വിവാദ അധ്യാപകൻ എനോക്ക് ബർക്ക് അയർലൻഡിലെ ആർച്ച് ബിഷപ്പിനെ ആക്രമിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു

By Rose Malayalam Desk

അയർലൻഡിൽ ഏറെക്കാലമായി വിവാദങ്ങളുടെ കേന്ദ്രത്തിലുള്ള അധ്യാപകൻ എനോക്ക് ബർക്ക്, ചർച്ച് ഓഫ് അയർലൻഡിന്റെ ആർച്ച് ബിഷപ്പ് ജോൺ മക്ഡൊവലുമായി നടത്തിയ ഏറ്റുമുട്ടൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. സംഭവത്തിൽ ആർച്ച് ബിഷപ്പിനെ ആക്രമിച്ചെന്ന പരാതിയിൽ നോർത്തേൺ അയർലൻഡ് പോലീസ് അന്വേഷണം ആരംഭിച്ചു.

അർമാഗിലെ കത്തീഡ്രൽ പരിസരത്തുവെച്ചാണ് ഇരുവരും തമ്മിൽ വാക്കുതർക്കവും സംഘർഷാവസ്ഥയും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വീണ്ടും പൊതുചർച്ചയായിരിക്കുകയാണ്.

അയർലൻഡിലെ മയോ കൗണ്ടി സ്വദേശിയായ എനോക്ക് ബർക്ക് മുൻ ചരിത്ര, ജർമൻ ഭാഷാ അധ്യാപകനാണ്. വെസ്റ്റ്‌മീത്തിലെ വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, ഒരു ട്രാൻസ്‌ജെൻഡർ വിദ്യാർഥിയെ പുതിയ പേരിലും ‘They/Them’ സർവനാമങ്ങളിലും അഭിസംബോധന ചെയ്യണമെന്ന സ്കൂൾ നിർദേശത്തിനെതിരെ മതവിശ്വാസത്തിന്റെ പേരിൽ രംഗത്തെത്തിയതോടെയാണ് വിവാദത്തിലായത്. തുടർന്ന് സ്കൂൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. സ്കൂൾ പരിസരത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് പലതവണ ലംഘിച്ചതിനെത്തുടർന്ന് കോടതി അലക്ഷ്യക്കേസുകളിൽ വിവിധ ഘട്ടങ്ങളിലായി 700 ദിവസത്തിലധികം ജയിൽവാസവും അനുഭവിച്ചു. സ്കൂൾ നടപടിക്കെതിരായ നിയമപോരാട്ടം ഇപ്പോഴും അദ്ദേഹത്തിന്റെ വിവാദങ്ങളുടെ പ്രധാന പശ്ചാത്തലമാണ്.

ഒക്ടോബർ 29 വ്യാഴാഴ്ച അർമാഗിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന സംസ്കാരച്ചടങ്ങിനുശേഷമാണ് സംഭവം. ആർച്ച് ബിഷപ്പിനെ സമീപിച്ച ബർക്ക്, താൻ ജയിലിൽ കഴിഞ്ഞ സമയത്ത് സഭയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ കൈയിലും വസ്ത്രത്തിലും പിടിക്കുകയും വഴിതടയുകയും ചെയ്യുന്നതായി പുറത്തുവന്ന വീഡിയോയിൽ കാണാം. ഇതിനിടെ ആർച്ച് ബിഷപ്പ് തന്നെ ആക്രമിക്കുകയാണെന്ന് പലതവണ പറയുന്നതും പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ താൻ ആക്രമിക്കുകയല്ല, ചോദ്യം ചോദിക്കുകയാണെന്നാണ് ബർക്കിന്റെ പ്രതികരണം. ചർച്ച് ഓഫ് അയർലൻഡ് സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംസ്കാരച്ചടങ്ങിന്റെ ഗൗരവത്തെയും കത്തീഡ്രൽ പരിസരത്തിന്റെ പവിത്രതയെയും മാനിക്കാതെയാണ് ബർക്കും കുടുംബാംഗങ്ങളും ആർച്ച് ബിഷപ്പിനെ സമീപിച്ചതെന്നാണ് സഭയുടെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഭ പൂർണമായി സഹകരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ലെന്നും അറിയിച്ചു

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments