ഇന്ധന വില സെപ്റ്റംബറിൽ തന്നെ രണ്ടു യൂറോ കടന്നേക്കും; അയർലൻഡ് വീണ്ടും സമരത്തിലേക്കോ???

By Rose Malayalam Desk

അയർലണ്ടിൽ ഇന്ധനവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യത ശക്തമാകുന്നു. നിലവിൽ ശരാശരി പെട്രോൾ വില ലിറ്ററിന് ഏകദേശം €1.84യും ഡീസലിന് €1.92യുമാണ്. അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയർന്നുനിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിന്റെ പ്രതിഫലനമായിട്ട് അയർലണ്ടിലും ഇന്ധന വില ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് സെപ്റ്റംബർ മുതൽ സർക്കാർ ഘട്ടംഘട്ടമായി ഇന്ധന എക്സൈസ് നികുതി ഇളവുകൾ പിൻവലിക്കുന്നത്. ഇതോടെ അയർലൻഡിൽ ഡീസലിന്റെയും പെട്രോളിന്റെയും വില സെപ്റ്റംബറിൽ തന്നെ രണ്ട് യൂറോ കടക്കും എന്നാണ് കരുതുന്നത്.സെപ്റ്റംബർ 1 മുതൽ പെട്രോളിന് ലിറ്ററിന് 9 സെന്റും ഡീസലിന് 10 സെന്റും അധികഭാരം വരും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും ഘട്ടംഘട്ടമായി നികുതി വർധിക്കും. ഇതോടെ വർഷാവസാനത്തോടെ നിലവിൽ നൽകിയിരിക്കുന്ന ഇന്ധന നികുതി ഇളവുകൾ പൂർണമായും പിൻവലിക്കപ്പെടും. നികുതി ഇളവുകൾ പിൻവലിക്കപ്പെടുന്നതോടെ ഡീസലിന് 32 സെന്റ് പെട്രോളിന് 27 സെന്റും വില വർദ്ധനവ് ഉണ്ടാകും.

അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കൂടിയാൽ ഇതിലും കൂടുതൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

വീണ്ടും സമരത്തിനുള്ള സാധ്യത?

ഇന്ധനവില വർധന വീണ്ടും പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുകൾ ഇതിനകം ഉയർന്നിട്ടുണ്ട്. ഏപ്രിലിൽ കർഷകരും ഹോളിയർമാരും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ നടത്തിയ ഇന്ധന സമരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. വൈറ്റ് ഗേറ്റ് എണ്ണ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള പ്രധാന വിതരണ കേന്ദ്രങ്ങളിലെ ഉപരോധം രാജ്യത്തെ ഇന്ധന വിതരണത്തെയും ബാധിച്ചിരുന്നു.സെപ്റ്റംബറിലെ നികുതി വർധനയ്ക്കെതിരെ വീണ്ടും തെരുവിലിറങ്ങാനുള്ള സാധ്യതയെക്കുറിച്ച് രാഷ്ട്രീയതലത്തിലും മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ വീണ്ടും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടില്ല.

ഹോളിയേജ് മേഖലയിലെ പ്രധാന സംഘടനയായ IRHA ഇപ്പോൾ സർക്കാർ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ശരത്കാലത്ത് സമരത്തിനില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, വില നിയന്ത്രണാതീതമായി ഉയരുകയും സർക്കാർ നികുതി വർധനയുമായി മുന്നോട്ടുപോകുകയും ചെയ്താൽ സ്ഥിതിഗതികൾ മാറിയേക്കാം. സർക്കാർ തന്നെ ഇന്ധനവിലയിൽ വലിയ വർധനയുണ്ടായാൽ നിലവിലെ നികുതി പിൻവലിക്കൽ പദ്ധതി പുനഃപരിശോധിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനാൽ സെപ്റ്റംബർ അയർലണ്ടിലെ ഇന്ധനവിലയ്ക്കും സർക്കാരിനും ഒരുപോലെ നിർണായകമാകും. പമ്പിലെ വില €2 കടക്കുമോ, അതോടൊപ്പം ഏപ്രിലിലെ സമരത്തിന്റെ ആവർത്തനം ഉണ്ടാകുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments