2700 സ്പീഡിംഗ് ഫൈനുകൾ റദ്ദാക്കി; നിങ്ങളുടെ ഫൈൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചോ???

By Rose Malayalam Desk

അയർലൻഡിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളുമായി ബന്ധപ്പെട്ട പിഴവുകളെ തുടർന്ന് 2,785 സ്പീഡിംഗ് ഫിക്സഡ് ചാർജ് നോട്ടീസുകൾ റദ്ദാക്കി. 2025-ൽ നടന്ന സംഭവങ്ങളിലായി പിഴയും പെനാൽറ്റി പോയിന്റുകളും റദ്ദാക്കേണ്ടിവന്നതോടെ സംസ്ഥാനത്തിന് ഏകദേശം €445,000 പിഴവരുമാനം നഷ്ടമായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു.

റദ്ദാക്കിയ കേസുകളിൽ ഒന്ന് കൗണ്ടി മയോയിലെ N17-ലെ സ്റ്റാറ്റിക് സ്പീഡ് ക്യാമറയുമായി ബന്ധപ്പെട്ടതാണ്. 2024 ഡിസംബർ 20 മുതൽ 2025 ഫെബ്രുവരി 12 വരെ ഈ ക്യാമറ വഴി നൽകിയ 1,871 ഫിക്സഡ് ചാർജ് നോട്ടീസുകളാണ് റദ്ദാക്കിയത്.ക്യാമറ വാഹനങ്ങളുടെ വേഗത കൃത്യമായി കണ്ടെത്തിയിരുന്നെങ്കിലും, ക്യാമറയിലെ റഡാർ ഘടകത്തിന് ആവശ്യമായ സാധുവായ കാലിബ്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ക്യാമറ സർട്ടിഫൈ ചെയ്യുകയും പിന്നീട് സാധുവായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. ഈ കാലയളവിലെ 1,871 കേസുകളിലെ പിഴയും പെനാൽറ്റി പോയിന്റുകളും റദ്ദാക്കുകയായിരുന്നു.

കിൽക്കെനിയിലെ ഗ്ലെൻമോറിലെ ക്യാമറയിലും പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ചുമത്തിയ ഫൈനും പെനാൽറ്റിയും റദ്ദാക്കേണ്ടിവന്നു. ഈ ക്യാമറ വഴി കണ്ടെത്തിയ 914 സ്പീഡിങ് ഫൈൻസ് ആണ് റദ്ദാക്കേണ്ടിവന്നത്.കൗണ്ടി കിൽക്കെനിയിലെ വാട്ടർഫോർഡ്- വെക്സ്ഫോർഡ് റൂട്ടിനിടയിലുള്ള ഗ്ലെൻമോറിലെ സ്റ്റാറ്റിക് ക്യാമറയിൽ2025 മേയ് 30 മുതൽ ജൂൺ 30 വരെ പതിഞ്ഞ നിയമലംഘനങ്ങൾക്ക് നൽകിയ നോട്ടീസുകളാണ് റദ്ദാക്കിയത്. ഇവിടെ ക്യാമറയുടെ കാലിബ്രേഷൻ ആയിരുന്നില്ല പ്രശ്നം. ഫിക്സിഡ് ചാർജ് നോട്ടീസിലെ സ്പീഡിങ് ഓഫൻസ് നടന്ന സ്ഥലത്തിന്റെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണ് പിഴവിന് കാരണം.നോട്ടീസുകളിൽ സ്ഥലം “N25, Ballynamona, Mullinavat, Kilkenny” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ക്യാമറ സ്ഥിതി ചെയ്യുന്നത് Ballynamona, Glenmore പ്രദേശത്താണ്. ഈ തെറ്റായ ലൊക്കേഷൻ രേഖപ്പെടുത്തിയതിനെ തുടർന്നാണ് 914 കേസുകൾ അസാധുവായത്.

ഈ 914 കേസുകളിൽ 128 പേർ പിഴ അടയ്ക്കുകയും പെനാൽറ്റി പോയ്ന്റ്സ് ലഭിക്കുകയും ചെയ്തിരുന്നു. 56 പേർ പിഴ അടച്ചെങ്കിലും പെനാൽറ്റി പോയ്ന്റ്സ് രേഖപ്പെടുത്തുന്നതിന് മുമ്പ് പിഴവ് കണ്ടെത്തി. ബാക്കിയുള്ള 730 നോട്ടീസുകളിൽ പണം അടച്ചിരുന്നില്ല. ബാധിക്കപ്പെട്ടവർക്ക് അടച്ച പിഴ തിരികെ നൽകുകയും പെനാൽറ്റി പോയ്ന്റ്സ് നീക്കം ചെയ്യുകയും ചെയ്തു. 2025 ജൂലൈ 4 മുതൽ ഈ ക്യാമറയിൽ നിന്നുള്ള സ്പീഡിങ് ഡീറ്റെക്ഷൻസ് എല്ലാം സാധുവാണെന്ന് ഗാർഡ വ്യക്തമാക്കി. റദ്ദാക്കൽ 2025 മേയ് 30 മുതൽ ജൂൺ 30 വരെയുള്ള 914 നോട്ടീസുകൾക്ക് മാത്രമാണ് ബാധകം.

നിങ്ങളുടെ ഫൈൻ ഉൾപ്പെട്ടിട്ടുണ്ടോ?

N17 Mayo ക്യാമറയിൽ നിന്ന് 2024 ഡിസംബർ 20–2025 ഫെബ്രുവരി 12 കാലയളവിൽ ലഭിച്ച നോട്ടീസ് ആണെങ്കിൽ, അത് റദ്ദാക്കിയ 1,871 കേസുകളിൽ ഉൾപ്പെടും.N25 Kilkenny/Glenmore ക്യാമറയിൽ നിന്ന് 2025 മേയ് 30–ജൂൺ 30 കാലയളവിൽ ലഭിച്ച നോട്ടീസ് ആണെങ്കിൽ, അത് റദ്ദാക്കിയ 914 കേസുകളിൽ ഉൾപ്പെടും.ഗാർഡയുടെ അറിയിപ്പ് പ്രകാരം ബാധിക്കപ്പെട്ട വാഹനയുടമകൾക്ക് കത്ത് അയച്ചിട്ടുണ്ട്. ആരും പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതില്ലെന്നും ഗാർഡ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സ്പീഡിങ് നോട്ടീസ് ഈ റദ്ദാക്കിയ കേസുകളിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഗാർഡ ഫിക്സഡ് ചാർജ് നോട്ടീസ് ഹെല്പ് ഡസ്ക്കിൽ ബന്ധപ്പെടാം:

📞 0818 50 60 80

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments