1995-ലാണ് കൃഷ്ണമൂർത്തി സാറിനെ ആദ്യമായി നേരിൽ കാണുന്നത്. എം ടി യുടെ ചില കഥാ സന്ദർഭങ്ങൾ കോർത്തിണക്കിക്കൊണ്ട് മൂർത്തിസാർ ഒരുക്കിയ ‘തുടക്കം’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കോട്ടയത്തെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ബീക്കണിന്റെ വേദിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള ചർച്ചയ്ക്കു വേണ്ടിയാണ് തിരുവനന്തപുരത്തു പോയി അദ്ദേഹത്തെ കാണുന്നത്. അന്നേ ദിവസം കനകക്കുന്ന് മ്യൂസിയം ഗ്രൗണ്ടിൽ നടക്കുന്ന ‘തുടക്ക’ത്തിന്റെ ഷോ കാണാൻ വേണ്ടിക്കൂടിയാണ് അദ്ദേഹം ഞങ്ങളെ അവിടേക്കു ക്ഷണിച്ചത്. വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള നൂറു കണക്കിനു ഗണപതിമാരുടെ ലോകമാണ് തൈക്കാടുള്ള അദ്ദേഹത്തിന്റെ വീടും പരിസരവും. അദ്ദേഹത്തിന്റെ വീടിന്റെ പേര് തന്നെ ‘ഗണേശം’ എന്നാണ്. 1995 ഡിസംബറിൽ കോട്ടയം സി എം എസ് കോളേജിന്റെ തുറസായ മൈതാനത്തു ‘തുടക്കം’ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിച്ചു. ടെക്നോളജി ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ശബ്ദത്തിന്റെ അകമ്പടിയിൽ പ്രകാശം കൊണ്ടുള്ള വിസ്മയക്കാഴ്ചകളും, കലാകാരന്മാരുടെ അവിസ്മരണീയമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ഒരത്ഭുത ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. രണ്ടാം ദിവസത്തെ ഷോ കാണാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലും, സംവിധായകൻ പ്രിയദർശനും എത്തിയ കാര്യം ഞങ്ങൾ സംഘാടകർ മാത്രമേ അറിഞ്ഞുള്ളൂ. മറ്റാരും അറിയാൻ പാടില്ലെന്ന ഉറപ്പിലാണ് അവർ വന്നത്.
പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ അടിസ്ഥാനമാക്കി മൂർത്തിസാർ ഒരുക്കിയ ‘മുറിവുകൾ’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ബീക്കണിന്റെ വേദിയിൽ അവതരിപ്പിച്ചു.
അദ്ദേഹവുമായുള്ള ബന്ധം ഞാൻ തുടർന്നു കൊണ്ടേയിരുന്നു. ബാങ്ക് ജോലി വിട്ട് അയർലണ്ടിലെത്തിയപ്പോൾ ഞാൻ കൂടി ഭാരവാഹിയായ ‘മലയാളം’ എന്ന കലാ സാംസ്‌കാരിക സംഘടന സൂര്യയുടെ അയർലണ്ട് ചാപ്റ്റർ ഏറ്റെടുത്തു. മൂന്നു വർഷം ‘മലയാള’ത്തിന്റെ വേദികളിൽ കൃഷ്ണമൂർത്തി സാറിന്റെ നേതൃത്വത്തിൽ മികവുറ്റ പരിപാടികൾ അരങ്ങേറി. സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലിഖാന്റെ മക്കളായ അയാൻ അലിഖാനും, അമാൻ അലിഖാനും അവതരിപ്പിച്ച സരോദ് കച്ചേരി, ഗോപിക വർമ്മയുടെ മോഹിനിയാട്ടം, സവിതാ ശാസ്ത്രിയുടെ ഭാരതനാട്യം തുടങ്ങിയവ അവയിൽ ചിലതു മാത്രം. പിന്നീട് പല കാരണങ്ങളാൽ സൂര്യയുടെ പരിപാടി അയർലണ്ടിൽ മുടങ്ങിപ്പോയെങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധം മുടങ്ങിയില്ല. 2014-ൽ എന്റെ മകൾ രഞ്ജിനിയുടെ വിവാഹത്തിന് തിരുവനന്തപുരത്തു ഞാൻ പോയി ക്ഷണിക്കുകയും, ചങ്ങനാശേരിയിൽ അദ്ദേഹം വന്നു പങ്കെടുക്കുകയും ചെയ്തു. അതിനു ശേഷവും പല തവണ അദ്ദേഹത്തിന്റെ ‘ഗണേശ’ത്തിൽ പോയി ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേക തരത്തിലുള്ള ഒരു തലപ്പാവ് (തൊപ്പി) ധരിക്കാതെ ഒരു പൊതു ഇടങ്ങളിലും അദ്ദേഹത്തെ നമ്മൾ കണ്ടിട്ടുണ്ടാവില്ല. അദ്ദേഹത്തിന് അതൊരു അലങ്കാരമായിരുന്നു. കലയോടുള്ള അഭിനിവേശം മുഴുവൻ ആ തലപ്പാവിനുള്ളിൽ ആവാഹിച്ചു വെച്ചിട്ടുണ്ട് എന്നു തോന്നിയാൽ അതിശയിക്കാനില്ല.
ISRO യിലെ ഒരു ശാസ്ത്രജ്ഞന്റെ കനപ്പെട്ട ജോലി ഉപേക്ഷിച്ചാണ് കലയ്ക്കു വേണ്ടി മൂർത്തിസാർ സ്വജീവിതം മാറ്റിവെച്ചത്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ. APJ അബ്ദുൾ കലാമിനൊപ്പം ഒരുമിച്ചു ജോലി ചെയ്ത കാലം അദ്ദേഹം പങ്കു വെച്ചതും ഞാനോർക്കുന്നു. സൂര്യയുടെ വേദികൾ പങ്കിട്ടിട്ടുള്ള ഇന്ത്യയിലെമ്പാടുമുള്ള പ്രശസ്തരായ കലാകാരന്മാരും കലാകാരികളും ആരൊക്കെയെന്നും എത്ര പേരെന്നും എണ്ണിത്തിട്ടപ്പെടുത്താനാവില്ല.
സൂര്യ = കൃഷ്ണമൂർത്തി
കൃഷ്ണമൂർത്തി = സൂര്യ
ഈ സമവാക്യം തിരുത്തിയെഴുതാൻ ഇനിയാരെങ്കിലും സൂര്യ എന്ന കലാസംസ്കാരിക സംഘടനയുടെ തലപ്പത്ത് എത്തിച്ചേരുമോ? ഉണ്ടാവില്ല എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പ്രിയപ്പെട്ട സൂര്യാ കൃഷ്ണമൂർത്തി സാറിന് അയർലണ്ടിലെ ‘മലയാളം’ എന്ന സംഘടനയുടെയും എന്റെ കുടുംബത്തിന്റെയും കണ്ണീർ പ്രണാമം.
രാജൻ ദേവസ്യ
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments