ചരിത്രനേട്ടവുമായി മാർക്ക് ഇംഗ്ലീഷും 200 മീറ്ററിൽ ദേശീയ റെക്കോർഡോടെ റാഷിദത്ത് അഡെലെക്കിന് വെള്ളിയും ബെർമിഹാമിൽ നടക്കുന്ന യൂറോപ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് അവിസ്മരണീയ രാത്രി സമ്മാനിച്ച് മാർക്ക് ഇംഗ്ലീഷും റാഷിദത്ത് അഡെലെക്കും. പുരുഷന്മാരുടെ 800 മീറ്ററിൽ മാർക്ക് ഇംഗ്ലീഷ് ചരിത്ര സ്വർണം നേടിയപ്പോൾ, വനിതകളുടെ 200 മീറ്ററിൽ റാഷിദത്ത് അഡെലെക്ക് ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. വെറും 22 മിനിറ്റിന്റെ ഇടവേളയിലാണ് ഇരുവരുടെയും മെഡൽ നേട്ടം പിറന്നത്.പുരുഷന്മാരുടെ 800 മീറ്ററിൽ 1:45.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഡോണഗൽ താരം മാർക്ക് ഇംഗ്ലീഷ് സ്വർണം നേടിയത്. ഇതോടെ യൂറോപ്യൻ ഔട്ട്ഡോർ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഐറിഷ് പുരുഷ താരമെന്ന ചരിത്രനേട്ടവും ഇംഗ്ലീഷ് സ്വന്തമാക്കി. ക്രൊയേഷ്യയുടെ മരീനോ ബ്ലൂഡെക്ക് 1:45.62 സമയത്തിൽ വെള്ളിയും സ്പെയിനിന്റെ മുഹമ്മദ് അത്താവി 1:45.71 സമയത്തിൽ വെങ്കലവും നേടി.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പുറത്തെടുത്ത അതിവേഗ ഫിനിഷാണ് ഇംഗ്ലീഷിന് നിർണായകമായത്. ഫിനിഷിങ് സ്ട്രെയിറ്റിലേക്ക് കടന്നതോടെ വേഗം കൂട്ടിയ താരം എതിരാളികളെ മറികടന്ന് അനായാസം മുന്നിലെത്തി. വിജയത്തിന് പിന്നാലെ വികാരാധീനനായ ഇംഗ്ലീഷ്, കരിയറിൽ ഒരു യൂറോപ്യൻ കിരീടമെന്ന തന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവച്ചു.
ഇംഗ്ലീഷിന്റെ സ്വർണത്തിന് പിന്നാലെ അയർലൻഡിന്റെ റാഷിദത്ത് അഡെലെക്ക് വനിതകളുടെ 200 മീറ്ററിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22.28 സെക്കൻഡിൽ ഫിനിഷ് ചെയ്ത അഡെലെക്ക് പുതിയ ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. ബ്രിട്ടന്റെ ആമി ഹണ്ട് 22.19 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ, മറ്റൊരു ബ്രിട്ടീഷ് താരം ഡിന ആഷർ-സ്മിത്ത് 22.29 സെക്കൻഡിൽ വെങ്കലം നേടി.റേസിന്റെ അവസാന 20 മീറ്ററിൽ അതിശക്തമായ മുന്നേറ്റം നടത്തിയ അഡെലെക്ക് നാലാം സ്ഥാനത്ത് നിന്നാണ് വെള്ളിയിലേക്ക് കുതിച്ചുകയറിയത്. ദേശീയ റെക്കോർഡിനൊപ്പമുള്ള ഈ മെഡൽ നേട്ടം പരിക്കുകളാൽ ബുദ്ധിമുട്ടേറിയ ഒരു സീസണിന് ശേഷമുള്ള താരത്തിന്റെ ശക്തമായ തിരിച്ചുവരവിനും തെളിവായി.
23-കാരിയായ അഡെലെക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഫൈനലിലെത്തുന്ന ആദ്യ ഐറിഷ് വനിതയെന്ന നേട്ടവും നേരത്തെ സ്വന്തമാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് 400 മീറ്ററിൽ നേടിയ വെള്ളി മെഡലിന് പിന്നാലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത മെഡൽ നേട്ടങ്ങളുടെ പട്ടികയിലും അഡെലെക്ക് സ്ഥാനം ഉറപ്പിച്ചു.
അതേസമയം, മാർക്ക് ഇംഗ്ലീഷിന്റെ സ്വർണത്തോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഐറിഷ് അത്‌ലറ്റിക്സിന്റെ മെഡൽ നേട്ടത്തിനും പുതിയ അധ്യായം തുറന്നു. 2014ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെങ്കലം നേടിയ ഇംഗ്ലീഷ്, ഇപ്പോൾ തന്റെ ആറാമത്തെ യൂറോപ്യൻ മെഡലാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് യൂറോപ്യൻ മെഡലുകളുള്ള അയർലൻഡിന്റെ ഇതിഹാസ താരം സോണിയ ഒ’സള്ളിവന്റെ നേട്ടവും ഇംഗ്ലീഷ് മറികടന്നു.ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുവർക്കും ലഭിച്ച വൻ ഐറിഷ് പിന്തുണയും ശ്രദ്ധേയമായി. വെള്ളിയാഴ്ച നടക്കുന്ന മെഡൽ വിതരണച്ചടങ്ങിൽ മാർക്ക് ഇംഗ്ലീഷും റാഷിദത്ത് അഡെലെക്കും വീണ്ടും വേദിയിലെത്തും.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments