അയർലൻഡിലെ ആ തണുത്ത സായാഹ്നത്തിൽ ‘ഇൻസോമ്നിയ’ എന്ന കാപ്പിക്കടയിലേക്ക് കയറുമ്പോൾ, ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും നെഞ്ചിൽ ഒരു കല്ല് എടുത്തുവെച്ചതുപോലത്തെ ഭാരമുണ്ടായിരുന്നു. ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്—പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിൽ വെച്ച് നമ്മളെ പിടിച്ചുലയ്ക്കും. വലിയൊരു പ്രതിസന്ധിയുടെ നടുവിൽ നിൽക്കുമ്പോഴാണ്, ഒന്ന് ശ്വാസം വിടാൻ വേണ്ടി ഞാനും സുഹൃത്തും കുടുംബസമേതം ആ കാപ്പിക്കടയിൽ എത്തിയത്.
ചൂടുള്ള ലാറ്റെയുടെ ആവി മുഖത്തടിച്ചപ്പോൾ മനസ്സിലെ മഞ്ഞുരുകിത്തുടങ്ങി. തുടക്കത്തിൽ സങ്കടങ്ങളും ആവലാതികളുമായിരുന്നു സംസാരം മുഴുവൻ. പക്ഷേ, സങ്കടങ്ങൾക്ക് ഒരു സ്വഭാവമുണ്ട്; അത് കേൾക്കാൻ അപ്പുറത്ത് ഒരു കാതുണ്ടെങ്കിൽ, പതിയെ അതിന്റെ ഭാരം കുറയും. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഞങ്ങളുടെ പ്രതിസന്ധികളെല്ലാം മറന്ന് പുതിയ കാര്യങ്ങളിലേക്കും പഴയ തമാശകളിലേക്കും കടന്നു. കടയ്ക്കുള്ളിലെ നേർത്ത സംഗീതവും കാപ്പിയുടെ മണവും ഞങ്ങളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്.ഞങ്ങളുടെ മേശയ്ക്കരികിലൂടെ ഒരു വൃദ്ധ നടന്നുപോകുന്നു. എൺപത്തഞ്ച് വയസ്സെങ്കിലും പ്രായം കാണും. കാലുകൾക്ക് ഉറപ്പില്ല. നിലത്ത് തപ്പിയും തടഞ്ഞുമാണ് നടത്തം. പെട്ടെന്ന്, ഞങ്ങളുടെ മുന്നിലെത്തിയപ്പോൾ അവരുടെ കാൽ എന്തിലോ തട്ടി. ഒരു നിമിഷം! ശ്വാസം നിലച്ചുപോയതുപോലെ തോന്നി. അവർ മുന്നോട്ട് മറിഞ്ഞുവീഴാൻ തുടങ്ങിയതും, എന്റെ സുഹൃത്ത് മിന്നൽവേഗത്തിൽ എഴുന്നേറ്റ് അവരെ താങ്ങി. അവർ അവന്റെ തോളിൽ മുറുകെ പിടിച്ചു. ആ വിറയ്ക്കുന്ന കൈകളിലെ തണുപ്പ് അവന്റെ കോട്ടിനുള്ളിലൂടെ തുളച്ചുകയറുന്നത് ഞങ്ങൾ കണ്ടു.
“സാരമില്ല, ഞാൻ പിടിച്ചോളാം,” സുഹൃത്ത് അവരെ പതിയെ നേരെ നിർത്തി.അവർ ഒന്ന് കിതച്ചു. എന്നിട്ട് നേർത്തൊരു പുഞ്ചിരിയോടെ “താങ്ക്യൂ ഡിയർ…” എന്ന് മന്ത്രിച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നുപോയി.അവർ പോയ വഴിയേ നോക്കിയിരുന്ന എന്നോട് സുഹൃത്ത് പതിയെ പറഞ്ഞു: “അവരെ എനിക്കറിയാം. ഇവിടെ അടുത്താണ് താമസം. തനിച്ചാണ്. ഈ കാപ്പിക്കട രാവിലെ തുറക്കുമ്പോൾ തന്നെ അവർ ഇവിടെയെത്തും. പിന്നെ രാത്രി കടയടയ്ക്കുമ്പോഴേ തിരിച്ചു വീട്ടിൽ പോകൂ.”ആ വാക്കുകൾ എന്റെ ഉള്ളിൽ വല്ലാതെ തറച്ചു. പിന്നീടുള്ള സമയം മുഴുവൻ എന്റെ ശ്രദ്ധ സംസാരത്തിലായിരുന്നില്ല, ആ വൃദ്ധയിലായിരുന്നു…
കടയുടെ പ്രധാന വാതിലിനോട് ചേർന്നുള്ള ഒരു ഒറ്റപ്പെട്ട മേശയിലാണ് അവർ ഇരിക്കുന്നത്. അവിടെ ഒഴിഞ്ഞുകിടക്കുന്ന നാലഞ്ചു കാപ്പിക്കപ്പുകൾ നിരത്തിവെച്ചിട്ടുണ്ട്! അതിന്റെ അർത്ഥം വ്യക്തമാണ്….രാവിലെ മുതൽ അവർ അവിടെ ഇരിക്കുകയാണ്. ഒരിടത്ത് വെറുതെ ഇരിക്കാൻ അനുവാദമില്ലാത്തതുകൊണ്ട്, ഓരോ മണിക്കൂറിലും ഓരോ കാപ്പി വാങ്ങി, അത് അല്പാല്പമായി കുടിച്ച് സമയം തള്ളിനീക്കുന്നു…..
കടയിൽ നല്ല തിരക്കുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് വരുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് അവർ വലിയ പ്രതീക്ഷയോടെ നോക്കി ചിരിക്കുന്നുണ്ട്. ചിലർ ആ ചിരി കണ്ട് തിരിച്ചു ചിരിക്കും, രണ്ടു വാക്ക് കുശലം പറയും. അപ്പോൾ ആ ചുളിഞ്ഞ മുഖത്ത് ഒരു കുഞ്ഞിന്റേതുപോലുള്ള തിളക്കം വരുന്നത് കാണാം. പക്ഷേ, ഭൂരിഭാഗം പേരും അവരെ കണ്ടഭാവം പോലും നടിക്കാതെ, മൊബൈലിൽ നോക്കിയും തിരക്ക് കാണിച്ചും അവരെ മറികടന്നു പോകുന്നു….അപ്പോഴൊക്കെയും അവരുടെ ആ ചിരി പതിയെ മാഞ്ഞ്, മേശപ്പുറത്തെ തണുത്ത കാപ്പിയിലേക്ക് കണ്ണുകൾ താഴും…
എന്തുകൊണ്ടോ ആ കാപ്പിക്കടയുടെ പേര്’…ഇൻസോമ്നിയ…’ (ഉറക്കമില്ലായ്മ)…ആ നിമിഷം എനിക്ക് വല്ലാത്തൊരു വിരോധാഭാസമായി തോന്നി. രാത്രികളിൽ ഒറ്റയ്ക്ക് കിടന്നുറങ്ങാൻ കഴിയാത്തതുകൊണ്ടല്ലേ, പകൽ മുഴുവൻ മനുഷ്യരുടെ ശബ്ദം കേൾക്കാൻ വേണ്ടി അവർ ഇവിടെ വന്നിരിക്കുന്നത്?പെട്ടെന്ന്, ഞങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ആ വലിയ പ്രതിസന്ധി എനിക്ക് വളരെ ചെറുതായി തോന്നി….ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏത് വലിയ പ്രശ്നവും, അത് പണത്തിന്റേതാകട്ടെ, ജോലിയുടേതാകട്ടെ, മറ്റെന്തെങ്കിലുമാകട്ടെ…..അത് പങ്കുവെക്കാൻ കൂടെ ഒരാളുണ്ടെങ്കിൽ നമുക്ക് അതിജീവിക്കാം. ഒരു നെടുവീർപ്പിലൂടെയോ, ഒരു തോളിൽ ചാഞ്ഞോ നമുക്ക് ആ ഭാരം ഇറക്കിവെക്കാം. പക്ഷേ, ഒറ്റപ്പെടൽ അങ്ങനെയല്ല. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.
ഒരുപക്ഷേ, നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപവും അതുതന്നെയായിരിക്കാം…ആരൊക്കെയോ ഉള്ളപ്പോഴും, ആരുമില്ലാതെ പോകുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുള്ള വീടുകളിൽ ശ്വാസം മുട്ടി ഇരിക്കുന്നുണ്ടാകും! നമ്മളാരും അവരെക്കുറിച്ച് ചിന്തിക്കുന്നില്ല, അന്വേഷിക്കുന്നില്ല. നമ്മുടെ ചെറിയ ലോകങ്ങളിലും തിരക്കുകളിലും നമ്മൾ സുരക്ഷിതരാണ്….
കാപ്പി കുടിച്ചു കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു. പുറത്തേക്കിറങ്ങാൻ നേരം ഞാൻ ആ വാതിലിനരികിലുള്ള മേശയുടെ അടുത്തുചെന്നു. അഞ്ചാമത്തെ കാപ്പിക്കപ്പ് പകുതിയാക്കി, വാതിലിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു അവർ.പോകാൻ നേരം ഞാൻ അവരുടെ അരികിലൂടെയാണ് നടന്നത്. വെറുതെ ഒന്ന് നിന്നു, അവരെ നോക്കി ചിരിച്ചു. “പുറത്ത് നല്ല തണുപ്പാണ്, സൂക്ഷിച്ചു പോകണേ,” എന്ന് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ടാവും, ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നെ ആ മുഖം വല്ലാതെ തെളിഞ്ഞു. “താങ്ക്യൂ ഡിയർ, ഹാവ് എ ലവ്ലി ഈവനിംഗ്,” എന്ന് അവർ തിരിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. ആ ചിരിയിൽ ഒരു ദിവസത്തെ മുഴുവൻ കാത്തിരിപ്പിന്റെയും ആശ്വാസമുണ്ടായിരുന്നു.തിരിച്ചു കാറിലേക്ക് നടക്കുമ്പോൾ അയർലൻഡിലെ ആ തണുപ്പിന് പഴയതുപോലെ കടുപ്പമില്ലായിരുന്നു.
കാപ്പിക്കടയിലേക്ക് കയറുമ്പോൾ ഉണ്ടായിരുന്ന അതേ പ്രതിസന്ധികൾ തന്നെയാണ് ഇപ്പോഴും ഞങ്ങളുടെ മുന്നിലുള്ളത്; ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല. ജീവിതം എത്ര വലിയ കൊടുങ്കാറ്റായി ആഞ്ഞടിച്ചാലും, നമ്മൾ ശരിക്കും തകർന്നുപോകുന്നത് പ്രശ്നങ്ങളുടെ ഭാരം കൊണ്ടല്ല, ആ ഭാരം താങ്ങാൻ കൂടെ ആരുമില്ലാതെ വരുമ്പോഴാണ്. ആ കൊടുങ്കാറ്റിന് നടുവിൽ ഒന്ന് ചേർത്തുപിടിക്കാൻ, “സാരമില്ല, നമ്മൾ ഇതിനെയും കടന്നുപോകും” എന്ന് പറയാൻ പ്രിയപ്പെട്ടവർ കൂടെയുണ്ടെങ്കിൽ… ഏത് വലിയ പ്രതിസന്ധിയും വെറുമൊരു കാലാവസ്ഥ മാത്രമാണ്, അത് കടന്നുപോകും. ആ തിരിച്ചറിവിന്റെ ചൂടിൽ, ഞങ്ങൾ ആ രാത്രിയിലൂടെ വീട്ടിലേക്ക് മടങ്ങി….. !
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments