കോഴിക്കോട് ജില്ലയിലെ കല്ലുരുട്ടിയിൽ SMA (Spinal Muscular Atrophy) ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കേരളം ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കുമ്പോൾ ക്യാമ്പയിന് തിരിച്ചടിയായി ആരോഗ്യ മന്ത്രി കെ മുരളീധരന്റെ തെറ്റായ പ്രസ്താവന . 50 കോടി രൂപ ചെലവ് വരുന്ന ജീൻ തെറാപ്പിക്കായി ഇതിനകം 33 കോടി രൂപ സമാഹരിച്ചെങ്കിലും, ലക്ഷ്യത്തിലെത്താൻ ഇനി 17 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
നിർണായകമായ ദിവസങ്ങൾ മാത്രം ശേഷിക്കെ, ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഫണ്ട് സമാഹരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. മനോരമയും ഏഷ്യാനെറ്റും ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളെല്ലാം ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാധാരണക്കാർ മുതൽ പ്രമുഖ വ്യക്തികൾ വരെ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. എം.എ. യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖരും സാമ്പത്തിക സഹായം നൽകിയതോടെ, വലിയൊരു തുക ഇതിനകം സമാഹരിക്കാൻ കഴിഞ്ഞു. നിരവധി സന്നദ്ധപ്രവർത്തകരും സംഘടനകളും രാവും പകലും വിശ്രമമില്ലാതെ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലക്ഷ്യത്തിലേക്ക് അടുത്തെത്തിയെങ്കിലും അവസാനത്തെ 17 കോടി രൂപ കണ്ടെത്തുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്.ഇതിനിടെയാണ് സർക്കാർ സൗജന്യമായി മരുന്ന് നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുതിയ വിവാദത്തിനും ആശങ്കയ്ക്കും ഇടയാക്കിയത്.

SMA ചികിത്സയ്ക്കായി സർക്കാർ നൽകുന്ന Generic Risdiplam, Natco Pharma ഇന്ത്യയിൽ പുറത്തിറക്കുന്ന മരുന്നാണ്. എന്നാൽ കുഞ്ഞുങ്ങൾക്കായി പണം സമാഹരിക്കുന്നത് ഈ മരുന്നിനല്ല, മറിച്ച് രോഗത്തിന്റെ അടിസ്ഥാന ജനിതക പ്രശ്നത്തെ ലക്ഷ്യമിടുന്ന ജീൻ തെറാപ്പിക്കാണ് എന്നാണ് ക്യാമ്പയിനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.Zolgensma എന്ന മരുന്നാണ് ഈ ജീൻ തെറാപ്പിക്കായി ആവശ്യമായത്. ഒറ്റത്തവണ നൽകുന്ന ഈ ചികിത്സ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ SMA-യുടെ അടിസ്ഥാന ജനിതക പ്രശ്നത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ്. Risdiplam-ഉം Zolgensma-യും ഒരേ ചികിത്സയല്ലെന്നും, ഇവയുടെ ലക്ഷ്യവും ചികിത്സാരീതിയും വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മരുന്നുകളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്ത പൊതുജനങ്ങൾക്കിടയിൽ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചു. ക്യാമ്പയിനു വേണ്ടി വാർത്ത കൊടുത്ത റോസ് മലയാളത്തിന് ഉൾപ്പെടെ ഇനി ഞങ്ങൾ പൈസ അയക്കേണ്ടതുണ്ടോ എന്ന് ആളുകൾ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്.സർക്കാർ മരുന്ന് നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും വലിയ തുക സമാഹരിക്കുന്നതെന്ന ചോദ്യം ഉയരുന്നത്, കുഞ്ഞുങ്ങൾക്കായി സഹായിക്കാൻ തയ്യാറായ ആളുകളുടെ സംഭാവനകളെ ബാധിക്കുമെന്ന ആശങ്കയാണ് സഹായപ്രവർത്തകർ പങ്കുവയ്ക്കുന്നത്.
മത-രാഷ്ട്രീയ ഭേദമന്യേ കേരളം ഒന്നിച്ചുനിന്ന് നടത്തുന്ന ഒരു ജീവൻരക്ഷാ പോരാട്ടമാണിത്. 33 കോടി രൂപയോളം സമാഹരിക്കാൻ കഴിഞ്ഞത് ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഇനി വേണ്ടത് 17 കോടി രൂപ കൂടി. ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ ശ്രമത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും, ഉണ്ടായ തെറ്റിദ്ധാരണകൾ തിരുത്തണമെന്നും ആരോഗ്യമന്ത്രിയോട് അഭ്യർത്ഥന ഉയരുന്നു.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments