ഡ്യൂവൽ സിറ്റിസൺഷിപ്പിന് വേണ്ടി ശബ്ദമുയർത്തി ശശി തരൂർ എംപി; പ്രതീക്ഷയോടെ ഐറിഷ് മലയാളികളും

By Rose Malayalam Desk

ഇന്ത്യയുടെ ഇരട്ട പൗരത്വ നിരോധന നയം പുനഃപരിശോധിക്കണമെന്നും പ്രവാസികളുടെയും വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെയും യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി നിയമം പൊരുത്തപ്പെടണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. വിദേശ പൗരത്വം സ്വീകരിച്ചിട്ടും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സാഹചര്യങ്ങൾ പരിഗണിച്ച് ഇരട്ട പൗരത്വം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ശക്തമായി തന്റെ വാദം ഉന്നയിച്ചത്.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യയുമായുള്ള ബന്ധം പൂർണമായും അവസാനിക്കുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ജനിച്ചവരും വളർന്നവരും കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും രാജ്യത്ത് നിലനിർത്തുന്നവരുമായ നിരവധി പേർ വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ നിയമപ്രകാരം അവർക്ക് ഇന്ത്യൻ പൗരത്വം നിലനിർത്താനാകില്ല.

പ്രതീക്ഷയോടെ ഐറിഷ് മലയാളികളും

അയർലണ്ടിലെ പ്രവാസികളായ മലയാളികളും വളരെക്കാലമായി ആഗ്രഹിക്കുകയും നിരവധി വേദികളിൽ ഉന്നയിക്കുകയും ചെയ്യുന്ന കാര്യമാണ് ശശി തരൂർ പങ്കുവെച്ചത്. അയർലൻഡിൽ ആയിരക്കണക്കിന് മലയാളികളാണ് ഐറിഷ് പൗരത്വം നേടിയവരായിട്ടുള്ളത്. അവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ഇന്ത്യൻ പൗരത്വം സറണ്ടർ ചെയ്തതിൽ വിഷമത്തിലും ആണ്. അയർലൻഡ് ഡ്യുവൽ സിറ്റിസൺഷിപ്പ് അംഗീകരിക്കുന്ന രാജ്യമാണ്. എന്നാൽ ഇന്ത്യ ഡ്യൂവൽ സിറ്റിസൺഷിപ്പ് അംഗീകരിക്കാത്തതുകൊണ്ടാണ് തങ്ങളുടെ ഇന്ത്യൻ പൗരത്വം സറണ്ടർ ചെയ്യാൻ അവർ നിർബന്ധിതരായത്. ഇന്ത്യയിൽ നിയമം മാറുകയാണെങ്കിൽ അത് ആശ്വാസമാകും എന്നാണ് ഇവർ പറയുന്നത്. ഈയൊരു കാരണം കൊണ്ട് ഐറിഷ് പൗരത്വം എടുക്കാത്ത നിരവധി മലയാളികളും അയർലൻഡിൽ ഉണ്ട്.

OCI കാർഡ് ഇന്ത്യൻ പൗരത്വത്തിന് പകരമല്ല

വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജർക്ക് OCI (Overseas Citizen of India) കാർഡ് വഴി ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ OCI കാർഡ് ഇന്ത്യൻ പൗരത്വത്തിന് തുല്യമല്ല. വോട്ടവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം, ചില രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവകാശം തുടങ്ങിയവ OCI കാർഡ് ഉടമകൾക്ക് ലഭ്യമല്ല.

ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന പ്രവാസികൾക്ക് രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിൽ കൂടുതൽ പങ്കാളിത്തം വേണമെന്ന ആഗ്രഹമുണ്ടെങ്കിലും നിലവിലെ നിയമപരമായ നിയന്ത്രണങ്ങൾ അതിന് തടസ്സമാകുന്നുവെന്നാണ് തരൂരിന്റെ നിരീക്ഷണം.

ആഗോള സാഹചര്യത്തിൽ നിയമം പുനഃപരിശോധിക്കണം

ഇന്നത്തെ ആഗോള സാഹചര്യത്തിൽ തൊഴിൽ, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ, കുടിയേറ്റം തുടങ്ങിയ കാരണങ്ങളാൽ ആളുകൾ ഒന്നിലധികം രാജ്യങ്ങളുമായി ബന്ധം പുലർത്തുന്നുണ്ട്. അമേരിക്കയിലോ കാനഡയിലോ, അയർലന്റിലോ ജനിക്കുന്നവർക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കുന്നതും, ഇന്ത്യൻ വംശജർ വിദേശ പൗരത്വം സ്വീകരിക്കുന്നതും സാധാരണമായ സാഹചര്യങ്ങളാണ്.വിദേശ പൗരത്വം സ്വീകരിച്ചതുകൊണ്ട് ഒരാൾക്ക് ഇന്ത്യയോടുള്ള സ്നേഹവും ബന്ധവും ഇല്ലാതാകുന്നില്ല. അതിനാൽ, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇന്ത്യയുമായി ദീർഘകാല ബന്ധം പുലർത്തുന്നവർക്ക് പൗരത്വം നിലനിർത്താനുള്ള അവസരം നൽകാനും നിയമത്തിൽ മാറ്റം വേണമെന്നാണ് തരൂരിന്റെ വാദം.

പ്രവാസികളുടെ സംഭാവനകൾക്ക് കൂടുതൽ അംഗീകാരം

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും സാമൂഹിക വികസനത്തിലും പ്രവാസികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവാസികളുടെ സംഭാവന നിർണായകമാണ്. ഇന്ത്യയുമായി ബന്ധം നിലനിർത്തുന്നവർക്ക് പൗരത്വം നഷ്ടപ്പെടാതെ വിദേശ രാജ്യങ്ങളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരം നൽകുന്നത് രാജ്യത്തിന് കൂടുതൽ ഗുണകരമാകുമെന്നും തരൂർ അഭിപ്രായപ്പെടുന്നു.

ഇരട്ട പൗരത്വം അനുവദിക്കുന്നത് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്നവരുടെ അവകാശങ്ങൾക്കും വ്യക്തിപരമായ അനുഭവങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുന്ന നടപടിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയുടെ നിലവിലെ നിയമം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. എന്നാൽ ആഗോള കുടിയേറ്റ സാഹചര്യങ്ങളും പ്രവാസികളുടെ മാറിയ ജീവിതരീതികളും കണക്കിലെടുത്ത് ഈ നയം പുനഃപരിശോധിക്കേണ്ട സമയമായെന്നാണ് ശശി തരൂരിന്റെ നിലപാട്.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments