Category: World

  • ‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

    ‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

    ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.

    പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു. ഗാസയിലേയ്ക്കുള്ള ഭക്ഷണവും, സഹായങ്ങളും തടഞ്ഞും, സഹായത്തിനായി കാത്തുനില്‍ക്കുന്നവരെ കൂട്ടക്കുരുതി നടത്തിയും ഇസ്രായേല്‍ വംശഹത്യ നടത്തുകയാണ് എന്ന ആരോപണം ശക്തമാണ്. ഇതിനിടെ ഫ്രാന്‍സും, ബ്രിട്ടനും പലസ്തീന് പിന്തുണയുമായി വന്നതോടെ ഗാസയില്‍ നിന്നും പിന്‍വാങ്ങാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദമേറും.

  • ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം’: സൈമൺ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ഒപ്പുവച്ച കത്ത് പുറത്ത്

    ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം’: സൈമൺ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ഒപ്പുവച്ച കത്ത് പുറത്ത്

    ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൈമണ്‍ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍. ഗാസയില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി പുതിയ ആഴങ്ങളില്‍ എത്തിയതായും മന്ത്രിമാര്‍ വ്യക്തമാക്കി.

    ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും, സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ പ്രവൃത്തിയെ അപലപിച്ചു മന്ത്രിമാര്‍, ആഗോള മനുഷ്യാവകാശ നിയമങ്ങളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

    ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രിമാര്‍ പുറത്തിറക്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

    ഐറിഷ് വിദേശകാര്യമന്ത്രിയായ സൈമണ്‍ ഹാരിസിന് പുറമെ Australia, Austria, Belgium, Canada, Denmark, Estonia, Finland, France, Iceland, Italy, Japan, Latvia, Lithuania, Luxembourg, The Netherlands, New Zealand, Norway, Poland, Portugal, Slovenia, Spain, Sweden, Switzerland, UK എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

    ഭക്ഷണത്തിനും, മറ്റുമായി സഹായകേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നവരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തുന്നത് ഗാസയില്‍ പതിവായിരിക്കുകയാണ്. ഇസ്രായേലിന്റെ ഈ സഹായകേന്ദ്രങ്ങള്‍ അപകടകരമാണെന്നും, 800-ലധികം പലസ്തീന്‍കാര്‍ ഇത്തരത്തില്‍ സഹായം കാത്തു നില്‍ക്കവേ കൊല്ലപ്പെട്ടു എന്നത് ഭയപ്പെടുത്തുന്നതാണെന്നും കത്തില്‍ പറയുന്നു. അടിസ്ഥാന മാനുഷിക പരിഗണന പോലും ഇസ്രായേല്‍ നല്‍കാന്‍ തയ്യാറാകുന്നില്ല എന്നത് തീര്‍ത്തും അസ്വീകാര്യമാണെന്നും കത്ത് വ്യക്തമാക്കി. പലസ്തീനെ രണ്ടാക്കി ഭാഗിക്കണമെന്നാവശ്യപ്പെടുന്ന ഇസ്രായേലിന്റെ E1 കരാര്‍ നിര്‍ദ്ദേശത്തെയും മന്ത്രിമാര്‍ വിമര്‍ശിച്ചു. പലസ്തീനികളെ ഇത്തരത്തില്‍ ബലമായി മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

    ഇസ്രായേലുമായുള്ള വ്യാപാരബന്ധം

    ഇസ്രായേലിലെ ഇറക്കുമതിയില്‍ മൂന്നില്‍ ഒന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമാണ്. എന്നാല്‍ ഇയുവിലേയ്ക്ക് ഇസ്രായേലില്‍ നിന്നുമുള്ള കയറ്റുമതിയാകട്ടെ 1% മാത്രവും. അതേസമയം ഇസ്രായേലുമായുള്ള വ്യാപാരബന്ധം നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ യൂണിയന് ഏകകണ്ഠമായി തീരുമാനമെടുക്കാന്‍ സാധിക്കില്ല. കാരണം ഓസ്ട്രിയ, ജര്‍മ്മനി, ഹംഗറി മുതലായ രാജ്യങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിന് പിന്തുണ നല്‍കിവരുന്നുണ്ട്.

  • ഗാസ വിഷയത്തിൽ അയർലണ്ടിന്റെ പ്രതികരണം; നിങ്ങളുടെ അഭിപ്രായം എന്ത്?

    ഗാസ വിഷയത്തിൽ അയർലണ്ടിന്റെ പ്രതികരണം; നിങ്ങളുടെ അഭിപ്രായം എന്ത്?

    ഗാസ വിഷയത്തില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ പിന്തുണച്ച് രാജ്യത്ത് പകുതിയോളം ജനങ്ങള്‍. iReach നടത്തിയ സര്‍വേ പ്രകാരം ഗാസയിലെ യുദ്ധത്തില്‍ ഐറിഷ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ 46% പേരും ‘നല്ലത്’ എന്ന രീതിയിലും, 10% പേര്‍ ‘വളരെ നല്ലത്’ എന്ന രീതിയിലുമാണ് കാണുന്നത് എന്നാണ് വ്യക്തമായത്. പലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള ഇറക്കുമതി നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

    സ്ത്രീ-പുരുഷ അഭിപ്രായങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചാല്‍ 53% പുരുഷന്മാര്‍ സര്‍ക്കാരിന്റെ നടപടികള്‍ നല്ലതാണ് എന്ന് പറഞ്ഞപ്പോള്‍ 40% സ്ത്രീകളാണ് ഇതേ അഭിപ്രായം പറഞ്ഞത്.

    അതേസമയം 60% പേര്‍ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ അയര്‍ലണ്ട് പൊതു ഇടത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് എടുക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 25-34 പ്രായക്കാരാണ് ഈ ആവശ്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത ഈ പ്രായക്കാരിലെ 75% പേരും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

    ഗാസയില്‍ മനുഷ്യത്വപരമായ സഹായങ്ങള്‍ അയര്‍ലണ്ട് നല്‍കേണ്ടതുണ്ട് എന്ന് 75% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 62% പേര്‍ പ്രശ്‌നത്തെ അയര്‍ലണ്ട് നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭിപ്രായപ്പെട്ടത് 38% പേരാണ്.

    അതേസമയം 18-24 പ്രായക്കാരില്‍ 83% പേരും ഗാസയില്‍ അയര്‍ലണ്ട് സഹായം എത്തിക്കണമെന്നും, 57% അഭയാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും അഭിപ്രായപ്പെട്ടു.

    ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന യുദ്ധം തങ്ങളെയും ബാധിക്കുന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 65% പേരും പ്രതികരിച്ചു. 25% പേരാണ് വളരെ വലിയ രീതിയില്‍ ബാധിക്കുന്നു എന്ന് പ്രതികരിച്ചത്.

  • ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; തിങ്കളാഴ്ച കൊല്ലപ്പെട്ടത് 74 പേർ

    ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; തിങ്കളാഴ്ച കൊല്ലപ്പെട്ടത് 74 പേർ

    ഗാസയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍. തിങ്കളാഴ്ച 74 പേരെയാണ് ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഗാസ സിറ്റിയിലെ Al-Baqa Cafe-യിലുണ്ടായ വ്യോമാക്രമണത്തില്‍ 30 പേരും, മറ്റൊരു ആക്രമണത്തില്‍ ഭക്ഷണം കാത്തുനിന്ന 23 പലസ്തീനികളും കൊല്ലപ്പെട്ടു.

    20 മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കഫേ. ജനങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും, വൈഫൈ കണക്ട് ചെയ്യാനും ഇവിടമാണ് ആശ്രയിച്ചിരുന്നത്. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് കഫേയിലേയ്ക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

    ഗാസ സിറ്റിയില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി Shifa Hospital അറിയിച്ചു. കെട്ടിടത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ആറ് പേരും കൊല്ലപ്പെട്ടു.

    തെക്കന്‍ ഗാസയിലെ Khan Younis-ല്‍ ഭക്ഷണത്തിന് കാത്തുനിന്ന 11 പലസ്തീനികളെയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഇവര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-യുഎസ് എന്നിവര്‍ സംയുക്തമായി ഭക്ഷണവിതരണം നടത്തിവരുന്ന Gaza Humanitarian Fund (GHF) കേന്ദ്രത്തിന് സമീപമായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.

    വടക്കന്‍ ഗാസയില്‍ United Nations-ന്റെ ഭക്ഷണ-സഹായ വിതരണകേന്ദ്രത്തിന് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും 10 പേര്‍ കൊല്ലപ്പെട്ടു. മറ്റ് ആക്രമണങ്ങളിലായി രണ്ട് പേരും കൊല്ലപ്പെട്ടു.

    ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നതെങ്കിലും ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് തുടരുകയാണ്. സാധാരണക്കാര്‍ക്കിടയടില്‍ ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്നാണ് ഇസ്രായേലിന്റെ വാദം.

    ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന രീതി ഏതാനും നാളായി ഇസ്രായേല്‍ തുടര്‍ന്നുവരികയാണ്. കഴിഞ്ഞ മാസം ഇത്തരത്തില്‍ 500-ലധികം പേരാണ് കൊല്ലപ്പെട്ടത്. പലസ്തീനികളെ വംശഹത്യ ചെയ്യാനായി ഇത്തരത്തില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ഈ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒന്നുകില്‍ ഭക്ഷണം കിട്ടാതെ മരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തിനായി എത്തുമ്പോള്‍ കൊല്ലപ്പെടുക എന്നിങ്ങനെ രണ്ട് വഴികള്‍ മാത്രമാണ് പലസ്തീനികള്‍ക്ക് മുന്നിലുള്ളതെന്ന് 165 അന്താഷ്ട്ര ചാരിറ്റികളും, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളും നടത്തിയ സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

    യുദ്ധത്തില്‍ ഇതുവരെ 56,000-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്.

  • യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം; ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ബെൽജിയം അടക്കം ചുട്ടുപൊള്ളുന്നു

    യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം; ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ബെൽജിയം അടക്കം ചുട്ടുപൊള്ളുന്നു

    ഫ്രാന്‍സ് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഈ വേനല്‍ക്കാലത്തെ ആദ്യത്തെ വലിയ ഉഷ്ണതരംഗമാണിതെന്ന് ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ അമിത ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം (heatwave) എന്ന് പറയുന്നത്.

    ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പാരിസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ഉഷ്ണതരംഗം കാര്യമായി ബാധിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ പറയുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് എടുത്തിട്ടില്ലാത്തവര്‍ യാത്ര നീട്ടിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

    ബെല്‍ജിയം, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളിലും പതിവിലുമധികം ചൂട് ഉയരും. അതേസമയം പോര്‍ച്ചുഗലില്‍ താപനില കുറയുകയാണ്. ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പില്ല.

    സ്‌പെയിനിലെ ബാഴ്‌സലോണയില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു ഈ കഴിഞ്ഞത്. ഇറ്റലിയിലെ 27 പ്രധാന നഗരങ്ങളില്‍ 17 ഇടത്തും ഉഷ്ണതരംഗം ബാധിച്ചിട്ടുണ്ട്.

    താപനില ഉയരുന്നതോടെ യൂറോപ്പിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യൂറോപ്പില്‍ ഭാവിയിലെ വേനല്‍ക്കാലങ്ങള്‍ വളരെ ചൂടേറിയതായി മാറുമെന്നും, 2100-ഓടെ ഫ്രാന്‍സിലെ താപനില 4 ഡിഗ്രി കൂടി ഉയരുമെന്നും ഗവേഷകര്‍ പറയുന്നു. ചില സമയങ്ങളില്‍ ചൂട് 50 ഡിഗ്രി വരെ എത്തും. 2100-ഓടെ ഉഷ്ണതരംഗങ്ങള്‍ പത്തിരട്ടിയാകാനും സാധ്യതയുണ്ട്.

    പോര്‍ച്ചുഗലില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേനലില്‍ ഇത് സാധാരണമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ 43 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

  • ഗാസയിൽ ഭക്ഷണം ‘ആയുധമാക്കി’ ഇസ്രായേൽ; സഹായത്തിനു കാത്തുനിൽക്കുന്നവർക്ക് നേരെയും ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

    ഗാസയിൽ ഭക്ഷണം ‘ആയുധമാക്കി’ ഇസ്രായേൽ; സഹായത്തിനു കാത്തുനിൽക്കുന്നവർക്ക് നേരെയും ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

    ഗാസയില്‍ ഭക്ഷണം ‘ആയുധമാക്കുന്ന’ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഭക്ഷണത്തിന്റെ ലഭ്യത കുറച്ചും, ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രായേല്‍ നടത്തിവരുന്നത് യുദ്ധ കുറ്റകൃത്യമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

    ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ക്യാംപിന് സമീപം സഹായത്തിനായി കാത്തുനിന്ന 25 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മദ്ധ്യ ഗാസസിലും സഹായം കാത്തുനിന്ന 21 പേരെ ഇസ്രായേൽ വധിച്ചു. സഹായം കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ വെടിവയ്ക്കുകയും, ഷെല്‍ ആക്രമണം നടത്തുകയുമാണ് ഇസ്രായേലി സൈന്യം ചെയ്യുന്നതെന്ന് സിവില്‍ ഡിഫന്‍സ് പറയുന്നു. യുദ്ധത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത് തുടരുകയാണ്.

    ഗാസയില്‍ സഹായം നല്‍കിവരുന്ന ഒരു റെഡ്‌ക്രോസ് വൊളന്റിയറും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബറിന് ശേഷം കൊല്ലപ്പെടുന്ന റെഡ്‌ക്രോസ് വൊളന്റിയര്‍മാരുടെ എണ്ണം അഞ്ചായി.

    ഗാസ മുനമ്പില്‍ യുഎസ് പിന്തുണയോടെ ഈയിടെ നിലവില്‍ വന്ന സഹായവിതരണ സംവിധാനത്തെ യുഎന്‍ വിമര്‍ശിക്കുകയും ചെയ്തു. സഹായത്തിനായി കേഴുന്ന ആളുകളെ അപമാനിക്കുന്നതും, കൂടുതല്‍ ആളുകളെ കൊല്ലുന്നതിലേയ്ക്ക് നയിക്കുന്നതുമാണ് ഇതെന്ന് പലസ്തീനി അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി മേധാവി Philippe Lazzarini പറഞ്ഞു. മെയ് 26 മുതലാണ് യുഎസ്-ഇസ്രായേല്‍ സഹകരണത്തില്‍ Gaza Humanitarian Foundation (GHF) ഗാസയില്‍ ഭക്ഷണം അടക്കമുള്ള സഹായവിതരണം ആരംഭിച്ചത്. പുറത്തുനിന്നുള്ള സഹായം വിലക്കിക്കൊണ്ടുള്ള ഈ നടപടി അക്ഷരാര്‍ത്ഥത്തില്‍ വിശപ്പ് ആയുധമാക്കി പലസ്തീനികളെ വംശഹത്യ നടത്താനുള്ളതാണെന്നാണ് വിമര്‍ശനം.

    ഗാസയിലേയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തുന്നതിനും ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ നടക്കുന്നത് എന്തെല്ലാമാണെന്ന് കൃത്യമായി പുറംലോകത്തേക്ക് എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ഗാസയിലെ മറ്റ് പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.

  • ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

    ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

    കഴിഞ്ഞ ദിവസം വ്യോമപാത അടച്ചതിനെ തുടർന്ന് ദോഹ, ദുബായ് എയർപോർട്ടുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കമുള്ളവരാണ് വിമാനങ്ങൾ റദ്ദാക്കിയതും, വൈകിയതും കാരണം വിഷമത്തിലായിരിക്കുന്നത്. ഇന്നലെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്തോടെയാണ് ഖത്തർ വ്യോമപാത അടച്ചത്. ഖത്തറിനു പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിവയും വ്യോമപാത താൽക്കാലത്തേക്ക് അടിച്ചിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിച്ചതിനു പിന്നാലെ വ്യോമപാത തുറന്നെങ്കിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചിരിക്കുകയാണ്.

    പല യാത്രക്കാരും ദോഹ ഹമദ് എയർപോർട്ടിൽ മണിക്കൂറുകളാണ് വിമാനത്തിൽ കയറാനായി ക്യൂ നിൽക്കുന്നത്. 19 മണിക്കൂറായി ഉറങ്ങാത്തവർ പോലും ഉണ്ട്. ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക് അധികൃതർ വെള്ളം മാത്രമേ നൽകിയുള്ളൂ എന്നും പരാതിയുണ്ട്. ദോഹ എയർപോർട്ടിൽ മാത്രം 25,000 പേർ കുടുങ്ങിയതായാണ് റിപ്പോർട്ട്‌. ഇവിടെ 250 സർവീസുകൾ മുടങ്ങുകയും, 238 എണ്ണം വൈകുകയും ചെയ്തതായാണ് വിവരം.

    ദുബായ് എയർപോർട്ടിലും സ്ഥിതി സമാനമാണ്. ഇവിടെ 145 സർവീസുകൾ റദ്ദാക്കിയപ്പോൾ 450-ലധികം സർവീസുകൾ വൈകി.

    സർവീസുകൾ സാധാരണ ഗതിയിലാക്കാൻ ശ്രമം നടത്തി വരികയാണെന്നും, ജൂൺ 26 വരെ സർവീസുകളെ ബാധിച്ചെക്കാമെന്നും ഖത്തർ എയർവേയ്‌സ് പറഞ്ഞു.

    യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അനവധി വിമാന സർവീസുകൾ ആശ്രയിക്കുന്നത് ഗൾഫ് മേഖലയിലെ എയർപോർട്ടുകളെയാണ് എന്നതാണ് ഇറാൻ – ഇസ്രായേൽ യുദ്ധം ഇത്രകണ്ടു സർവീസുകളെ ബാധിക്കാൻ കാരണം. റഷ്യ-ഉക്രെയിൻ യുദ്ധം കാരണം അവരുടെ വ്യോമപാത ഉപയോഗിക്കാൻ സാധിക്കാത്തത് ഇവിടുത്തെ തിരക്ക് കൂട്ടുകയും ചെയ്തു. അയർലണ്ടിലേയ്ക്കുള്ള ഇന്ത്യക്കാർ അടക്കം ഈ റൂട്ട് വഴിയാണ് യാത്ര ചെയ്യുന്നത്.

    അതേസമയം യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് ഇസ്രായേലിനോട് ആവശ്യപ്പെടുകയും വെടിനിർത്താൽ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ആക്രമണം അവസാനിച്ചില്ല എന്നാണ് റിപ്പോർട്ട്‌. ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി ആരോപിച്ച ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തി. എന്നാൽ വെടിനിർത്തൽ ലംഘിച്ചു എന്ന ആരോപണം ഇറാൻ നിഷേധിച്ചു.

  • ഇറാൻ – ഇസ്രായേൽ യുദ്ധം; ഖത്തർ വ്യോമപാത അടച്ചു

    ഇറാൻ – ഇസ്രായേൽ യുദ്ധം; ഖത്തർ വ്യോമപാത അടച്ചു

    ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത താത്കാലികമായി അടച്ചതായി ഖത്തർ. രാജ്യത്തെ പൗരന്മാരുടെയും, താമസക്കാരുടെയും, സഞ്ചരികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

    അതേസമയം സുരക്ഷ ഉദ്ദേശിച്ചുള്ള മുൻകരുതലാണ് ഇതെന്നും, രാജ്യത്ത് പ്രത്യേക ഭീഷണി ഒന്നും ഇല്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഡോ. മജീദ് ബിൻ മുഹമ്മദ്‌ അൽ അൻസാരി അറിയിച്ചു. രാജ്യത്തെ സുരക്ഷ സുസ്ഥിരമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തുള്ളവരുടെ സുരക്ഷ ഉറപ്പിക്കാൻ എല്ലാ നടപടികളും എടുക്കാൻ തങ്ങൾ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആളുകൾ ഔദ്യോഗിക വിഭാഗത്തിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും, വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതാണെന്നും വാർത്താ കുറിപ്പ് വിശദീകരിക്കുന്നു. മേഖലയിലെ യുദ്ധത്തിന് പരിഹാരം കാണാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

    അതേസമയം ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്.

  • ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

    ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

    ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്.

    യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു.

    2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ ബെലറൂസ് പ്രസിഡന്റായ Alexander Lukashenko-യ്‌ക്കെതിരെ മത്സരിക്കാന്‍ Tikhanovsky ശ്രമിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കലാപം നടത്താന്‍ ശ്രമിച്ചുവെന്നും, വിദ്വേഷം പരത്തിയെന്നും ആരോപിച്ച് 2021-ല്‍ അദ്ദേഹത്തെ 18 വര്‍ഷം തടവിന് വിധിച്ചു. ‘ധിക്കാരം’ കാട്ടിയെന്ന പേരില്‍ 18 മാസത്തെ അധികതടവും വിധിച്ചിരുന്നു.

    1994 മുതല്‍ ബെലറൂസില്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് Lukashenko, എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും അടിച്ചമര്‍ത്തിവരികയാണ്. സ്വേച്ഛാധിപത്യ ഭരണം നടത്തിവരുന്ന Lukashenko മാദ്ധ്യമസ്വാതന്ത്ര്യത്തെയടക്കം വിലക്കുകയും ചെയ്യുകയാണ്. ബെലറൂസിലെ തെരഞ്ഞെടുപ്പ് സ്വതന്ത്രമാണെന്ന് അന്താരാഷ്ട്ര തലത്തിലും അഭിപ്രായമില്ല. യൂറോപ്പില്‍ വധശിക്ഷ നിലനില്‍ക്കുന്ന ഏക രാജ്യമായും ബെലറൂസ് തുടരുകയാണ്. രാജ്യത്ത് ഏകേശം 1,000-ലധികം രാഷ്ട്രീയ തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്.

  • യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

    യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

    ഗാസ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഗാസയില്‍ ഇയുവുമായുള്ള മനുഷ്യാവകാശ കരാര്‍ ലംഘിച്ച ഇസ്രായേല്‍, 2023 ഒക്ടോബര്‍ 7-ന് തുടങ്ങിയ ആക്രമണങ്ങളിലൂടെ ഇതുവരെ കുട്ടികളടക്കം 55,637 പേരെയാണ് കൊന്നത്. ഇത് ഇയു-ഇസ്രായേല്‍ സഹകരണ കരാറിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ള 17 യൂറോപ്യന്‍ നേതാക്കളാണ് ഗാസ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്.

    റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത മാര്‍ട്ടിന്‍, ഈ പ്രശ്‌നം പരിഹരിക്കാനായി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും, അടുത്തയാഴ്ച ബ്രസ്സല്‍സില്‍ നടക്കുന്ന നേതാക്കളുടെ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി. ഗാസയിലും, വെസ്റ്റ് ബാങ്കിലും അന്താരാഷ്ട്ര ഉത്തരവാദിത്തം പാലിക്കുന്നതില്‍ ഇസ്രായേല്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയിരിക്കുകയാണെന്നും, ഇയുവുമായുള്ള കരാര്‍ ലംഘിച്ചതിനും, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ആക്രമണം നടത്തിയതിനും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഗാസയില്‍ ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇസ്രായേല്‍ തടഞ്ഞുവയ്ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഇയു വിദേശകാര്യ കമ്മീഷണര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടും. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഈ നടപടി അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, പട്ടിണിയുണ്ടാക്കി യുദ്ധം ജയിക്കുന്ന രീതിയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

    സാധാരണക്കാരായ ആളുകളെ കൊല്ലുകയും, പരിക്കേല്‍പ്പിക്കുകയും ചെയ്യുകയാണ് ഗാസയില്‍ ഇസ്രായേല്‍ ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയാണ്. മാധ്യമപ്രവര്‍ത്തകരെയും കൊല്ലുന്നുണ്ട്.

    മുമ്പ് ഇസ്രായേല്‍ അനുകൂല നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കന്മാര്‍ എടുത്തതെന്നും, ആക്രമണത്തെ അപലപിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എങ്കിലും റിപ്പോര്‍ട്ടിന് പിന്നാലെ ഇയു ഉടന്‍ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇറാനെതിരായ യുദ്ധത്തില്‍ ഇയു വിദേശകാര്യ കമ്മീഷണര്‍ Kaja Kallas, കമ്മീഷന്‍ പ്രസിഡന്റ് Ursula von der Leyen എന്നിവര്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ ആണവപദ്ധതിക്കെതിരെ ആക്രമണം നടത്തുക വഴി ഇസ്രായേല്‍ വൃത്തികെട്ട പ്രവൃത്തിയാണ് നടത്തുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ Friedrich Merz വിമര്‍ശനമുയര്‍ത്തിയിരുന്നു.