃസുരക്ഷയെക്കാൾ ലാഭത്തിനാണ് കമ്പനി മുൻഗണന നൽകിയതെന്നും കോടതി നിരീക്ഷിച്ചു.വിധിയുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്കായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, പ്രായപരിശോധന ശക്തമാക്കാനും, കൗമാരക്കാരുടെ പ്ലാറ്റ്ഫോം ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനും മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി നിരവധി നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തലുകളോട് യോജിക്കാനാവില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments