Converse പരസ്യം വിവാദമായി; ഒടുവിൽ പിൻവലിച്ചു

By Rose Malayalam Desk

Converse പുറത്തിറക്കിയ പുതിയ പരസ്യത്തിന് അമേരിക്കയിലെ വലതുപക്ഷ തീവ്രവാദ സംഘടനയായ KKK യുടെയും അവർ നടത്തിയ വംശീയ കൂട്ടക്കൊലകളുമായും ദൃശ്യസൂചനകളുമായി സാമ്യമുണ്ടെന്ന വിമർശനം ഉയർന്നതോടെ പരസ്യം നീക്കി ക്ഷമാപണം നടത്തി കോൺവെർസ്. അമേരിക്കൻ ഫുട്‌വെയർ ബ്രാൻഡായ കോൺവെർസിന്റെ പുതിയ ഷൂ പരസ്യത്തിലെ ദൃശ്യങ്ങൾക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നത്. തുടർന്ന് കമ്പനി പരസ്യം പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

K-pop താരം Karinaയെ ഉൾപ്പെടുത്തി പുറത്തിറക്കിയ Chuck 70 X ക്യാമ്പയിന്റെ ഭാഗമായിരുന്നു വിവാദമായ ചിത്രം. ചിത്രത്തിലെ വെളുത്ത വസ്ത്രം, ലൈറ്റിങ്, ഫ്രെയിമിങ്, കൈയിൽ പിടിച്ചിരുന്ന ഷൂസുകളുടെ സ്ഥാനം എന്നിവ ചേർന്ന ദൃശ്യസംയോജനം Ku Klux Klan (KKK) അംഗങ്ങളുടെ കൂർത്ത വെള്ള ഹുഡിനെയും അവർ നടത്തിയ lynching-ന്റെ ചരിത്രപരമായ ദൃശ്യങ്ങളെയും ഓർമിപ്പിക്കുന്നതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുകയായിരുന്നു.

അമേരിക്കൻ ചരിത്രത്തിൽ വെള്ളവർഗ്ഗ മേധാവിത്വം (white supremacy) പ്രചരിപ്പിച്ചും കറുത്തവർഗക്കാരെ ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെ അടിച്ചമർത്തിയും പ്രവർത്തിച്ച സംഘടനയാണ് Ku Klux Klan. 1860-കളിൽ രൂപംകൊണ്ട KKK, പ്രത്യേകിച്ച് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ആഫ്രിക്കൻ-അമേരിക്കൻ ജനതയുടെ പൗരാവകാശങ്ങൾക്കെതിരായ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ സംഘടന വീണ്ടും ശക്തിപ്രാപിക്കുകയും കറുത്തവർഗക്കാരോടൊപ്പം കുടിയേറ്റക്കാർ, കത്തോലിക്കർ, ജൂതർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെയും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയും ചെയ്തു.

ഈ ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ അക്രമരീതികളിലൊന്നാണ് lynching. നിയമപരമായ വിചാരണയോ നീതിന്യായ നടപടികളോ കൂടാതെ ജനക്കൂട്ടം ഒരാളെ പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുന്ന വംശീയ ഭീകരതയ്ക്കാണ് ഈ പദം പ്രധാനമായും ഉപയോഗിക്കുന്നത്. അമേരിക്കയിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ാം നൂറ്റാണ്ടിന്റെ മധ്യംവരെ ആയിരക്കണക്കിന് lynching സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ വലിയൊരു വിഭാഗം ആഫ്രിക്കൻ-അമേരിക്കൻ ജനതയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. Smithsonian രേഖകൾ പ്രകാരം, ഇത്തരം നിരവധി ആക്രമണങ്ങളിൽ KKK ഉൾപ്പെടെയുള്ള വെള്ളവർഗ്ഗ മേധാവിത്വ ഗ്രൂപ്പുകൾക്ക് പങ്കുണ്ടായിരുന്നു.

ഈ ചരിത്രപശ്ചാത്തലമാണ് Converse പരസ്യത്തിലെ ദൃശ്യസാമ്യം കൂടുതൽ വിവാദമായത്.ചിത്രത്തിന്റെ ദൃശ്യസംയോജനം അത്തരത്തിലുള്ള ചരിത്രപരമായ പ്രതീകങ്ങളെ ഓർമിപ്പിക്കുന്നതായി വിമർശനം ഉയർന്നു. മറ്റൊരു Converse ചിത്രത്തിൽ മരക്കൊമ്പിൽ തൂക്കിയിട്ടിരിക്കുന്ന ഷൂസ് എടുക്കാൻ ഒരാൾ ഏണിയിൽ കയറുന്ന ദൃശ്യവും സമാന വിമർശനത്തിന് വിധേയമായി.

വിമർശനം ശക്തമായതിനു പിന്നാലെ Converse ചിത്രം സ്വന്തം സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് നീക്കി. “ഈ ചിത്രം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു; ഇക്കാര്യത്തിൽ ഞങ്ങൾക്ക് തെറ്റുപറ്റി” എന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ചിത്രം തങ്ങളുടെ ചാനലുകളിൽ നിന്ന് നീക്കം ചെയ്തതായും അത് പ്രത്യക്ഷപ്പെട്ട മറ്റ് ഇടങ്ങളിൽനിന്നും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതായും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് 27-ന് ആഗോളമായി പുറത്തിറക്കിയ Chuck 70 X ഷൂസിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ക്യാമ്പയിൻ. എന്നാൽ പരസ്യത്തിലെ ദൃശ്യങ്ങൾ അമേരിക്കയിലെ വംശീയ അക്രമത്തിന്റെ ചരിത്രവുമായി ബന്ധമുള്ള പ്രതീകങ്ങളുമായി സാമ്യമുണ്ടെന്ന വിമർശനം ഉയർന്നതോടെ, Converse-ന് പരസ്യം പിൻവലിക്കേണ്ട സാഹചര്യമുണ്ടാകുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments