Category: World

  • ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശ ഹത്യ, ലക്ഷ്യം പലസ്തീനികളെ പുറത്താക്കൽ: നിലപാട് വ്യക്തമാക്കി സൈമൺ ഹാരിസ്

    ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശ ഹത്യ, ലക്ഷ്യം പലസ്തീനികളെ പുറത്താക്കൽ: നിലപാട് വ്യക്തമാക്കി സൈമൺ ഹാരിസ്

    ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്. ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പുറത്താക്കുക എന്ന ഇസ്രായേല്‍ പദ്ധതി ഇതിനകം വ്യക്തമായതായും, അവിടെ ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു.

    ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Newstalk radio-യില്‍ സംസാരിക്കവെയാണ് ഹാരിസ് നിലപാട് വ്യക്തമാക്കിയത്.

    പലസ്തീനിലുള്ളവര്‍ക്ക് അടിസ്ഥാനമായ സഹായങ്ങള്‍ പോലും എത്തിച്ച് നല്‍കുന്നതില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ നികൃഷ്ടമാണെന്നും ഹാരിസ് വിമര്‍ശിച്ചു. സഹായം തടയുന്നത് തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ കൈവരിക്കാനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞതില്‍ നിന്നും, അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും, പലസ്തീനികളെ ഗാസ മുനമ്പില്‍ നിന്നും പുറത്താക്കി മറ്റെവിടേക്കെങ്കിലും എത്തിക്കുകയാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നത് നിലവില്‍ സാധ്യമല്ലെന്ന തരത്തിലായി മാറിയിരിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു. പുനഃപരിശോധന നടക്കുന്നതിനാല്‍ EU-Israel Association Agreement നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ ഇയു പ്രതിനിധി സംഘത്തിന് സമീപം വെടിവെപ്പ് ഉണ്ടായതിനെയും ഹാരിസ് അപലപിച്ചു. രണ്ട് ഐറിഷ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. മുന്നറിയിപ്പിന്റെ ഭാഗമായാണ് വെടിവച്ചത് എന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ പ്രതികരണം.

  • കർദിനാൾ റോബർട്ട് പ്രീവോ പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും

    കർദിനാൾ റോബർട്ട് പ്രീവോ പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ നേതാവായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനിമുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമാണ് 69-കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോ. ജനനം യുഎസില്‍ ആണെങ്കിലും പിന്നീട് അദ്ദേഹം പെറു പൗരത്വം സ്വീകരിച്ചിരുന്നു.

    ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനില്‍ 133 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. രണ്ടാം ദിവസം നടന്ന നാലാമത്തെ വോട്ടെടുപ്പിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോയെ കത്തോലിക്കാ സഭയുടെ 267-ആമത് മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത്.

    1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച റോബര്‍ട്ട് പ്രീവോയുടെ പിതാവ് ഫ്രഞ്ച്- ഇറ്റാലിയന്‍ വംശജനും, മാതാവ് സ്പാനിഷ് വംശജയുമാണ്. രണ്ട് സഹോദരന്മാരാണ് അദ്ദേഹത്തിന്. 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ പ്രേവോ, 1977-ല്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതശാസ്ത്ര ബിരുദവും നേടി.

    1982-ലാണ് പ്രീവോ പുരോഹിതനാകുന്നത്. പെറുവിലാണ് പ്രധാനമായും പൗരോഹിത്യ സേവനം നടത്തിയിരുന്നത്. 2015-ല്‍ പെറു പൗരത്വം സ്വീകരിക്കുകയും ചെയ്തു. 2023-ലാണ് പ്രീവോ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടത്.

  • അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

    അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

    അയര്‍ലണ്ടിലേയ്ക്ക് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നതായി റിപ്പോര്‍ട്ട്. Central Statistics Office (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 15% കുറഞ്ഞ് 441,000 ആയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ സന്ദര്‍ശകരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    2024 മാര്‍ച്ചില്‍ അയര്‍ലണ്ടിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 521,800 ആയിരുന്നു. ആ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ 1.4 മില്യണും. എന്നാല്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ആകെ 1.08 മില്യണ്‍ സന്ദര്‍ശകരേ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തിയുള്ളൂ. 23% ആണ് കുറവ്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 7% ആണ് ഈ കുറവെന്നും CSO വ്യക്തമാക്കുന്നു.

    2025 മാര്‍ച്ചിലെ ടൂറിസ്റ്റുകളില്‍ ഏറ്റവുമധികം പേര്‍ എത്തിയത് ബ്രിട്ടനില്‍ നിന്നുമാണ്- 176,100. 2024 മാര്‍ച്ചിനെക്കാള്‍ 12% കുറവാണിത്. രണ്ടാം സ്ഥാനത്തുള്ള യുഎസില്‍ നിന്നും എത്തിയ സന്ദര്‍ശകര്‍ 82,900 ആണ്. ഇത്തവണ അത് 18.2% കുറഞ്ഞ് 101,400 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ കുറവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് 2025 മാര്‍ച്ചില്‍ 27% ആണ് യുഎസിലേയ്ക്കുള്ള ഐറിഷ് സന്ദര്‍ശകരുടെ കുറവ്.

  • കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

    കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

    ടെക് ഭീമന്മാരായ ആപ്പിളിനും, മെറ്റയ്ക്കും വമ്പന്‍ തുക പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് ആപ്പിളിന് 500 മില്യണ്‍ യൂറോയും, മെറ്റയ്ക്ക് 200 മില്യണ്‍ യൂറോയും പിഴയിട്ടത്.

    ആപ്പിളിന്റെ ആപ്പിന് പുറത്തുള്ള അപ്ലിക്കേഷനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ അവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ തടഞ്ഞതിന്റെ പേരിലാണ് ആപ്പിളിന് പിഴ ശിക്ഷ. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാത്ത പക്ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിച്ചതിനാണ് മെറ്റയ്ക്ക് പിഴയിട്ടിരിക്കുന്നത്.

    ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിന് സൗകര്യം നല്‍കാതെ വമ്പന്‍ കമ്പനികള്‍ അപ്രമാദിത്വം കാണിക്കുന്നതിന് തടയിടുന്ന Digital Markets Act (DMA) ആണ് ആപ്പിളും, മെറ്റയും ലംഘിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

    അതേസമയം യുഎസ്-ഇയു താരിഫ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ തങ്ങളുടെ രാജ്യത്തെ കമ്പനികള്‍ക്ക് മേല്‍ വലിയ തുകകള്‍ പിഴ ചുമത്തിയത് യുഎസ് സര്‍ക്കാരിനെ ചൊടിപ്പിച്ചേക്കും. ടെക് കമ്പനികളുടെ മേലുള്ള ഇയു നിയമങ്ങള്‍ക്കെതിരെ നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, അദ്ദേഹം നയിക്കുന്ന സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് മേല്‍ ചുമത്തുന്ന പിഴയും ഒരുതരം നികുതിയായാണ് അവര്‍ കാണുന്നത്.

    തങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന പിഴയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പറഞ്ഞ ആപ്പിള്‍, കമ്പനിയെ ന്യായരഹിതമായി ലക്ഷ്യമിടുകയാണെന്നും പ്രതികരിച്ചിട്ടുണ്ട്.

  • ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

    ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

    ട്രംപിന്റെ താരിഫ് വര്‍ദ്ധന ഭീഷണിക്കിടെയും അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ജനുവരി മാസത്തില്‍ ഇവിടെ നിന്നും യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, ആരോഗ്യ ഉപകരണങ്ങളുടെയും കയറ്റുമതി 130% വര്‍ദ്ധിച്ച് 9.4 ബില്യണ്‍ യൂറോ ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് വീണ്ടും വര്‍ദ്ധിച്ച് 10.5 ബില്യണായി. 2024 ഫെബ്രുവരിയില്‍ 1.9 ബില്യണ്‍ യൂറോ ആയിരുന്നു കയറ്റുമതി വരുമാനം. അതായത് ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 450% വര്‍ദ്ധനയാണ് ഈ മേഖലയിലെ കയറ്റുമതി രേഖപ്പെടുത്തിയത്.

    പ്രസിഡന്റ് താരിഫ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നത് മുന്നില്‍ക്കണ്ട് യുഎസ് കമ്പനികള്‍ സ്റ്റോക്ക് വാങ്ങി സൂക്ഷിക്കുന്നത് കാരണമാണ് കയറ്റുമതി വര്‍ദ്ധിച്ചതെന്നാണ് നിഗമനം. ലോകത്തെ വന്‍കിട മരുന്ന് നിര്‍മ്മാണ കമ്പനികള്‍ പലതിനും അയര്‍ലണ്ടില്‍ സാന്നിദ്ധ്യമുണ്ട്.

    നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പല ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മരുന്നുകള്‍ അടക്കമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അതില്‍ പെട്ടിരുന്നില്ല. പിന്നീട് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കമുള്ള ഇറക്കുമതി തീരുവ 90 ദിവസത്തേയ്ക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവയുടെ താരിഫ് വര്‍ദ്ധന അധികം വൈകാതെ നടപ്പിലാക്കുമെന്ന സൂചനയാണ് ട്രംപ് കഴിഞ്ഞ ദിവസം നല്‍കിയത്. അങ്ങനെ വന്നാല്‍ അയര്‍ലണ്ടിനത് വന്‍ തിരിച്ചടിയാകും.

  • കാലാവസ്ഥാ വ്യതിയാനത്തിൽ പ്രക്ഷുബ്ദ്ധമായി യൂറോപ്പ്; 2024-ൽ ജീവൻ നഷ്ടമായത് 335 പേർക്ക്

    കാലാവസ്ഥാ വ്യതിയാനത്തിൽ പ്രക്ഷുബ്ദ്ധമായി യൂറോപ്പ്; 2024-ൽ ജീവൻ നഷ്ടമായത് 335 പേർക്ക്

    കടുത്ത കാലാവസ്ഥാ മാറ്റം കാരണം യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷവും കൂടിയായിരുന്നു 2024.

    പലയിടത്തുമുണ്ടായ വെള്ളപ്പൊക്കം, ഇടയ്ക്കിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റ് മുതലായവ യൂറോപ്യന്‍ വന്‍കരയില്‍ 335 പേരുടെ ജീവനെടുത്തതായാണ് യൂറോപ്പിലെ കാലാവസ്ഥാ സര്‍വീസ് ആയ Copernicus-ഉം World Meteorological Organisation (WMO)-ഉം കണക്കാക്കുന്നത്. 413,00 പേരെ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ബാധിക്കുകയും ചെയ്തു. ആഗോളതാപനം, മനുഷ്യരുടെ പ്രവൃത്തികള്‍ മൂലം കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചത് എന്നിവയെല്ലാം രൂക്ഷമായ കാലാവസ്ഥാ മാറ്റത്തിന് വഴിതെളിച്ചു. ആകെ 18.2 ബില്യണ്‍ യൂറോയുടെ നാശനഷ്ടം കണക്കാക്കിയതില്‍ 85 ശതമാനവും വെള്ളപ്പൊക്കം കാരണമാണ്.

    ലോകത്ത് നിലവില്‍ ഏറ്റവും വേഗത്തില്‍ താപനില ഉയരുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ താപനില ചരിത്രത്തിലെ തന്നെ റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍, സൗത്ത് ഈസ്‌റ്റേണ്‍ പ്രദേശങ്ങളില്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷക്കാലവും ചരിത്രത്തിലെ ഏറ്റവും ചൂടേറിയതായിരുന്നു.

    അതേസമയം കാലാവസ്ഥയുടെ കാര്യത്തില്‍ യൂറോപ്പിലെ തന്നെ വിവിധ പ്രദേശങ്ങള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. കിഴക്കന്‍ യൂറോപ്പ് വളരെ വരണ്ട കാലാവസ്ഥ അനുഭവിച്ചപ്പോള്‍, അയര്‍ലണ്ട് അടക്കമുള്ള പടിഞ്ഞാറന്‍ യൂറോപ്പ് ഇളംചൂടും, ഈര്‍പ്പമേറിയതുമായി കാലാവസ്ഥയ്ക്കാണ് സാക്ഷിയായത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ 1950-ന് ശേഷം ഏറ്റവും ഈര്‍പ്പമേറിയ വര്‍ഷങ്ങളിലൊന്നുമായിരുന്നു 2024.

    സൗത്ത് ഈസ്റ്റേണ്‍ യൂറോപ്പ് കഴിഞ്ഞ വര്‍ഷത്തിലെ 66 ദിവസം തുടര്‍ച്ചയായി ശക്തമായ ഉഷ്ണ സമ്മര്‍ദ്ദം (heat sterss) അനുഭവിക്കുകയും, 23 ഉഷ്ണരാത്രികളിലൂടെ (tropical nights) കടന്നുപോകുകയും ചെയ്തു.

    സമുദ്രോപരിതല താപനിലയും റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. സാധാരണ താപനിലയെക്കാള്‍ 0.7 ഡിഗ്രി ചൂടാണ് വര്‍ദ്ധിച്ചത്. മെഡിറ്ററേനിയന്‍ കടലിലാകട്ടെ സാധരണ താപനിലയെക്കാള്‍ 1.2 ഡിഗ്രിയാണ് വര്‍ദ്ധിച്ചത്.

    ആഗോളതാപനിലയില്‍ 1.5 ഡിഗ്രി വര്‍ദ്ധനയുണ്ടായാല്‍ അത് വര്‍ഷം യൂറോപ്പില്‍ 30,000 പേരുടെ മരണത്തിലേയ്ക്ക് നയിക്കാമെന്ന് WMO മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം വളരെയേറെ വെള്ളപ്പൊക്ക സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രദേശവുമാണ് യൂറോപ്പ്. യൂറോപ്പിലെ എല്ലാ പ്രദേശങ്ങളിലും മഞ്ഞുരുകുന്നതും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ നിലവിലെ കാലാവസ്ഥാ വ്യതിനായനങ്ങളെ നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി കടുത്ത നടപടികളെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • അധിക നികുതി നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രമ്പ്; യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് ഇയുവും

    അധിക നികുതി നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രമ്പ്; യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് ഇയുവും

    യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ കമ്മീഷൻ. ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങൾക്ക് മേലും ചുമത്തിയ നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചതായി യു എസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ചർച്ചകളിൽ സൂചന നൽകിക്കൊണ്ട് തങ്ങളും അധിക നികുതി ചുമത്തുന്നത് 90 ദിവസത്തേക്ക് നിർത്തി വച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ Ursula von der Leyen വ്യക്തമാക്കിയത്. ഇയുവിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ ട്രമ്പിന്റെ നടപടിക്ക് മറുപടിയായാണ് ഇയു യുഎസിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് അതേ നികുതി തിരിച്ചും ഏർപ്പെടുത്താൻ തീരുമാനിച്ചത്.

    വ്യാപാര യുദ്ധം സംബന്ധിച്ച ഉഭയാകക്ഷി ചർച്ചയ്ക്ക് വഴിയൊരുക്കാനാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിച്ചതെന്ന് Von der Leyen പറഞ്ഞെങ്കിലും ചർച്ച തൃപ്തികരമല്ലെങ്കിൽ പകരം നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

    അതേസമയം ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ 125% നികുതിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രമ്പിന്റെ നിലപാട്. ഇതിനു മറുപടിയായി ചൈന കഴിഞ്ഞ ദിവസം യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% നികുതി ഏർപ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി വർധന മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണിയിൽ ഷെയറുകൾക്ക് മൂല്യം ഉയർന്നിട്ടുണ്ട്.

  • യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

    യുഎസിന് മേൽ 25% നികുതി ഏർപ്പെടുത്തുന്നതിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; യുഎസിനെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?

    യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും.

    പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ വരിക. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി ഏപ്രില്‍ 15 മുതല്‍ നിലവില്‍ വരുമ്പോള്‍, ചിലത് മെയ് 15-നും, ബാക്കി ഡിസംബര്‍ 1-നുമാണ് പ്രാബല്യത്തില്‍ വരിക. അതേസമയം ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് ഈ തീയതികളില്‍ പുതിയ നികുതി പരിധിയില്‍ വരിക എന്നതില്‍ ഇയു എക്‌സിക്യുട്ടീവ് കമ്മീഷന്‍ വ്യക്തത നല്‍കിയിട്ടില്ല.

    യുഎസിന്റെ പുതിയ നികുതിനിരക്കുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതും, പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും ഇയു കമ്മീഷന്‍ പ്രതികരിച്ചു. ഇത് രണ്ട് കൂട്ടര്‍ക്കും സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നും അതിനാല്‍ യുഎസുമായി അനുരഞ്ജന ചര്‍ച്ചയാണ് ഇയു ലക്ഷ്യമിടുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കാറുകള്‍ അടക്കമുള്ള ഇന്‍ഡസ്ട്രിയല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പരസ്പര നികുതി ഒഴിവാക്കാമെന്ന നിര്‍ദ്ദേശം ഇയു കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും, ട്രംപ് അംഗീകരിച്ചിരുന്നില്ല.

    പ്രാദേശികമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിലവില്‍ യുഎസ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയത് ആഗോളവ്യാപാരമേഖലയിലാകെ പ്രതിസന്ധിയും, ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. കാനഡയ്ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നികുതിക്ക് അതേ നിരക്കില്‍ തന്നെ മറുപടി നല്‍കുമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 104% നികുതിക്ക് മറുപടിയായി ചൈന യുഎസിന് മേലുള്ള നികുതി 34-ല്‍ നിന്നും 84% ആയും ഉയര്‍ത്തി. ഇത്തരത്തില്‍ നികുതി വര്‍ദ്ധന തുടരുകയാണെങ്കില്‍ ഭാവിയില്‍ യുഎസില്‍ സാമ്പത്തികമാന്ദ്യം വന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

  • അഞ്ചാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു

    അഞ്ചാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു

    അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെയാണ് 88-കാരനായ മാര്‍പ്പാപ്പ ന്യൂമോണിയ ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. Gemelli ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.

    ആശുപത്രിക്ക് പുറത്ത് വീല്‍ചെയറില്‍ എത്തിയ മാര്‍പ്പാപ്പ മൈക്കില്‍ ‘Thank you, everyone’ എന്നാണ് ജനങ്ങളോട് പറഞ്ഞത്. ശേഷം അദ്ദേഹം Santa Marta-യിലേയ്ക്ക് തിരികെ പോയി.

    അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം മാര്‍പ്പാപ്പയ്ക്ക് ആവശ്യമാണ്. അദ്ദേഹത്തിന്റെ ശബ്ദം സാധാരണ പോലെയാകാനും സമയമെടുക്കും. ചികിത്സയ്ക്കിടെ പലപ്പോഴും രോഗം ഗുരുതരമാകുക കൂടി ചെയ്തത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേത്തെ ഞായറാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

    ആശുപത്രി വിട്ട ശേഷം പിന്നീട് പലസ്തീന്‍ വിഷയത്തിലും മാര്‍പ്പാപ്പ പ്രതികരിക്കുകയുണ്ടായി. ഗാസയില്‍ ഇസ്രായേല്‍ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

  • ലോക സന്തോഷ സൂചിക: അയർലണ്ടിന് 15-ആം സ്ഥാനം; നില മെച്ചപ്പെടുത്തി ഇന്ത്യ

    ലോകരാജ്യങ്ങളുടെ സന്തോഷസൂചികയില്‍ അയര്‍ലണ്ടിന് 15-ആം സ്ഥാനം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. നെതര്‍ലണ്ട്‌സ് ആണ് അഞ്ചാം സ്ഥാനത്ത്. Wellbeing Research Centre, University of Oxford ആണ് പട്ടിക തയ്യാറാക്കുന്നത്.

    147 രാജ്യങ്ങളുടെ പട്ടികയില്‍ 118-ആം റാങ്കാണ് ഇന്ത്യ നേടിയത്. മുൻ വർഷം ഇത് 126 ആയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണ് യുഎസ്എയ്ക്ക് ലഭിച്ചത്. പുതിയ പട്ടികയില്‍ 24-ആം സ്ഥാനത്താണ് രാജ്യം. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം അഫ്ഗാനിസ്ഥാനാണ്.