ഡബ്ലിനിൽ താമസിക്കുന്ന ദിനേശും ജോൺസും സനൂപും കുറച്ചുകാലമായി ഒരു ഫിഷിംഗ് ട്രിപ്പ് പ്ലാൻ ചെയ്യുകയായിരുന്നു.മൂന്നുപേരുടെയും ജോലിയും കുടുംബകാര്യങ്ങളും കാരണം ഓരോ തവണയും എന്തെങ്കിലും തടസ്സം വരും. ഒരാൾക്ക് സമയം കിട്ടുമ്പോൾ മറ്റൊരാൾക്ക് ജോലി. എല്ലാവരും ഫ്രീ ആകുന്ന ദിവസം കാലാവസ്ഥ മോശം.വീക്കെൻഡ് നോക്കി ഒടുവിൽ ഒരു ശനിയാഴ്ച മൂന്നുപേർക്കും സൗകര്യമായി ഒത്തുവന്നു.വെള്ളിയാഴ്ച രാത്രി ദിനേശ് വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടു.
“നാളെ രാവിലെ അഞ്ചരയ്ക്ക് ഞാൻ വണ്ടിയുമായി എത്തും. രണ്ടുപേരും റെഡി ആയിരിക്കണം.”
ജോൺസിന്റെ റിപ്ലൈ ഉടനെ വന്നു.“എന്തുവാടേ… അഞ്ചരയ്ക്കോ? ആ സമയത്ത് മീനുകൾ പോലും ഉറങ്ങുകയായിരിക്കും.”
സനൂപ് പിന്നാലെ ടെക്സ്റ്റ് ചെയ്തു.“മീൻ കിടന്ന് ഉറങ്ങട്ടെ. നീ സമയത്തിന് എഴുന്നേറ്റാൽ മതി.”
“ഒരു കാര്യം കൂടി,” ദിനേശ് പറഞ്ഞു. “തിരികെ ഷാർപ് നാലുമണിക്ക് അവിടെനിന്ന് ഇറങ്ങണം. വൈകിട്ട് വീട്ടിൽ എത്തണം.”
“നാലുമണിക്ക് ഫിഷിംഗ് റോഡ് എല്ലാം കാറിനകത്തായിരിക്കും.”ജോൺസ് ഉറപ്പ് നൽകി.
സനൂപ് ഒരു ലാഫിംഗ് ഇമോജി ഇട്ടു.“നീ പറഞ്ഞത് സ്ക്രീൻഷോട്ട് എടുത്തുവെക്കാം.”
അന്ന് രാത്രി ആ സംഭാഷണം അവസാനിക്കുമ്പോൾ, അടുത്ത ദിവസം നാലുമണിക്ക് മുമ്പ് ഹൗത്തിൽനിന്ന് തിരികെ പോകാൻ കഴിയുമോ എന്നതിനെക്കുറിച്ച് അവരിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.ശനിയാഴ്ച പുലർച്ചെ അവർ യാത്ര തിരിച്ചു.ഓൺ ദ വേ കോഫി വാങ്ങി. പഴയ കഥകളും നാട്ടിലെ വിശേഷങ്ങളും പറഞ്ഞ്, പരസ്പരം കളിയാക്കി യാത്ര തുടർന്നു.ഹൗത്തിലെത്തുമ്പോൾ ആറര കഴിഞ്ഞിരുന്നു.ആകാശം പൂർണമായി തെളിഞ്ഞിരുന്നില്ല.കടലിന് മുകളിൽ നേർത്ത മൂടൽമഞ്ഞ്. തണുത്ത കാറ്റിൽ ഉപ്പിന്റെ മണം.
ഫിഷിംഗ് ഗിയർ എടുത്ത് നടക്കുന്നതിനിടയിൽ ജോൺസ് ചോദിച്ചു:“ഇത്ര രാവിലെ വന്ന് മീൻ കിട്ടിയില്ലെങ്കിൽ?”
ദിനേശ് പറഞ്ഞു:“നിന്നെ ഹുക്കിൽ കെട്ടി എറിയാം.”
“അപ്പോൾ വലിയ മീൻ ഉറപ്പായും വരും,” സനൂപ് പറഞ്ഞു.മൂന്നുപേരും ചിരിച്ചു.
കടലിനോട് ചേർന്ന പാറക്കെട്ടുകളിൽ സൗകര്യമുള്ള ഒരു സ്ഥലം കണ്ടെത്തി. റോഡുകൾ തയ്യാറാക്കി. ഫ്ലാസ്കിലെ ചായയും സാൻഡ്‌വിച്ചുകളും പുറത്തെടുത്തു.ആദ്യത്തെ ഒരു മണിക്കൂർ മീനിനെക്കാൾ കൂടുതൽ കിട്ടിയത് തമാശകളായിരുന്നു.ഒടുവിൽ ദിനേശിന്റെ ലൈൻ വലിഞ്ഞു.“എടാ… കിട്ടി!”അവൻ റീൽ തിരിച്ചു.വലിയതൊന്നുമല്ല.എങ്കിലും അന്നത്തെ ആദ്യത്തെ മീൻ – മാക്കറൽ!
ജോൺസ് ഉടൻ ഫോൺ എടുത്തു.“ഫോട്ടോ വേണം. ഇല്ലെങ്കിൽ വീട്ടിൽ ആരും വിശ്വസിക്കില്ല.”
മീൻ കൈയിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദിനേശ് നടുവിൽ നിന്നു. ജോൺസും സനൂപും ഇരുവശത്തും.ഒരു ഗ്രൂപ്പ് സെൽഫി.
“ആ, ഇത് മതി.”പിന്നെ പിടിച്ച മീനിനെ തിരികെ വെള്ളത്തിലേക്ക് വിട്ടു.ഉച്ചവരെ കാര്യമായൊന്നും സംഭവിച്ചില്ല.പന്ത്രണ്ടരയോടെ സനൂപിന്റെ ലൈൻ എവിടെയോ ശക്തമായി കുടുങ്ങി.“റോക്ക് ആയിരിക്കും,” ദിനേശ് പറഞ്ഞു.
“റോക്ക് ആണെങ്കിൽ ഇത്ര മൂവ് ചെയ്യുമോ?”സനൂപ് റീൽ വലിച്ചുകൊണ്ട് ചോദിച്ചു.
കുറച്ചുനേരത്തെ ശ്രമത്തിനുശേഷം എന്തോ വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് വന്നു.
“ഇത് മീനൊന്നുമല്ല. വെറുതെ സമയം കളഞ്ഞു.”സനൂപിന്റെ സ്വരത്തിൽ നിരാശയും ദേഷ്യവും കലർന്നിരുന്നു.
കറുത്ത ഒരു ചെറിയ വാട്ടർപ്രൂഫ് പൗച്ചായിരുന്നു കുടുങ്ങിയത്
.“ട്രഷർ!”ജോൺസ് വിളിച്ചുപറഞ്ഞു.
“സനൂപേ, അത് തുറക്കണ്ട. ചവറായിരിക്കും,” ദിനേശ് പറഞ്ഞു.
പക്ഷേ ജോൺസ് അതിനകം പൗച്ച് കൈയിലെടുത്തിരുന്നു.
“ഇത്ര കഷ്ടപ്പെട്ട് കടൽ തന്ന ഗിഫ്റ്റ് അല്ലേ. നമുക്ക് നോക്കിക്കളയാം.”
അതിന്റെ സിബ് തുരുമ്പിച്ചിരുന്നു.കുറച്ച് ശ്രമിച്ചപ്പോൾ തുറന്നു.അകത്ത് ഒരു പഴയ മൊബൈൽ ഫോൺ.ഒരു ചെറിയ കീ.പിന്നെ സിപ് സീൽ കവറിൽ പൊതിഞ്ഞ ഒരു ഫോട്ടോഗ്രാഫ്.സനൂപ് ഫോട്ടോഗ്രാഫ് പുറത്തെടുത്തു.ഒരു മലയാളി യുവാവ്.ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നും.ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ കടലും പാറകളും.
“ഇവിടെ എടുത്ത ഫോട്ടോ പോലെയുണ്ട്,” ജോൺസ് പറഞ്ഞു.
സനൂപ് ഫോട്ടോഗ്രാഫ് തിരിച്ചു നോക്കി.പിന്നിൽ പേനകൊണ്ട് എന്തോ എഴുതിയിരിക്കുന്നു.14 സെപ്റ്റംബർഅതിന് താഴെ മങ്ങിയ മറ്റൊരു വരി.4 മണിക്ക് മുന്നേ.
“മലയാളം?”
ദിനേശ് ഫോട്ടോഗ്രാഫ് വാങ്ങി നോക്കി.
“അതെ.” “ഇന്നത്തെ ഡേറ്റ് എന്താ?” ജോൺസ് ചോദിച്ചു.
സനൂപ് ഫോൺ എടുത്തു.സെപ്റ്റംബർ 14കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.പിന്നെ ദിനേശ് ചിരിച്ചു.
“ഇയർ എഴുതിയിട്ടില്ലല്ലോ. അഞ്ചോ പത്തോ വർഷം മുമ്പുള്ളതായിരിക്കും.”
അതുതന്നെയായിരിക്കുമെന്ന് എല്ലാവർക്കും തോന്നി.പൗച്ച് ഒരു വശത്ത് വെച്ചു.ഫിഷിംഗ് വീണ്ടും തുടങ്ങി.ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞതോടെ കാലാവസ്ഥ മാറിത്തുടങ്ങി.കാറ്റിന് ശക്തി കൂടി.മൂടൽമഞ്ഞും കട്ടിയായിത്തുടങ്ങി.ദൂരെയുണ്ടായിരുന്ന ആളുകളെ പതിയെ കാണാതായി.
“ഗയ്സ്, വേഗമാവട്ടെ. പറഞ്ഞപോലെ നമുക്ക് മൂന്നരയ്ക്ക് പാക്ക് അപ്പ് ചെയ്യാം,” ദിനേശ് പറഞ്ഞു.
ഇത്തവണ ആരും എതിർത്തില്ല.3:40 ആയപ്പോൾ എല്ലാവരും റോഡുകൾ മടക്കി.ബാഗ് പാക്ക് ചെയ്യുന്നതിനിടയിൽ സനൂപ് ചോദിച്ചു:
“ഇനി ഈ പൗച്ച് എന്തുചെയ്യും? നമുക്കിത് പാര ആകുമോ?”
“നമുക്കിത് കൊണ്ടുപോകാം. ഗാർഡ സ്റ്റേഷനിൽ കൊടുക്കാം.”ജോൺസ് അത് എടുത്തു.
അപ്പോൾ പൗച്ചിന്റെ അകത്തുണ്ടായിരുന്ന പഴയ ഫോൺ കൈയിൽനിന്ന് വഴുതി പാറയിലേക്ക് വീണു.ഫോണിന്റെ സ്ക്രീൻ ഒരു നിമിഷം മിന്നിത്തെളിഞ്ഞു.മൂന്നുപേരും അത് കണ്ടു.3:47പിന്നെ സ്ക്രീൻ വീണ്ടും ഡാർക്ക് ആയി.
“എനിക്ക് തോന്നിയതാണോ? ഇത് വർക്ക് ചെയ്യുന്നുണ്ടോ?” സനൂപ് ചോദിച്ചു.
“ഞാനും കണ്ടു!”
ഇത്തവണ ജോൺസും ദിനേശും ഒരേ സ്വരത്തിൽ പറഞ്ഞു.
ജോൺസ് ഫോണിന്റെ പവർ ബട്ടൺ അമർത്തി.ഒന്നുമില്ല.വീണ്ടും അമർത്തി.ഒരു അനക്കവുമില്ല.ദിനേശ് സമയം നോക്കി.
“ഗയ്സ്, നമുക്ക് പെട്ടെന്ന് പോകാം.”
അവർ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. കുറച്ച് ദൂരമുണ്ട്.പത്ത് പതിനഞ്ച് മിനിറ്റെങ്കിലും നടന്നിട്ടുണ്ടെന്ന് അവർക്കു തോന്നി.മൂടൽമഞ്ഞ് കാരണം മുന്നിലെ വഴി പോലും വ്യക്തമായിരുന്നില്ല.ഗൂഗിൾ മാപ് തുറന്നപ്പോൾ ലൊക്കേഷൻ കിട്ടുന്നില്ല.
“നമ്മൾ നടക്കുന്നത് റോങ് ഡയറക്ഷൻ ആണോ?” സനൂപ് ചോദിച്ചു.
“അല്ല. ഇതുതന്നെയാണ് വന്ന വഴി.”
അവർ കുറച്ചുകൂടി നടന്നു.അപ്പോൾ ജോൺസ് പെട്ടെന്ന് നിന്നു.മുന്നിലെ പാറയിൽ ഒരു റെഡ് കോഫി കപ്പ്.അവൻ രാവിലെ കുടിച്ചിട്ട് അവിടെ വെച്ച കപ്പ്.അവർ വീണ്ടും ഫിഷിംഗ് ചെയ്ത അതേ സ്ഥലത്ത് എത്തിയിരുന്നു.
“നമ്മൾ സർക്കിൾ അടിച്ചോ?”
ആർക്കും ഉറപ്പില്ല.ദിനേശ് സമയം നോക്കി.3:57.വളരെ നേരം നടന്നപോലെ തോന്നിയിട്ടും പത്ത് മിനിറ്റ് മാത്രമേ മുന്നോട്ടുപോയിരുന്നുള്ളൂ.മൂന്നുപേരും ഒരു നിമിഷം പരസ്പരം നോക്കി.അവർ വീണ്ടും നടന്നു.അപ്പോഴാണ് കടലിന്റെ ഭാഗത്തുനിന്ന് ഒരു ശബ്ദം.
“ഹലോ…”
സനൂപ് നിന്നു.
“കേട്ടോ?”
വീണ്ടും.
“ഹലോ…”
ഒരു പുരുഷന്റെ ശബ്ദം.മൂടൽമഞ്ഞിനുള്ളിൽ എവിടെയോ.
“ആരെങ്കിലും അവിടെ കുടുങ്ങിയതാണോ?” ജോൺസ് ചോദിച്ചു.
ദിനേശ് ഫോൺ എടുത്തു.സിഗ്നൽ തീരെയില്ല.അപ്പോൾ ശബ്ദം വീണ്ടും വന്നു.ഇത്തവണ വ്യക്തമായ മലയാളത്തിൽ.
“ഒന്ന് സഹായിക്കാമോ?”
മൂന്നുപേരും പരസ്പരം നോക്കി.ജോൺസ് കടലിന്റെ ഭാഗത്തേക്ക് ഒരു ചുവട് വെച്ചു.അതേ നിമിഷം പൗച്ചിന്റെ ഉള്ളിൽ നിന്ന് ഒരു വൈബ്രേഷൻ അനുഭവപ്പെട്ടു.പഴയ ഫോണിന്റെ സ്ക്രീൻ തെളിഞ്ഞിരുന്നു.3:59.
അവർ നോക്കിനിൽക്കെ സമയം മാറി.4:00അതേ നിമിഷം കടലിൽനിന്ന് ശക്തമായൊരു തണുത്ത കാറ്റ് വീശി.അതുവരെ ഉണ്ടായിരുന്ന കാറ്റിൽനിന്ന് വ്യത്യസ്തമായിരുന്നു അത്.ശരീരത്തിലൂടെ കടന്നുപോകുന്നതുപോലെ, സിരകളെ ത്രസിപ്പിക്കുന്ന തണുപ്പ്.കാറ്റിനൊപ്പം വിചിത്രമായൊരു ഗന്ധം.കടൽവെള്ളത്തിന്റെയും ഏറെനേരം നനഞ്ഞുകിടന്ന വസ്ത്രത്തിന്റെയും മണം.ഇതേ സമയം ഫോണിലെ സമയം അപ്രത്യക്ഷമായി.പകരം ഒരു വരി തെളിഞ്ഞു.ഡോണ്ട് ടേൺ എറൗണ്ട്.ജോൺസ് അത് വായിച്ചു തീർന്നതും പിന്നിൽനിന്ന് ഒരു ശബ്ദം.
“ജോൺസേ…”
ജോൺസിന്റെ മുഖം മാറി.ശബ്ദം ഇത്തവണ കടലിൽനിന്നല്ല.അവരുടെ തൊട്ടുപിന്നിൽ നിന്നായിരുന്നു.ജോൺസ് തിരിയാൻ തുടങ്ങി.ദിനേശ് അവന്റെ കൈയിൽ പിടിച്ചു.
“ഡാ, നോക്കണ്ട.”
“ആരാ അത്?”
“വേഗം നടക്ക്.”
അവർ മുന്നോട്ട് നടന്നു.പിന്നിൽ ആരോ പിന്തുടരുന്നതുപോലെ കനത്ത കാലടി ശബ്ദം.നനഞ്ഞ ചെരുപ്പുകൾ പാറയിൽ പതിക്കുന്നതുപോലുള്ള ശബ്ദം വ്യക്തമായി കേൾക്കാം.അവർ വേഗം കൂട്ടി.കാലടിയും വേഗത്തിലായി.അപ്പോൾ വീണ്ടും ആ ശബ്ദം.
“സനൂപേ…”
സനൂപ് ഒന്നും പറഞ്ഞില്ല.അടുത്ത വിളി.
“ദിനേശേ…”
മൂന്നുപേരും പ്രാണനുംകൊണ്ട് ഓടിത്തുടങ്ങി.എത്രനേരം ഓടിയെന്ന് അവർക്കറിയില്ല.പെട്ടെന്ന് മൂടൽമഞ്ഞിനപ്പുറം റോഡ് കണ്ടു.അവർ കാർ പാർക്ക് ചെയ്തിരുന്ന റോഡ് തന്നെയായിരുന്നു അത്. പക്ഷേ മൂടൽമഞ്ഞിനിടയിൽ കാർ എവിടെയാണെന്ന് മനസ്സിലായില്ല.അതേ സമയം ഒരു കാർ അടുത്തുവരുന്നത് കണ്ടു.മൂന്നുപേരും കൈകാണിച്ചു.കാർ നിർത്തി.അറുപതിനടുത്ത് പ്രായമുള്ള ഒരു ഐറിഷ് മനുഷ്യൻ.വിൻഡോ താഴ്ത്തി.
“യു ലാഡ്സ് ഓക്കെ?”
“വി ഗോട്ട് ലോസ്റ്റ്,”
ദിനേശ് പറഞ്ഞു.
“വെയർ?”
അവർ ഫിഷിംഗ് ചെയ്ത സ്ഥലം പറഞ്ഞു.അയാൾ കുറച്ചുനേരം അവരെ നോക്കി.പിന്നെ ഡോർ തുറന്നു.
“ഗെറ്റ് ഇൻ.”
മൂന്നുപേരും കയറി.കാർ നീങ്ങി.കുറച്ചുനേരം ആരും സംസാരിച്ചില്ല.പിന്നെ ഡ്രൈവർ ചോദിച്ചു:
“ഫിഷിംഗ്?”
“യെസ്.”
“ഫൈൻഡ് എനിതിംഗ്?”
മൂന്നുപേരും പരസ്പരം നോക്കി.ജോൺസിന്റെ ബാഗിൽ പൗച്ച് ഉണ്ടായിരുന്നു.
“ജസ്റ്റ് ആൻ ഓൾഡ് ബാഗ്.”
ഡ്രൈവറുടെ കൈ സ്റ്റിയറിംഗ് വീലിൽ മുറുകി.
“ഡോണ്ട് ടേക്ക് ഇറ്റ് ഹോം.”
“വൈ?”
അയാൾ ഉടൻ മറുപടി പറഞ്ഞില്ല.കുറച്ചുദൂരം കഴിഞ്ഞപ്പോൾ പറഞ്ഞു:
“ഇയേഴ്സ് എഗോ, എ യങ് മാൻ വെന്റ് മിസ്സിംഗ് എറൗണ്ട് ദെയർ. ഹി വാസ് ഫിഷിംഗ്.”
ദിനേശ് ഫോട്ടോഗ്രാഫ് പുറത്തെടുത്തു.
“വാസ് ഇറ്റ് ഹിം?”
ഡ്രൈവർ ഒരു നിമിഷം ഫോട്ടോഗ്രാഫിലേക്ക് നോക്കി.അയാളുടെ മുഖത്തെ ഭാവം മാറി.
“യെസ്.”
“ഡിഡ് യു നോ ഹിം?”
“നോ. ഐ റിമംബർ ദ ഫോട്ടോഗ്രാഫ്.”
“ന്യൂസ്‌പേപ്പർ?”
അയാൾ തലകുലുക്കി.
“ദേ ഫൗണ്ട് ഹിം ഇൻ ദ വാട്ടർ.”
സനൂപ് ചോദിച്ചു:“വെൻ?”
“സെപ്റ്റംബർ. ലോങ് ടൈം എഗോ.”
അയാൾ മുന്നിലേക്ക് നോക്കിക്കൊണ്ട് കൂട്ടിച്ചേർത്തു:
“ലേറ്റ് ആഫ്റ്റർനൂൺ.”
പിന്നെ റിയർവ്യൂ മിററിലൂടെ മൂന്നുപേരെയും നോക്കി.
“ത്രീ ഓഫ് യു, റൈറ്റ്?”
“യെ,” ജോൺസ് പറഞ്ഞു.
ഡ്രൈവർ വീണ്ടും മിററിലേക്ക് നോക്കി.ഒരു നിമിഷം അയാളുടെ കണ്ണുകൾ അവരിൽ ആരുടെയും മുഖത്തായിരുന്നില്ല.പിന്നിലെ സീറ്റിൽ മറ്റെവിടെയോ നോക്കുന്നതുപോലെ.പക്ഷേ അയാൾ ഒന്നും പറഞ്ഞില്ല.കുറച്ചുദൂരം മുന്നോട്ടുപോയപ്പോൾ മൂടൽമഞ്ഞിനിടയിൽ ദിനേശിന്റെ കാർ കണ്ടു.
“ദാറ്റ്സ് മൈ കാർ,” ദിനേശ് പറഞ്ഞു.
ഡ്രൈവർ കാർ അതിനരികിൽ നിർത്തി.മൂന്നുപേരും പുറത്തിറങ്ങി.തിരിഞ്ഞ് ഡ്രൈവറോട് നന്ദി പറയുന്നതിനുമുമ്പേ കാർ മൂടൽമഞ്ഞിനുള്ളിലേക്ക് നീങ്ങിപ്പോയിരുന്നു.ദിനേശ് സ്വന്തം കാർ അൺലോക്ക് ചെയ്തു.അകത്ത് കയറിയപ്പോഴാണ് ഡാഷ്ബോർഡിലെ സമയം ശ്രദ്ധിച്ചത്.രാത്രി എട്ട് മണി കഴിഞ്ഞിരുന്നു.മൂന്നുപേരും സമയം കണ്ട് ഞെട്ടി.അവരുടെ കണക്കിൽ ഒരു മണിക്കൂർ പോലും അവർ വഴിതെറ്റിയിരുന്നില്ല.പക്ഷേ നാലു മണിക്കൂറിലധികം കടന്നുപോയിരുന്നു.ഫോണുകളിൽ സിഗ്നൽ വന്നതോടെ മിസ്ഡ് കോളുകൾ നിറഞ്ഞു.പൗച്ച് വീട്ടിലേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചു.അത് അവിടെത്തന്നെ ഉപേക്ഷിച്ച് മൂന്നുപേരും വീട്ടിലേക്ക് തിരിച്ചു.
രാത്രി പത്തരയോടെ സനൂപ് വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടു.
“എല്ലാവരും എത്തിയോ?”
ജോൺസ്:“റീച്ച്ഡ്.”
ദിനേശ്:“ഞാനും.”
കുറച്ചുനേരം കഴിഞ്ഞ് ജോൺസ് രാവിലെ എടുത്ത സെൽഫി ഗ്രൂപ്പിൽ ഇട്ടു.
“ഇത് സൂം ചെയ്ത് നോക്ക്.”
ദിനേശ് ഫോട്ടോഗ്രാഫ് തുറന്നു.മൂന്നുപേരും ചിരിച്ചുനിൽക്കുന്നു.അവരുടെ പിന്നിലെ പാറയിൽ ആരോ നിൽക്കുന്നു.സൂം ചെയ്തു നോക്കി.രാവിലെ പൗച്ചിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫിലെ അതേ യുവാവ്.സനൂപ് ഉടൻ ഗ്രൂപ്പ് കോൾ ചെയ്തു.
“രാവിലെ നമ്മൾ അവനെ കണ്ടിരുന്നോ?”
“ഇല്ല.”
“പിന്നെ ഫോട്ടോയിൽ എങ്ങനെ?”
ആർക്കും മറുപടിയില്ല.അപ്പോഴാണ് ഗ്രൂപ്പിൽ മറ്റൊരു ഫോട്ടോഗ്രാഫ് വന്നത്.സെൻഡർ -ദിനേശ്.
“ഞാൻ ഒന്നും അയച്ചിട്ടില്ല,” ദിനേശ് പറഞ്ഞു.
അവർ ഫോട്ടോഗ്രാഫ് തുറന്നു.വൈകുന്നേരം ലിഫ്റ്റ് കിട്ടിയ കാറിനകത്തെ ചിത്രം.ഫ്രണ്ട് സീറ്റിൽ ഡ്രൈവർ.പിന്നിൽ ദിനേശ്, ജോൺസ്, സനൂപ്.പക്ഷേ ഫോട്ടോഗ്രാഫ് എടുത്തിരിക്കുന്നത് അവർക്കും പിന്നിൽ നിന്നാണ്.കാറിൽ നാലാമതൊരാൾ ഇരുന്ന് എടുത്തതുപോലെ.
“ആരാ ഈ ഫോട്ടോ എടുത്തത്?” സനൂപ് ചോദിച്ചു.
അതിന് പിന്നാലെ മറ്റൊരു ഫോട്ടോഗ്രാഫ് വന്നു.സെൻഡർ ഇല്ല.അതേ കാർ.പുറത്തുനിന്നുള്ള ചിത്രം.കാറിനകത്ത് ദിനേശും ജോൺസും സനൂപും.പക്ഷേ -ഡ്രൈവർ സീറ്റ് ശൂന്യം.സ്റ്റിയറിംഗ് വീലിന്റെ പിന്നിൽ ആരുമില്ല.എന്നിട്ടും ഫോട്ടോയിൽ കാർ റോഡിലൂടെ സഞ്ചരിക്കുന്ന പോലെ തന്നെയുണ്ട്! അടുത്ത ദിവസം രാവിലെ മൂന്നുപേരും വീണ്ടും കണ്ടുമുട്ടി.സംഭവിച്ചതെല്ലാം വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സനൂപ് ചോദിച്ചത്:
“ഡാഷ്കാം നോക്കിയാലോ?”
മൂന്നുപേരും ഒരു നിമിഷം പരസ്പരം നോക്കി.അവർ ഓടിയെത്തിയത് കാർ പാർക്ക് ചെയ്തിരുന്ന അതേ റോഡിലേക്കായിരുന്നു.ദിനേശ് ഡാഷ്കാമിലെ മെമ്മറി കാർഡ് എടുത്തു.ഫൂട്ടേജ് തുറന്നു.രാവിലെ അവർ ഹൗത്തിലേക്ക് എത്തിയ വീഡിയോ ഉണ്ടായിരുന്നു.പിന്നെ മണിക്കൂറുകളോളം ഒരേ കാഴ്ച.റോഡിന്റെ വശം.മൂടൽമഞ്ഞ്.വൈകുന്നേരത്തെ ഫൂട്ടേജ് അവർ മുന്നോട്ടാക്കി.ഒരു സമയത്ത് മൂടൽമഞ്ഞിൽ നിന്ന് മൂന്നുപേരും റോഡിലേക്ക് ഓടിവരുന്നു.അവർ കൈകാണിക്കുന്നു.പക്ഷേ -റോഡിൽ ഒരു കാറും വരുന്നില്ല.മൂന്നുപേരും കുറച്ചുനേരം റോഡിന്റെ വശത്ത് നിൽക്കുന്നു.ആരോടോ സംസാരിക്കുന്നതുപോലെ.പിന്നെ ഒരുമിച്ച് റോഡിലൂടെ മുന്നോട്ട് നടക്കുന്നു.
“അപ്പോൾ നമ്മളെ കൊണ്ടുപോയ കാർ?” ജോൺസ് ചോദിച്ചു.
ആർക്കും മറുപടിയില്ല.സനൂപ് ഫൂട്ടേജ് പിന്നോട്ടാക്കി.ഫ്രെയിം ബൈ ഫ്രെയിം നോക്കി.പെട്ടെന്ന് അവൻ പോസ് ചെയ്തു.
“ഇവിടെ നോക്ക്.”
മൂടൽമഞ്ഞിൽ നിന്ന് റോഡിലേക്ക് ആദ്യം ദിനേശ്.പിന്നിൽ ജോൺസ്.അവന്റെ പിന്നാലെ സനൂപ്.അവസാനം -നാലാമതൊരാൾ.നനഞ്ഞ വസ്ത്രങ്ങളുള്ള ആ യുവാവ്.അവൻ അവരെ പിന്തുടരുകയായിരുന്നില്ല.അവരോടൊപ്പം തന്നെയായിരുന്നു നടക്കുന്നത്.അടുത്ത ഫ്രെയിം.അവൻ കുറച്ചുകൂടി അടുത്ത്.അടുത്ത ഫ്രെയിം.സനൂപിന്റെ തൊട്ടുപിന്നിൽ.അടുത്ത ഫ്രെയിം.അവൻ ഇല്ല.മൂന്നുപേരും സ്ക്രീനിലേക്ക് നോക്കിയിരുന്നു.അപ്പോഴാണ് ദിനേശ് പതുക്കെ ചോദിച്ചത്:
“ഇന്നലെ ആ ഡ്രൈവർ നമ്മളോട് ചോദിച്ച ആദ്യത്തെ ചോദ്യം ഓർമ്മയുണ്ടോ?”
ജോൺസിന് ഓർമ്മ വന്നു.
“ത്രീ ഓഫ് യു, റൈറ്റ്?”
അപ്പോൾ അതിന് പ്രത്യേക അർത്ഥമൊന്നും തോന്നിയിരുന്നില്ല.എന്നാൽ ഇപ്പോൾ അതിനു അർത്ഥമുണ്ടായിരുന്നെന്ന് തോന്നി.
അവർ ഫിഷിംഗ് ഗ്രൂപ്പ് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തു.ഹൗത്തിലേക്ക് ഒരുമിച്ച് ഫിഷിംഗ് പോകുന്നതും നിർത്തി.സംഭവം മറക്കാൻ ശ്രമിച്ചു.ആഴ്ചകൾ കടന്നുപോയി.പിന്നീട് ഒരു ശനിയാഴ്ച പുലർച്ചെ.ദിനേശിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.അൺനോൺ നമ്പർ.ഒരു മെസേജ്.
“ഇന്ന് വരുന്നില്ലേ?”
അവൻ ഡിലീറ്റ് ചെയ്തു.ഫോൺ താഴെവച്ചു.വീണ്ടും വൈബ്രേഷൻ.ഒരു ഫോട്ടോഗ്രാഫ്.ദിനേശിന്റെ വീടിന്റെ പുറത്തുനിന്ന് എടുത്ത ചിത്രം.മുകളിലെ ബെഡ്‌റൂം വിൻഡോ വ്യക്തമായി കാണാം.ഫോട്ടോഗ്രാഫ് ഇപ്പോൾ എടുത്തതുപോലെ.ദിനേശ് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.റോഡ് ശൂന്യം.ആരും ഇല്ല.അവൻ കർട്ടൻ അടയ്ക്കാൻ പോകുമ്പോഴാണ് സമയം ശ്രദ്ധിച്ചത്.3:59.ക്ലോക്ക് മാറി.4:00.അതേ നിമിഷം മുറിക്കുള്ളിൽ തണുത്ത കാറ്റ് വീശിത്തുടങ്ങി. ദിനേശ് അനങ്ങാതെ നിന്നുപോയി. വിൻഡോ അടച്ചിട്ടിരിക്കുകയാണ്.പുറത്തെ മരങ്ങളുടെ ഇലകൾ പോലും അനങ്ങുന്നില്ല.എന്നിട്ടും കർട്ടൻ പതുക്കെ ഉയർന്നു.മുറിക്കുള്ളിൽ പരിചിതമായ ആ മണം നിറഞ്ഞു.കടൽവെള്ളം.നനഞ്ഞ പഴയ വസ്ത്രം.ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.
ഒരു മെസേജ് മാത്രം.
“ഡോണ്ട് ടേൺ എറൗണ്ട്.”
ദിനേശിന്റെ പിന്നിൽ എന്തോ തറയിൽ വീണു.ഒരു തുള്ളി വെള്ളം.ടപ്പ്.പിന്നെ മറ്റൊന്ന്.ടപ്പ്.പിന്നിൽ നനഞ്ഞ കാലുകൾ കാർപ്പറ്റിൽ പതിക്കുന്ന ശബ്ദം.അത് അടുത്തുവന്നു.ദിനേശിന്റെ തൊട്ടുപിന്നിൽ നിന്നു.പിന്നെ അവന്റെ ചെവിക്കരികിൽ ഒരു തണുത്ത ശ്വാസം.വളരെ പതുക്കെ ഒരു ശബ്ദം.
“നാല് മണിയായി…”
ആ തണുപ്പിലും ദിനേശ് വിയർത്തുപോയി.
വിൻഡോകളും ഡോറുകളും അടച്ചിട്ടാലും അകത്തേക്ക് കടന്നുവരുന്ന ഒരു കാറ്റ്.വെതർ ഫോർകാസ്റ്റിൽ ഒരിക്കലും കാണിക്കാത്ത കാറ്റ്.ഒരിക്കൽ നിങ്ങളെ കണ്ടെത്തിയാൽ, എത്ര ദൂരെ പോയാലും വീണ്ടും തേടിയെത്തുന്ന കാറ്റ്.
നാലുമണിക്കാറ്റ്
ഷിജിമോൻ കച്ചേരിയിൽ എഴുതിയത്

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments