ഫിഫയും UEFA യും തമ്മിലുള്ള പോരുമുറുകുന്നു;ഇൻഫാന്റിനോയ്‌ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്താൻ UEFA

By Rose Malayalam Desk

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ലോകകപ്പിന്റെ ഓഹരി യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ നിക്ഷേപകർക്കു വിൽക്കാൻ സമ്മതിച്ചോയെന്ന് പരിശോധിക്കാൻ സ്വതന്ത്ര മൂല്യനിർണയം (Independent Valuation) നടത്താൻ യൂറോപ്യൻ ഫുട്ബോൾ സംഘടനയായ UEFA ഒരുങ്ങുന്നു.

ലോകകപ്പ് വാണിജ്യാവകാശം കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിലെ 21 ശതമാനം ഓഹരി ഏകദേശം 4.2 ബില്യൺ ഡോളറിന് സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയെയാണ് UEFA ചോദ്യം ചെയ്യുന്നത്. ലോകകപ്പിന്റെ യഥാർത്ഥ വിപണി മൂല്യം ഇതിലും വളരെ കൂടുതലാണെന്ന സംശയമാണ് സംഘടന ഉയർത്തുന്നത്.ഇടപാടിന് മുമ്പ് മതിയായ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് നടന്നോയെന്നും, 20 ബില്യൺ ഡോളർ മൂല്യനിർണയത്തിന്റെ അടിസ്ഥാനമെന്താണെന്നും UEFA അന്വേഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ സേവനം തേടാനാണ് നീക്കം.

ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് നേരെത്തെ നൽകിയിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് ലോകകപ്പിന്റെ ഓഹരി വിൽപ്പന പദ്ധതി പിന്നീട് ഫിഫ പിൻവലിച്ചു. എന്നിരുന്നാലും, ഇൻഫാന്റിനോയുടെ നേതൃത്വത്തിലും ഫിഫയുടെ ഭരണരീതിയിലും വിശ്വാസം നഷ്ടപ്പെട്ടതായി UEFA വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ഫിഫയുടെ ആഭ്യന്തര നേതൃത്വത്തിന് ഇൻഫാന്റിനോയ്‌ക്ക് പിന്തുണ തുടരുന്നതായി സംഘടന അറിയിച്ചിട്ടുണ്ടെങ്കിലും, ഫുട്ബോൾ ഭരണത്തിൽ കൂടുതൽ സുതാര്യതയും പരിഷ്‌കാരങ്ങളും വേണമെന്ന ആവശ്യത്തിൽ UEFA ഉറച്ചുനിൽക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments