പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലണ്ടിൽ വ്യാഴാഴ്ച തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ പ്രതിഷേധ–ഐക്യദാർഢ്യ പരിപാടികൾ നടക്കും. നവംബർ 26-ന് സംഘടിപ്പിക്കുന്ന Workplace Day of Action-ൽ വിവിധ വർക്ക് പ്ലേസുകളിൽ ജീവനക്കാർ ഒത്തുചേർന്ന് പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കും. Irish Congress of Trade Unions (ICTU) ആണ് പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
പലസ്തീൻ തൊഴിലാളി സംഘടനകളുടെ അന്താരാഷ്ട്ര ഐക്യദാർഢ്യ ആഹ്വാനത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അയർലണ്ടിലെ തൊഴിലാളി സംഘടനകൾ ഈ പരിപാടിയിൽ പങ്കാളികളാകുന്നത്. ICTU-യുമായി അഫിലിയേറ്റ് ചെയ്ത യൂണിയനുകൾ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
INMO-യുടെ നേതൃത്വത്തിൽ നഴ്സുമാരും അണിനിരക്കും
അയർലണ്ടിലെ നഴ്സുമാരുടെ സംഘടനയായ INMO (Irish Nurses and Midwives Organisation) അംഗങ്ങളും ഫലസ്തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രംഗത്തിറങ്ങും. ആരോഗ്യ മേഖലയിലെ ജീവനക്കാരും നഴ്സുമാരും ഉൾപ്പെടെയുള്ള യൂണിയൻ അംഗങ്ങൾ തൊഴിലിടങ്ങളിൽ ഒരുമിച്ച് നിന്ന് പലസ്തീൻ ജനതയോടുള്ള പിന്തുണ അറിയിക്കും.അയർലണ്ടിലെ വിവിധ ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർ INMO യൂണിയൻ അംഗങ്ങളാണ്. അതിനാൽ ഈ ഐക്യദാർഢ്യ പരിപാടിയിൽ മലയാളി നഴ്സുമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ പലസ്തീനിലെ ജനങ്ങൾക്കും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നേരിടേണ്ടിവരുന്ന ദുരിതങ്ങളിൽ പ്രതിഷേധവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
UNITE, SIPTU ഉൾപ്പെടെയുള്ള യൂണിയനുകളും രംഗത്ത്
UNITE, SIPTU, Fórsa തുടങ്ങി നിരവധി തൊഴിലാളി സംഘടനകളിലെ അംഗങ്ങളും ഈ ഐക്യദാർഢ്യ ആഹ്വാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തൊഴിലിടങ്ങളിലും ബ്രാഞ്ച് തലത്തിലും ഒത്തുചേർന്ന് ഫലസ്തീൻ അനുകൂല നിലപാട് പ്രകടിപ്പിക്കാനാണ് ആഹ്വാനം.അയർലണ്ടിലെ വിവിധ യൂണിയനുകളിൽ അംഗങ്ങളായ നിരവധി മലയാളികളും ഈ സംഘടനകളുടെ ഭാഗമാണ്. ആരോഗ്യ മേഖലയിൽ മാത്രമല്ല, മറ്റ് തൊഴിൽ മേഖലകളിലും യൂണിയൻ അംഗത്വമുള്ള മലയാളികൾ ഈ ഐക്യദാർഢ്യ പരിപാടികളിൽ പങ്കാളികളാകുന്ന സാഹചര്യമുണ്ട്. അതുവഴി മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികളും പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കുചേരും.
ഉച്ചയ്ക്ക് ഒരു മണിക്ക് തൊഴിലിടങ്ങളിൽ ഐക്യദാർഢ്യ പ്രകടനം
വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തൊഴിലിടങ്ങളിൽ ഒരുമിച്ച് ഒത്തുചേർന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ICTU നിർദേശിച്ചിരിക്കുന്നത്. ബാനറുകളും പ്ലക്കാർഡുകളുമായി തൊഴിലിടത്തിന് പുറത്തോ ഉച്ചഭക്ഷണ ഇടവേളയിലോ പരിപാടികൾ സംഘടിപ്പിക്കാം. ഫോട്ടോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനും യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം, മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുമായുള്ള സ്ഥാപനങ്ങളുടെ ബന്ധം പുനഃപരിശോധിക്കുക, ധാർമികമായ സംഭരണ–നിക്ഷേപ നയങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാണ്.
For more news please join our whatsapp group
https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments