വാട്ടർഫോർഡ്–കോർക്ക് അതിർത്തിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ N25 യിൽ യോൾ–ഡംഗാർവൻ റോഡിൽ പിൽടൗണിന് സമീപമാണ് അപകടമുണ്ടായത്.കാറും കോച്ചും തമ്മിൽ മുഖാമുഖം കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
ബസ്സിലുണ്ടായിരുന്ന ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഭൂരിഭാഗം പേരെയും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെങ്കിലും ചിലരെ കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ഡംഗാർവനിലും യോളിലും നിന്നുള്ള ഗാർഡ, ഫയർ സർവീസ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.ഏകദേശം ഒരു ഡസനോളം ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപകടസ്ഥലത്ത് പരിശോധനകൾ നടത്തുന്നതിനായി N25 റോഡ് അടച്ചിരിക്കുകയാണ്. കൊളിഷൻ സീൻ ഇൻവെസ്റ്റിഗേറ്റർമാർ സ്ഥലത്തെത്തി വിശദമായ പരിശോധനയും ഫോട്ടോഗ്രാഫിക് രേഖപ്പെടുത്തലും നടത്തും. ഇതുമൂലം റോഡ് കുറച്ചുസമയം കൂടി അടച്ചിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അപകടത്തിന് സാക്ഷികളായവർ ഗാർഡയെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. പ്രത്യേകിച്ച് ഞായറാഴ്ച വൈകിട്ട് 7 മണിക്കും 8 മണിക്കും ഇടയിൽ N25-ലൂടെ യാത്ര ചെയ്തിരുന്ന ഡാഷ്‌ക്യാം ഘടിപ്പിച്ച വാഹനങ്ങളുടെ ഡ്രൈവർമാരോട് ദൃശ്യങ്ങൾ അന്വേഷണ സംഘവുമായി പങ്കുവെക്കാൻ അഭ്യർഥിച്ചിട്ടുണ്ട്

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments