പോളണ്ടിൽ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ പിടിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ പാർവതി മായ ഷാജി അറസ്റ്റിലായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നടപടി.
പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഒരു കേസ്. കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയായ യുവാവിൽ നിന്ന് 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തുടർന്ന് പോളണ്ടിൽ ജോലി നൽകാതെ യുവാവിനെ സെർബിയയിലേക്ക് അയച്ചതായും പരാതിയിൽ പറയുന്നു.
മറ്റൊരു കേസിൽ അർമേനിയയിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പണം നൽകിയശേഷം ജോലി ലഭിച്ചില്ലെന്നും തുക തിരികെ നൽകിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. ആംസ്റ്റർ ഓവർസീസ്, ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതികൾ ഉയർന്നിരിക്കുന്നത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചുവെന്ന ആരോപണവും കേസിലുണ്ട്. പാർവതി മായയ്ക്കൊപ്പം സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിന് പിന്നാലെ പാർവതി മായയെ കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ടുകളുണ്ട്. .

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments