വെസ്റ്റ്‌മീത്ത് റോസ് കയോൽഫിൻ നി കോയിലിഗിന് റോസ് ഓഫ് ട്രലി കിരീടം

By Rose Malayalam Desk

ഈ വർഷത്തെ റോസ് ഓഫ് ട്രലി കിരീടം വെസ്റ്റ്‌മീത്ത് റോസ് കയോൽഫിൻ നി കോയിലിഗ് (Caoilfhinn Ní Choiligh) സ്വന്തമാക്കി. ട്രലിയിലെ MTU കെറി സ്പോർട്സ് അക്കാദമിയിൽ ചൊവ്വാഴ്ച രാത്രി നടന്ന ഫൈനലിലാണ് 25കാരിയായ കയോൽഫിനെ ഈ വർഷത്തെ ഇന്റർനാഷണൽ റോസ് ഓഫ് ട്രലിയായി പ്രഖ്യാപിച്ചത്. 32 റോസുകളിൽ നിന്നാണ് വെസ്റ്റ്‌മീത്ത് പ്രതിനിധി കിരീടം നേടിയത്.

മുടികൊഴിച്ചിലിന് കാരണമാകുന്ന അലോപീഷ്യയുമായുള്ള തന്റെ ജീവിതാനുഭവം വേദിയിൽ തുറന്നുപറഞ്ഞതാണ് കയോൽഫിന്റെ പ്രകടനത്തിലെ ശ്രദ്ധേയമായ ഭാഗം. 15-ാം വയസ്സിൽ മുടി കൊഴിയാൻ തുടങ്ങിയതിനെ തുടർന്ന് വർഷങ്ങളായി വിഗ് ഉപയോഗിക്കുന്ന കയോൽഫിൻ, മത്സരത്തിനിടെ തന്റെ പ്രിയപ്പെട്ട വിഗുകൾ പരിചയപ്പെടുത്തുകയും പിന്നീട് വിഗ് മാറ്റി തന്റെ മുടികൊഴിച്ചിൽ തുറന്നുകാട്ടുകയും ചെയ്തു.സ്വന്തം അനുഭവം മറ്റുള്ളവരെ സഹായിക്കാനുള്ള ദൗത്യമായി മാറ്റിയ കയോൽഫിൻ Hair Loss Haven എന്ന പിന്തുണാ കൂട്ടായ്മയുടെ സഹസ്ഥാപക കൂടിയാണ്. മുടികൊഴിച്ചിൽ അനുഭവിക്കുന്നവർക്ക് പിന്തുണയും കൂടിക്കാഴ്ചകൾക്കുള്ള വേദിയും ഒരുക്കുന്ന ഈ സംരംഭത്തിനൊപ്പം വിഗ് നിർമ്മാണവും അവർ പഠിച്ചുവരികയാണ്.

കിരീടം പ്രഖ്യാപിച്ചതിന് പിന്നാലെ വികാരാധീനയായ കയോൽഫിൻ, തനിക്ക് ഇതുവരെ നടന്നതെല്ലാം യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സഹമത്സരാർത്ഥികളുടെ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും പറഞ്ഞു. കഴിഞ്ഞ വർഷത്തെ റോസ് ഓഫ് ട്രലി, ലാവോയിസ് സ്വദേശിനിയായ കെയ്‌റ്റ്ലിൻ കമ്മിൻസ് ആണ് കിരീടം കയോൽഫിന് കൈമാറിയത്.

2026ലെ റോസ് ഓഫ് ട്രലി ഫെസ്റ്റിവൽ ഓഗസ്റ്റ് 14 മുതൽ 18 വരെ കെറി കൗണ്ടിയിലെ ട്രലിയിൽ നടന്നത്. അയർലൻഡിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 32 റോസുകളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഓഗസ്റ്റ് 17, 18 തീയതികളിൽ നടന്ന രണ്ട് ടെലിവിഷൻ സെലക്ഷൻ നൈറ്റുകളിലൂടെയാണ് കിരീടജേതാവിനെ തിരഞ്ഞെടുത്തത്.

റോസ് ഓഫ് ട്രലിയായി അടുത്ത ഒരു വർഷം കയോൽഫിൻ അയർലൻഡിലും വിദേശത്തും ഫെസ്റ്റിവലിന്റെ അംബാസഡറായി പ്രവർത്തിക്കും. സമ്മാനപ്പാക്കേജിൽ 25,000 യൂറോയുടെ യാത്രാ സമ്മാനവും, ഒരു വർഷത്തേക്ക് പുതിയ കാർ ഉപയോഗിക്കാനുള്ള സൗകര്യവും ട്രലിയിലെ ഹോട്ടൽ താമസവും ഹെയർ ട്രീറ്റ്‌മെന്റുകളും ഉൾപ്പെടുന്നു.ഇത്തവണത്തെ റോസ് ഓഫ് ട്രലി കിരീടം ഒരു സൗന്ദര്യമത്സരത്തിനപ്പുറം വ്യക്തിപരമായ അനുഭവങ്ങളും സാമൂഹിക ബോധവൽക്കരണവും ആത്മവിശ്വാസവും വേദിയിലെത്തിച്ച കയോൽഫിൻ നി കോയിലിഗിന്റെ വിജയമായാണ് ശ്രദ്ധ നേടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments