4,000 വർഷം പഴക്കമുള്ള ‘കമ്പ്യൂട്ടറിൽ’ കണക്കുകൂട്ടി മുതിർന്നവരെ പോലും അമ്പരപ്പിച്ച് കോർക്ക് സ്വദേശിയായ അർജുൻ

By Rose Malayalam Desk

അബാക്കസിൽ മിന്നൽ വേഗത്തിൽ കണക്കുകൂട്ടൽ; ഭാവിയിൽ ഡോക്ടറാകണമെന്നാണ് 10 വയസ്സുകാരന്റെ ആഗ്രഹം

4,000 വർഷത്തോളം പഴക്കമുള്ള മെസപ്പൊട്ടേമിയൻ കണക്കുകൂട്ടൽ ഉപകരണമായ അബാക്കസ് ഉപയോഗിച്ച് സങ്കീർണമായ ഗണിതപ്രശ്നങ്ങൾ അതിവേഗം പരിഹരിച്ച് ശ്രദ്ധ നേടുകയാണ് കോർക്കിൽ താമസിക്കുന്ന 10 വയസ്സുകാരൻ അർജുൻ പാണ്ഡുരംഗൻ. ഡഗ്ലസിലെ St Columba’s Boys National School വിദ്യാർഥിയായ അർജുൻ അബാക്കസിലെ കണക്കുകൂട്ടലിൽ മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന വേഗതയാണ് പ്രകടിപ്പിക്കുന്നത്.

2023 സെപ്റ്റംബറിലാണ് അർജുൻ അബാക്കസ് പഠനം ആരംഭിച്ചത്. മൂന്ന് വർഷം തികയുന്നതിന് മുമ്പ് തന്നെ അന്താരാഷ്ട്ര BYIC (British Youth International College) Abacus പ്രോഗ്രാമിൽ ലെവൽ 9 വരെ എത്തി. അബാക്കസ് അധിഷ്ഠിത ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്ന ആപ്പ് അധിഷ്ഠിത സംവിധാനമാണ് BYIC പ്രോഗ്രാം.അബാക്കസ് പഠനത്തിന് പുറമെ കഴിഞ്ഞ ഒരു വർഷമായി Python coding-ലും അർജുൻ പരിശീലനം നേടിയിട്ടുണ്ട്. Pictoblox Summer Programme, Creative Writing Summer Programme എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രാമർ പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

കോർക്കിലെ കുട്ടികൾക്കായി സന്നദ്ധപ്രവർത്തകർ നടത്തുന്ന CoderDojo പോലുള്ള പരിപാടികളിലും അർജുൻ സജീവമായി പങ്കെടുക്കുന്നു.ഗണിതത്തിൽ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പഠനത്തിന് പുറത്ത് വിവിധ മേഖലകളിലും അർജുന് താൽപര്യമുണ്ട്. പിയാനോ വായിക്കാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്ന അർജുന്റെ ഭാവി ലക്ഷ്യം ഒരു ഡോക്ടറാകുക എന്നതാണ്.

അർജുന്റെ അബാക്കസ് പഠനത്തിലെ പുരോഗതിയിൽ കുടുംബവും അഭിമാനം പ്രകടിപ്പിക്കുന്നു. വലിയ കണക്കുകൾ പോലും വളരെ എളുപ്പത്തിൽ പരിഹരിക്കുന്ന അർജുന്റെ കഴിവ് തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി അമ്മ ഉമ നെടുഞ്ചെഴിയൻ പറഞ്ഞു.BYIC Supermaths സ്ഥാപക ഡോ. രശ്മി മന്ത്രിയുടെ അഭിപ്രായത്തിൽ, പഠനം ചിട്ടയായതും കുട്ടികൾക്ക് ആസ്വാദ്യകരവുമായ രീതിയിൽ നൽകുമ്പോൾ അവരുടെ ആത്മവിശ്വാസവും കഴിവുകളും വേഗത്തിൽ വളരാൻ സാധിക്കും. അർജുനെപ്പോലുള്ള വിദ്യാർഥികളുടെ നേട്ടങ്ങൾ അതിന്റെ ഉദാഹരണമാണെന്നും അവർ പറഞ്ഞു.

ഇന്നത്തെ ഡിജിറ്റൽ കാൽക്കുലേറ്ററുകളുടെയും കമ്പ്യൂട്ടറുകളുടെയും കാലത്തും ആയിരക്കണക്കിന് വർഷം പഴക്കമുള്ള അബാക്കസ് കണക്കുകൂട്ടൽ രീതിക്ക് ഗണിതപഠനത്തിൽ പ്രാധാന്യമുണ്ടെന്ന് അർജുന്റെ പ്രകടനം വീണ്ടും തെളിയിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments