Category: World

  • ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

    ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

    യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിക്കുള്ള നികുതി ഇയു കുറച്ചില്ലെങ്കില്‍ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ ഭീഷണി.

    അതേസമയം ആഗോളമായി യുഎസിലേയ്ക്കുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായാണ് അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു നികുതി വര്‍ദ്ധന പ്രഖ്യാപിച്ചത്. ട്രംപിന്റെ 200% നികുതി ഭീഷണിക്ക് മറുപടിയുമായി ഇയു രംഗത്തെത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആകാമെന്നും, ഉയര്‍ന്ന നികുതി ഈടാക്കല്‍ ആര്‍ക്കും ഗുണകരമാകില്ലെന്നും ഇയു എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

    ലോകത്ത് ഏറ്റവും മോശമായ രീതിയില്‍ നികുതി ഈടാക്കുന്ന പ്രദേശമാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. യുഎസ് വിസ്‌കിക്ക് 50% നികുതി ഏര്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ യൂറോപ്യന്‍ മദ്യനിര്‍മ്മാതാക്കളുടെ മൂല്യം ഇടിയുകയും ചെയ്തിട്ടുണ്ട്.

    ഐറിഷ് മദ്യങ്ങളുടെയും പ്രധാന കയറ്റുമതി വിപണിയാണ് യുഎസ് എന്നതിനാല്‍ നടപടി അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയെയും മോശമായി ബാധിക്കും.

  • ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

    ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

    യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന.

    ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്.

    അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 പുതിയ ടെസ്ല കാറുകളാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 2024 ജനുവരിയില്‍ ഇത് 15,130 ആയിരുന്നു.

    യൂറോപ്പില്‍ ടെസ്ലയുടെ ഏറ്റവും വലിയ വിപണിയായിരുന്ന ജര്‍മ്മനിയില്‍ നാടകയീമായ ഇടിവാണ് വില്‍പ്പനയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ 6,000-ലധികം കാറുകള്‍ ടെസ്ല ജര്‍മ്മന്‍ വിപണിയില്‍ വിറ്റഴിച്ചപ്പോള്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് വെറും 1,429 എണ്ണമായി കുറഞ്ഞു. 70% ആണ് ഇടിവ്. ജര്‍മ്മനിയിലെ ഈ പ്രതിസന്ധിക്ക് കാരണം ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും, ജര്‍മ്മനിയില്‍ ഈയിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ AfD-ക്ക് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചതും ആണെന്ന് വിലയിരുത്തലുകളുണ്ട്.

    മസ്‌കിന്റെ ട്രംപ് പ്രീണനം യൂറോപ്പിന് പുറത്തും ടെസ്ലയെ തളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ ടെസ്ലയുടെ മോഡല്‍ 3-യുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 36% ഇടിഞ്ഞിരുന്നു.

  • സ്കൈപ്പെ വിട ! മൈക്രോസോഫ്റ്റ് സ്കൈപ്പ് സേവനം 2025 മെയ് ഓടെ അവസാനിപ്പിക്കുന്നു

    സ്കൈപ്പെ വിട ! മൈക്രോസോഫ്റ്റ് സ്കൈപ്പ് സേവനം 2025 മെയ് ഓടെ അവസാനിപ്പിക്കുന്നു

    മൈക്രോസോഫ്റ്റ് 2025 മെയ് 5-ന് സ്കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, 2003-ൽ ആരംഭിച്ച ഈ ഇന്റർനെറ്റ് കോളിംഗ് സേവനത്തിന് 22 വർഷങ്ങൾ പിന്നിടുന്നു.

    ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ സ്കൈപ്പ് ലഭ്യമാണ്. 2011ല്‍ സ്കൈപ്പ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോം ഏറെ വളര്‍ന്നു. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്കൈപ്പ് നേടി. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ Zoom, WhatsApp, Google Meet പോലുള്ള മത്സരാർത്ഥികളുടെ വരവോടെ സ്കൈപ്പ് ഉപയോഗം കുറയുകയായിരുന്നു. മൈക്രോസോഫ്റ്റ് ഇപ്പോൾ Teams എന്ന പ്ലാറ്റ്‌ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

    സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ അക്കൗണ്ട് ഉപയോഗിച്ച് Microsoft Teams-ൽ ലോഗിൻ ചെയ്യാം. ചാറ്റുകളും കോൺടാക്റ്റുകളും സ്വയം Teams-ലേക്ക് മാറും. സ്കൈപ്പ് 2025 മെയ് 5 വരെ ലഭ്യമാകും, അതിനുശേഷം സേവനം അവസാനിക്കും.

  • മാർപാപ്പയുടെ ആരോഗ്യനില മോശമായി, സ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ

    മാർപാപ്പയുടെ ആരോഗ്യനില മോശമായി, സ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ

    ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ ഉച്ചയോടെ ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്.

    ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

    കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി അനുഭവപ്പെട്ടിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • കുടിയേറ്റക്കാരെ നാടുകടത്താന്‍  ബ്രിട്ടീഷ് സർക്കാരും ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍, 800 പേരെ തിരിച്ചയച്ചു

    കുടിയേറ്റക്കാരെ നാടുകടത്താന്‍ ബ്രിട്ടീഷ് സർക്കാരും ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍, 800 പേരെ തിരിച്ചയച്ചു

    പ്രസിഡന്റ്‌ ട്രംപ് ഇന്ത്യകാര്‍ക്ക് തന്ന പണി അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ല, ട്രംപ് മോഡലിനെ പിന്തുടർന്ന് ബ്രിട്ടീഷ് സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനോടകം 800 കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ യുകെയിൽ ജോലി ചെയ്യുന്നതിനാൽ, ഈ നടപടി ഇന്ത്യൻ സമൂഹത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കും. വിദ്യാർഥി വിസകളിൽ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുള്ള രാജ്യമാണ് യുകെ. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ നീക്കം.

    ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരിയിൽ രാജ്യത്തെ 828 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 48 ശതമാനം വർധനവ് റെയ്ഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ 609 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം കൂടുതൽ പേർ അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ റെസ്റ്റോറന്റുകൾ, കടകൾ, ബാറുകൾ,കാർ വാഷിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.ആഭ്യന്തര വകുപ്പിന്‍റെ കണക്കനുസരിച്ച് ഏകദേശം 1000 സര്‍ക്കാര്‍ ജീവനക്കാരെ എമിഗ്രേഷന്‍ എന്ഫോഴ്സ്മെന്‍റ് ജോലികള്‍ക്കായി പുനര്‍വിന്യസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

    നോർത്തേൺ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ റെസ്റ്ററന്റിൽ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാല് പേരെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലിടങ്ങളില്‍ അനധികൃത താമസ കാര്‍ക്കെതിരെ നടത്തുന്ന റെയ്ഡ്കള്‍ നിരവധി ഇന്ത്യന്‍ റസ്റ്റ്‌റന്റ്കള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് യുകെയിൽ അനധികൃതമായി കുടിയേറിയ 800 പേരെ നാല് ചാർട്ടേഡ് വിമാനങ്ങളിലായി നാടുകടത്തിയെന്നാണ് റിപ്പോർട്ടുകൾ. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

  • ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി  €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

    ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

    അയര്‍ലണ്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ സഹായ ഏജൻസിയായ UNRWAയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി €20 മില്ല്യണ്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ ഫണ്ടിംഗ് ഗാസ, വെസ്റ്റ് ബാങ്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍  പലസ്തീൻ അഭയാർത്ഥികൾക്കായി UNRWA നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള സഹായമാണെന്ന് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഗാസയിലെ പ്രതിസന്ധി ഭീകരാവസ്ഥയിലാണെന്നും ഹാരിസ് പറഞ്ഞു.

    ഈ നിർണായക സമയത്ത് ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനുള്ള അയർലൻഡിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഹാരിസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

    ഇസ്രായേൽ UNRWAയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം അവസാനത്തോടെ നിരോധിച്ചിരുന്നു. ഇതോടൊപ്പം, UNRWAയും ഇസ്രായേൽ അധികൃതരും തമ്മിലുള്ള ബന്ധങ്ങളും നിരോധിക്കപ്പെട്ടിരുന്നു. UNRWA, ഹമാസ് തീവ്രവാദികളെ സംരക്ഷിക്കുന്നതായി ആരോപിച്ചാണ് ഇസ്രായേൽ ഈ നടപടി സ്വീകരിച്ചത്. അതേസമയം, UNRWA പലസ്തീന്‍ പ്രദേശങ്ങളിലെ മുഴുവൻ സേവനങ്ങളും കിഴക്കൻ ജെറുസലേമില്‍ ഉൾപ്പെടെ തുടരുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

    2023 മുതൽ ഇതുവരെ അയർലണ്ട് പാലസ്തീൻ ജനതയ്ക്ക് €63 മില്ല്യണിലധികം സഹായം നൽകി. ഈ ധനസഹായം ഗാസയിൽ UNRWA നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പലസ്തീന്‍ – ഇസ്രയേല്‍ സംഘർഷത്തിൽ ഗാസയില്‍ ഇതുവരെ കുറഞ്ഞത് 47,540 പേർ കൊല്ലപ്പെടുകയും 111,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്.

  • ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

    ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

    അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇതാണ് നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കുന്നത് കോടതി തടഞ്ഞത്.

    അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറഞ്ഞു.

    ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് തടയുകയാണ്. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനം നീട്ടിവെയ്ക്കുന്നു. നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

    ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു. ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും, നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നത്.

  • അനധികൃത കുടിയേറ്റം ;  സൈനിക വിമാനത്തിൽ ഇന്ത്യക്കാരെയും  നാടുകടത്തി ട്രംപ്

    അനധികൃത കുടിയേറ്റം ; സൈനിക വിമാനത്തിൽ ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്

    അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യകാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    സി-7 സൈനീക വിമാനത്തിലാണ്  അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയിട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.  ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് പ്രതികരിച്ചിരുന്നു.

    അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) യുടെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.

    അതെ സമയം അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് ട്രംപിനു ബാധ്യതയാകുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. സൈനിക വിമാനത്തിൽ ഒരാളെ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 4675 ഡോളർ (നാല് ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഗ്വാണ്ടാനാമോയിലേക്ക് പുറപ്പെട്ട വിമാനത്തിന് ഓരോ കുടിയേറ്റക്കാരനും ഏകദേശം ഇത്ര പണം ചെലവായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കിൽ 18000 ഇന്ത്യക്കാതെ തിരിച്ചെത്തിക്കാൻ യുഎസ് സർക്കാറിന് കോടികൾ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഇതുപോലെ ഭീമമായ ഫണ്ട് ചെലവാക്കേണ്ടി വരുന്നത് യുഎസ് സർക്കാറിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

  • ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി ; സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ

    ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി ; സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ

    കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കം മുഴുവന്‍ വിദേശ വിദ്യാർത്ഥികളെയും ബാധിക്കുന്ന തീരുമാനവുമായി കനെഡിയന്‍ സര്‍ക്കാര്‍. കാനഡയില്‍ പഠനം നടത്തുന്നതിനുള്ള സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യപനം. ഇത് തുർച്ചയായ രണ്ടാം വർഷമാണ് വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറയ്ക്കുന്നത്.

    2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണു ഇത്. 2024 മുതലാണ് കാനഡ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്.

    രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് ജസ്റ്റിൻ ട്രൂഡോ സര്‍ക്കാറിന്റെ

    സുപ്രധാന തീരുമാനം. വിദ്യാർത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവർധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങൾ കനത്തിരുന്നു.

    രാജ്യത്തിലേക്കുള്ള എക്കാലത്തെയും വലിയ കുടിയേറ്റമായിരുന്നു 2023ൽ നടന്നത്. അന്ന് 6,50,000 വിദേശ വിദ്യാർത്ഥികൾക്കാണ് കാനഡ പെർമിറ്റ് നൽകിയത്. വിദ്യാർത്ഥികൾ അല്ലാതെയുള്ള പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാൻ തുങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം ഉണ്ടായി. കുടിയേറ്റ നയത്തിന്റെ പേരിൽ ജസ്റ്റിൻ ട്രൂഡോ സര്‍ക്കാരിനു വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതി ഇടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാവും.

  • അനധികൃത കുടിയേറ്റം : യുഎസിൽ നിന്ന് 18,000 പേരെ  മടക്കിയെത്തിക്കാൻ ഇന്ത്യ

    അനധികൃത കുടിയേറ്റം : യുഎസിൽ നിന്ന് 18,000 പേരെ മടക്കിയെത്തിക്കാൻ ഇന്ത്യ

    അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായ എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പ്രധാനപെട്ടതായിരുന്നു യുഎസിലേക്കുള്ള അനധികൃത കുടിയെറ്റത്തിനെതിരായുള്ള പ്രഖ്യാപനം. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.

    ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നത്. അനധികൃത കുടിയേറ്റത്തിൽ യുഎസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

    അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

    ഇന്ത്യയിൽ നിന്നും ഏകദേശം 7,25,000 ആളുകൾ യുഎസിൽ നിയമ വിരുദ്ധമായി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും ഇന്ത്യ അറിയിച്ചു.

    കണക്കുകൾ പ്രകാരം യുഎസിൽ മെക്‌സിക്കൻ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത് എൽ സാൽവഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ അമേരിക്ക തിരിച്ചയച്ചിരുന്നു.