നഴ്‌സുമാർ കടുത്ത സമ്മർദ്ദത്തിൽ; HSE ബോർഡ് രാജിവെക്കണമെന്ന് നഴ്സിംഗ് തൊഴിലാളി യൂണിയൻ INMO

By Rose Malayalam Desk

അയർലണ്ടിലെ ആരോഗ്യരംഗത്ത് ജീവനക്കാരുടെ നിയമന നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഒഴിവുകൾ നികത്തുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങൾ നീക്കാൻ കഴിയാത്ത HSE ബോർഡ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ നഴ്സിംഗ് തൊഴിലാളി യൂണിയൻ ആയ Irish Nurses and Midwives Organisation (INMO) രംഗത്തെത്തി.

HSE നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയതും നിലവിലുള്ളതുമായ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതോടെ നിയമനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ അധിക അനുമതി ആവശ്യമായി വരുന്ന സാഹചര്യം രൂപപ്പെട്ടു. സാമ്പത്തിക ചെലവ് നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യമെങ്കിലും, ആവശ്യമായ ജീവനക്കാരെ സമയബന്ധിതമായി നിയമിക്കാൻ കഴിയാത്തത് ആശുപത്രികളുടെ പ്രവർത്തനത്തെയും രോഗികളുടെ പരിചരണത്തെയും ബാധിക്കുമെന്നാണ് നഴ്‌സിങ് സംഘടനയുടെ ആശങ്ക.

INMOയുടെ കണക്കനുസരിച്ച് രാജ്യത്ത് 2,900-ലധികം നഴ്‌സിങ്, മിഡ്‌വൈഫറി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ കുറവ് Intensive Care Unit (ICU), Maternity, Emergency Department, മെഡിക്കൽ–സർജിക്കൽ വാർഡുകൾ തുടങ്ങിയ നിർണായക വിഭാഗങ്ങളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിറ്റി നഴ്‌സിങ് സേവനങ്ങളിലും ചില നായിക സർവീസുകൾ കുറയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നാണ് യൂണിയന്റെ ആരോപണം.

ഒഴിവുകൾ നികത്താൻ കഴിയാത്ത സാഹചര്യത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നഴ്‌സിങ് ഡയറക്ടർമാരുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് INMOയുടെ നിലപാട്. ജീവനക്കാരുടെ കുറവ് ചികിത്സ വൈകുന്നതിനും ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതിനും നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിക്കുന്നതിനും കാരണമാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.

നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിക്കുക, നഴ്‌സിങ്–മിഡ്‌വൈഫറി നിയമനങ്ങൾ രോഗികളുടെ ആവശ്യവും ചികിത്സയുടെ ഗൗരവവും അടിസ്ഥാനമാക്കി നടത്തുക, ആവശ്യമായ ജീവനക്കാരില്ലാതെ പുതിയ ബെഡുകളോ സേവനങ്ങളോ ആരംഭിക്കരുത് എന്നിവയാണ് INMOയുടെ പ്രധാന ആവശ്യങ്ങൾ. സുരക്ഷിതമായി സേവനം നടത്താൻ ആവശ്യമായ ജീവനക്കാരില്ലാത്ത സാഹചര്യത്തിൽ, രോഗികളെയും ജീവനക്കാരെയും അപകടത്തിലാക്കുന്നതിനുപകരം സേവനങ്ങളോ ബെഡുകളോ നിയന്ത്രിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

കുടിയേറ്റ നേഴ്സുമാരും വലിയ സമ്മർദ്ദത്തിലാണ് എന്ന് MNI കൺവീനർ വർഗീസ് ജോയ്

നിയമന നിയന്ത്രണം മൂലം കുടിയേറ്റ നേഴ്സുമാർ കൂടുതൽ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത് എന്ന് മൈഗ്രന്റ് നേഴ്സസ് അയലൻഡ് (MNI) കൺവീനർ വർഗീസ് ജോയ് ആരോപിച്ചു. വർക്ക് പ്ലേസിലെ ജീവനക്കാരുടെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന സമ്മർദ്ദങ്ങൾക്കു പുറമേ വീടുകളുടെ ലഭ്യതക്കുറവും ഉയർന്ന വാടകയും വിലക്കയറ്റവും ഉണ്ടാക്കുന്ന സമ്മർദ്ദവും അതിജീവിക്കേണ്ട ഗതികേടിലാണ് കുടിയേറ്റക്കാരായ നഴ്സുമാർ എന്ന് വർഗീസ് ജോയ് ചൂണ്ടിക്കാട്ടി. INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ കൂടിയാണ് വർഗീസ് ജോയ്

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments