മോഷ്ടിച്ച BMWയുമായി ഗാർഡയെ ഇടിച്ച് രക്ഷപ്പെടാൻ ശ്രമം; രണ്ടു പതിനാലു വയസ്സുകാർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

By Rose Malayalam Desk

മോഷ്ടിച്ച BMWയുമായി ഗാർഡയുടെ വാഹനത്തിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ പതിനാല് വയസ്സുള്ള രണ്ടുപേർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. കോർക്കിലെ ബെൽഗൂലി–കിൻസേൽ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ രണ്ടരയോടെ ബെൽഗൂലി പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ഗാർഡ സംഘം നിരവധി പേരുമായി പോകുകയായിരുന്ന വാഹനത്തെ പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ ഗാർഡയുടെ വാഹനം നിർത്താനുള്ള ആവശ്യം അവഗണിച്ച് ഗാർഡയുടെ പട്രോൾ വാഹനത്തിൽ ഇടിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു.

ഗാർഡ വാഹനം തകർന്നെങ്കിലും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റില്ല.തുടർന്ന് കിൻസേൽ, ബെൽഗൂലി, റിവർസ്റ്റിക് മേഖലകളിലൂടെ ഗാർഡ പിന്തുടർന്നു. ഗാർഡയുടെ ആംഡ് സപ്പോർട്ട് യൂണിറ്റ് ഉൾപ്പെടെയുള്ള സംഘങ്ങൾ ചേർന്ന് നടത്തിയ നിയന്ത്രിത ഓപ്പറേഷനിടെ വാഹനം ബാലിൻഹാസിഗിന് സമീപം പുലർച്ചെ 3 മണിക്ക് മുമ്പായി നിർത്തുകയായിരുന്നു. റോഡിൽ സ്റ്റിംഗർ ഉപകരണം വിന്യസിച്ചിരുന്നെങ്കിലും അതിന് മുമ്പ് തന്നെ BMW തകരാറിലായി. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി സമീപത്തെ വയലുകളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാല് പേരെ പിന്നീട് അറസ്റ്റ് ചെയ്തു.

BMW X5 നേരത്തെ കോർക്ക് നഗരത്തിലെ റോച്ചസ്‌ടൗൺ പ്രദേശത്തെ ഒരു വീട്ടിൽ നടന്ന കവർച്ചയ്ക്കിടെ മോഷണം പോയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാഹനം ഗാർഡ പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് 14 വയസ്സുകാരും 19കാരനായ Wayne Dalyയും കോടതിയിൽ ഹാജരായി. ഉടമയുടെ അനുമതിയില്ലാതെ എടുത്ത വാഹനത്തിൽ യാത്ര ചെയ്തെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായം കണക്കിലെടുത്ത് 14 വയസ്സുകാരുടെ പേരുകൾ പുറത്തുവിടാൻ നിയമപരമായ നിയന്ത്രണമുണ്ട്.രണ്ട് പ്രായപൂർത്തിയാകാത്ത പ്രതികൾക്കും ജാമ്യം അനുവദിച്ച കോടതി, നിലവിലെ വിലാസത്തിൽ തന്നെ താമസിക്കുക, ദിവസേന ഗാർഡ സ്റ്റേഷനിൽ ഒപ്പിടുക, രാത്രി 10 മുതൽ രാവിലെ 6 വരെ കർഫ്യൂ പാലിക്കുക, വെസ്റ്റ് കോർക്ക് മേഖലയിൽ പ്രവേശിക്കാതിരിക്കുക തുടങ്ങിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. സെപ്റ്റംബർ 11ന് ബാൻഡൺ ജില്ലാ കോടതിയിൽ വീണ്ടും ഹാജരാകാനാണ് നിർദേശം.19കാരനായ Wayne Dalyക്ക് ജാമ്യം അനുവദിച്ചെങ്കിലും, മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗാർഡ ജാമ്യത്തെ എതിർത്തിരുന്നു. കോടതി വ്യവസ്ഥകൾ പ്രകാരം ജാമ്യം അനുവദിച്ചെങ്കിലും ആവശ്യമായ തുക ഉടൻ കണ്ടെത്താനാകാത്തതിനാൽ ഓഗസ്റ്റ് 27 വരെ കസ്റ്റഡിയിൽ തുടരാൻ കോടതി നിർദേശിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments