അയർലൻഡിൽ വീടുകളുടെ വാടക- വില വർദ്ധന നിരക്കിൽ ഗണ്യമായ ഇടിവ്; വിലയിടിവിന്റെ പഴയ കാലം തിരികെ വരുമോ???

By Rose Malayalam Desk

അയർലൻഡിലെ ഭവന വിപണിയിൽ വിലയും വാടകയും കുതിച്ചുയർന്നുകൊണ്ടിരുന്ന സാഹചര്യത്തിന് മാറ്റത്തിന്റെ സൂചന. വാടക നിരക്കിലെ വർധനയുടെ വേഗം ഗണ്യമായി കുറഞ്ഞതോടൊപ്പം, വീടുകളുടെ വിൽപ്പന വിലയിലും വർധന മന്ദഗതിയിലായിരിക്കുകയാണ്. ഇതോടെ അയർലൻഡിലെ ഭവന വിപണി വീണ്ടും വിലയിടിവിന്റെ ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന ചർച്ച ശക്തമാകുന്നു.

പുതിയ Daft.ie Rental Report പ്രകാരം 2026-ന്റെ ആദ്യ പാദത്തിൽ 4.4 ശതമാനം ഉയർന്ന രാജ്യത്തെ വാടക വർദ്ധന നിരക്ക് മാർച്ച് മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 1.4 ശതമാനം മാത്രമാണ് ഉയർന്നത്. വീടുകളുടെ വിൽപ്പന വിലയിലും സമാനമായ മന്ദഗതി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. CSOയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2026 മേയ് വരെയുള്ള 12 മാസത്തിൽ രാജ്യത്തെ വീടുകളുടെ വിലയിൽ6.2 ശതമാനം വർദ്ധനവ് ഉണ്ടായെങ്കിലും ഡബ്ലിനിലെ വാർഷിക വിലവർധന ഏപ്രിലിലെ 5.5 ശതമാനത്തിൽ നിന്ന് മേയിൽ 4.7 ശതമാനമായി കുറഞ്ഞു.

ഇരുപത് വർഷം മുമ്പത്തെ ഭവനവില കുതിപ്പും പിന്നാലെയുണ്ടായ തകർച്ചയും

ഇരുപത് വർഷം മുമ്പ് അയർലണ്ടിൽ വീടുകളുടെ വിലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. 2005 -2007 കാലഘട്ടത്തിൽ നിന്ന് 50% വരെ വില കുറയുന്ന സാഹചര്യം ഉണ്ടായതോടുകൂടി മലയാളികൾ ഉൾപ്പെടെ നിരവധിപേർ വീടുകൾ തിരികെ ബാങ്കിനെ ഏൽപ്പിക്കുന്ന സ്ഥിതി വരെ ഉണ്ടായി. സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും കൺസ്ട്രക്ഷൻ മേഖല തകരികയും ചെയ്തതോടുകൂടി നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും ഓസ്ട്രേലിയ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയുകയും ചെയ്തത് വീഴ്ചയ്ക്ക് ആക്കംകൂട്ടി.

രണ്ടായിരത്തിന്റെ തുടക്കത്തിൽ അയർലൻഡിലെ ഭവന വിപണി വലിയ കുതിപ്പിനാണ് സാക്ഷ്യംവഹിച്ചത്. വീടുകൾ വാങ്ങാനുള്ള ആവശ്യം വർധിച്ചതും വായ്പ ലഭ്യത എളുപ്പമായതും നിർമാണമേഖലയിലെ വളർച്ചയും ചേർന്ന് 2000 മുതൽ 2007 വരെ ഭവനവില ഏകദേശം 65 ശതമാനം ഉയർന്നു. 2007-ൽ വിപണി ഉച്ചസ്ഥിതിയിലെത്തിയതോടെ ഈ കാലഘട്ടം അയർലൻഡിന്റെ ‘പ്രോപ്പർട്ടി ബൂം’ എന്ന പേരിൽ അറിയപ്പെട്ടു.എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ബാങ്കിങ് മേഖലയിലെ തകർച്ചയും അന്നുണ്ടായ ഇന്ധന വില വർദ്ധനയും വന്നതോടെ സ്ഥിതി പൂർണമായി മാറി. 2008 മുതൽ 2012 വരെ വീടുകളുടെ വില തുടർച്ചയായി ഇടിഞ്ഞു. 2009-ൽ മാത്രം രാജ്യത്തെ residential property prices 19.2 ശതമാനം കുറഞ്ഞു. 2007-ൽ ഏകദേശം €349,838 ആയിരുന്ന ശരാശരി residential property വില 2012-ൽ €205,476 ആയി താഴ്ന്നു.

ഡബ്ലിനിലായിരുന്നു ഇടിവ് ഏറ്റവും രൂക്ഷമായത്. 2007 മുതൽ 2012 വരെ ഡബ്ലിനിലെ വീടുകളുടെ വില ഏകദേശം 57.7 ശതമാനം ഇടിഞ്ഞപ്പോൾ, ഡബ്ലിന് പുറത്തുള്ള മേഖലകളിലെ ഇടിവ് 48.2 ശതമാനമായിരുന്നു. പിന്നീട് വിപണി ക്രമേണ തിരിച്ചുകയറുകയും 2013-ലെ താഴ്ന്ന നിലയിൽ നിന്ന് 2026 മേയ് വരെയുള്ള കാലയളവിൽ രാജ്യത്തെ വീടുകളുടെ വില 180 ശതമാനത്തിലേറെ ഉയരുകയും ചെയ്തു.

ഇപ്പോൾ വീണ്ടും വീടുകളുടെ വിലയും വാടകയും ഉയരുന്ന വേഗം കുറയുന്നതോടെ പഴയ തകർച്ചയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. പഴയ രീതിയിൽ വൻതോതിൽ ഉള്ള ഇടിവ് ഉണ്ടാകാനുള്ള സാഹചര്യം നിലവിലുണ്ട് എന്ന് പറയാൻ കഴിയില്ലെങ്കിലും വീടിന്റെ വിലയുടെയും വാടകയുടെയും വർധന നിരക്കിൽ ഗണ്യമായ കുറവ് വന്നത് വിപണിയെ ഏതുതരത്തിൽ ബാധിക്കുമെന്ന് പറയാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments