ബജറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി നഴ്സിംഗ് സംഘടനകൾ; നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്ത ബജറ്റെന്ന് INMOയും MNIയും

By Rose Malayalam Desk

അയർലൻഡ് സർക്കാരിന്റെ ബജറ്റ് 2027 പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐറിഷ് നഴ്സിംഗ് സംഘടനകൾ. ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനും (INMO) മൈഗ്രന്റ് നേഴ്സസ് അയർലൻഡും (MNI) ഉൾപ്പെടെയുള്ള സംഘടനകളുടെ വിമർശനം. ആശുപത്രികളിലെ ജീവനക്കാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിന് പകരം ആരോഗ്യസേവനങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

INMOയുടെ ജനറൽ സെക്രട്ടറി ഫിൽ നി ഷാഗ്ദ (Phil Ní Sheaghdha) MNI നാഷണൽ കൺവീനർ വർഗീസ് ജോയിയും ബജറ്റ് പ്രഖ്യാപനത്തിൽ നിരാശ രേഖപ്പെടുത്തി. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് സമയത്തിനും രോഗികളുടെ അമിത തിരക്കിനും പിന്നിലെ പ്രധാന കാരണങ്ങൾ ജീവനക്കാരുടെ കുറവും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാത്തതുമാണെന്ന് അവർ വ്യക്തമാക്കി.

ബജറ്റ് 2027 അന്തിമമാക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത ആഴ്ചയിൽ തന്നെ 1,136-ലധികം രോഗികൾ ആശുപത്രികളിൽ ട്രോളികളിൽ കിടന്ന് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടിവന്നതായി അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആശുപത്രികൾ നേരിടുന്ന കിടക്കകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കുറവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ ബജറ്റ് കാര്യമായ സംഭാവന നൽകുന്നില്ലെന്നും അവർ വിമർശിച്ചു.

നിലവിലെ ആരോഗ്യസംവിധാനത്തിൽ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും അധിക പരിശ്രമവും സന്നദ്ധസേവന മനോഭാവവും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് INMO യും MNI യും ചൂണ്ടിക്കാട്ടി. സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘വർക്ക് ടു റൂൾ’ വ്യവസായ നടപടികൾ ആരോഗ്യസേവനത്തിലെ നിരവധി പോരായ്മകൾ ജീവനക്കാരുടെ അധിക ഇടപെടലിലൂടെയാണ് നികത്തപ്പെടുന്നതെന്ന് വ്യക്തമാക്കുന്നതായും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.നിശ്ചിത ജോലി ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള ഈ പ്രതിഷേധനടപടി ആരോഗ്യസംവിധാനത്തിലെ ജീവനക്കാരുടെ കുറവും പ്രവർത്തനപരമായ വിടവുകളും എത്രത്തോളം ഗുരുതരമാണെന്ന് വെളിപ്പെടുത്തുന്നതായാണ് സംഘടനയുടെ നിലപാട്.

ആരോഗ്യമേഖലയിലെ പ്രതിസന്ധികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണണമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ആശുപത്രികളുടെ ശേഷി വർധിപ്പിക്കുകയും വേണമെന്നാണ് നഴ്സിംഗ് സംഘടനകളുടെ പ്രധാന ആവശ്യം. ബജറ്റിൽ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിമർശനമാണ് സംഘടനകൾ ഉയർത്തുന്നത്.നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനും സർക്കാർ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ നിർണായക പങ്കുവയ്ക്കുന്ന കുടിയേറ്റക്കാരായ നേഴ്സുമാരും വലിയ വെല്ലുവിളിയാണ് അയർലൻഡിൽ നേരിടുന്നത് എന്ന് MNI കൺവീനർ വർഗീസ് ജോയ് പറഞ്ഞു. രൂക്ഷമായ വിലക്കയറ്റവും ഹൗസിംഗ് ക്രൈസിസും കുടിയേറ്റക്കാരായ നേഴ്സുമാരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്നും ഈ കാര്യങ്ങളെ ഗൗരവമായി ബജറ്റ് സമീപിച്ചിട്ടില്ല എന്നും വർഗീസ് ജോയ് ആരോപിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments