IRP കാലാവധി കഴിഞ്ഞാലും ക്രിസ്മസ് കാലത്ത് യാത്ര ചെയ്യാം; പുതുക്കലിന് അപേക്ഷിച്ചവർക്ക് താൽക്കാലിക ഇളവ്

By Rose Malayalam Desk

അയർലൻഡിൽ നിയമപരമായി താമസിക്കുന്ന, IRP (Irish Residence Permit) കാർഡിന്റെ കാലാവധി അടുത്തിടെ അവസാനിച്ച നോൺ-EEA പൗരന്മാർക്ക് ക്രിസ്മസ്–പുതുവത്സര കാലയളവിൽ അന്താരാഷ്ട്ര യാത്ര നടത്തി അയർലൻഡിലേക്ക് മടങ്ങിവരാൻ താൽക്കാലിക അനുമതി. ഇമിഗ്രേഷൻ പുതുക്കലിന് നിലവിലെ IRP കാർഡിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

2026 ഡിസംബർ 1 മുതൽ 2027 ജനുവരി 31 വരെയാണ് ഈ പ്രത്യേക യാത്രാ ഇളവ് അനുവദിച്ചിരിക്കുന്നത്. പുതുക്കൽ അപേക്ഷ സമർപ്പിച്ചിട്ടും പുതിയ IRP കാർഡ് ലഭിക്കാൻ വൈകുന്നവരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഇമിഗ്രേഷൻ അധികൃതരുടെ നടപടി.

യാത്രയ്ക്കായി കൈവശം കരുതേണ്ട രേഖകൾ

യാത്ര ചെയ്യുന്നവർ ഔദ്യോഗികമായി പുറത്തിറക്കിയ Travel Confirmation Notice പ്രിന്റ് ചെയ്ത കോപ്പി കൈവശം കരുതണം. ഇതോടൊപ്പം കാലാവധി കഴിഞ്ഞ പഴയ IRP കാർഡും, IRP പുതുക്കലിന് അപേക്ഷിച്ചതിന്റെ തെളിവും കൈവശമുണ്ടാകണം. അപേക്ഷ സമർപ്പിച്ച തീയതി വ്യക്തമാക്കുന്ന ഇമെയിൽ, അപേക്ഷയുടെ റഫറൻസ് നമ്പർ എന്നിവയും യാത്രയ്ക്കിടെ ആവശ്യമായി വന്നേക്കാം.

പുതിയ കാർഡ് ലഭിക്കാൻ വൈകുന്നു

IRP പുതുക്കൽ അപേക്ഷകളുടെ നടപടിക്രമങ്ങളിൽ നിലവിലുള്ള കാലതാമസം കാരണം അംഗീകരിച്ച കാർഡുകൾ തപാൽ വഴി ലഭിക്കാൻ 15 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. ഈ സാഹചര്യത്തിലാണ് യാത്രാ ആവശ്യങ്ങൾക്കായി താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക യാത്രാ സൗകര്യം 2027 ജനുവരി 31-ന് അവസാനിക്കും. അതിനുശേഷം കാലാവധി കഴിഞ്ഞ IRP കാർഡുമായി യാത്ര ചെയ്യുന്നതിന് ഈ താൽക്കാലിക അറിയിപ്പ് ബാധകമാകില്ല. അതിനാൽ യാത്ര ആസൂത്രണം ചെയ്യുന്നവർ യാത്രാ തീയതികൾ, രേഖകൾ, പുതുക്കൽ അപേക്ഷയുടെ സ്ഥിതി എന്നിവ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

മറ്റ് രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രകൾക്കും വിമാനക്കമ്പനികളുടെ യാത്രാ നിബന്ധനകൾക്കും പ്രത്യേകം ശ്രദ്ധിക്കണം. ട്രാൻസിറ്റ് രാജ്യങ്ങളിലെ വിസാ വ്യവസ്ഥകളും പ്രവേശന നിയമങ്ങളും യാത്രക്കാർ പാലിക്കേണ്ടതാണ്.യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക Travel Confirmation Notice ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുന്നത് . കയ്യിൽ സൂക്ഷിക്കുന്നത് നിർബന്ധമാണ്

ക്രാന്തി അയർലൻഡ് ഉന്നയിച്ച ആവശ്യം

അയർലൻഡിൽ പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക രാഷ്ട്രീയ സംഘടനയായ ക്രാന്തി അയർലൻഡ് ഈ ആവശ്യമുന്നയിച്ച് നിരവധി തവണ അധികാരികളെ സമീപിച്ചിരുന്നു. ഐആർപി കാർഡ് പുതുക്കി കിട്ടുന്നതിലെ കാലതാമസം മൂലം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും യാത്ര ദുരിതങ്ങളും ക്രാന്തി മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇക്കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാം എന്നുള്ള ഉറപ്പും അവരിൽനിന്ന് ക്രാന്തിക്ക് ലഭിച്ചിരുന്നു.ക്രാന്തി ഉൾപ്പടെ നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളുടെ ഫലമായിട്ട് കൂടിയാണ് ഇപ്പോൾ ഈ ഇളവ് സാധ്യമായത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments