കെറി IPAS സെന്ററിൽ കത്തിക്കുത്ത്; സോമാലിയൻ സ്വദേശി കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

ട്രലിയിലെ മുൻ സൈനിക ബാരക്കിൽ പുലർച്ചെ നടന്ന അക്രമണത്തിൽ സോമാലിയൻ സ്വദേശിയായ ഒരാൾ മരിച്ചു. മറ്റു രണ്ടു പേർക്ക് പരിക്കുപറ്റി. മരിച്ചയാളും പരിക്കേറ്റവരും സോമാലിയൻ സ്വദേശികളെന്ന് പ്രാഥമിക വിവരം.

അയർലണ്ടിലെ കെറി കൗണ്ടിയിൽ അഭയാർഥികൾക്കായുള്ള IPAS താമസകേന്ദ്രത്തിലുണ്ടായ കത്തിക്കുത്തിലാണ് ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു.ശനിയാഴ്ച (ഒക്ടോബർ 31) പുലർച്ചെ 5.20-ഓടെയാണ് ട്രലിയിലെ ബല്ലിമുള്ളൻ ബാരക്സിലുള്ള (Ballymullen Barracks) IPAS കേന്ദ്രത്തിൽ സംഭവം നടന്നത്.

റഫ്യൂജികൾക്കായിട്ടുള്ള IPAS കേന്ദ്രത്തിൽ സംഘർഷമുണ്ടായെന്ന വിവരത്തെത്തുടർന്ന് ഗാർഡയും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരാൾ മരിച്ചതായി സ്ഥിരീകരിക്കുകയിരുന്നു.മറ്റൊരാൾക്ക് കുത്തേറ്റതിനെത്തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് ഗാർഡയുടെ പ്രാഥമിക വിലയിരുത്തൽ. മൂന്നാമതൊരാൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയെ കെറിയിലെ ഗാർഡ സ്റ്റേഷനിൽ ക്രിമിനൽ ജസ്റ്റിസ് ആക്ട് 1984-ലെ സെക്ഷൻ 4 പ്രകാരം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.മരിച്ചയാളും പരിക്കേറ്റവരും അറസ്റ്റിലായ വ്യക്തിയും സോമാലിയൻ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. താമസകേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് ചിലരിൽനിന്നും ഗാർഡ മൊഴിയെടുക്കുന്നുണ്ട്. തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്.സംഭവസ്ഥലം ഫോറൻസിക് പരിശോധനയ്ക്കായി ഗാർഡ സീൽ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് പാത്തോളജിസ്റ്റിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ഗാർഡ ടെക്നിക്കൽ ബ്യൂറോ പരിശോധനയ്ക്കായി എത്തുമെന്നും അധികൃതർ അറിയിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തും. അന്വേഷണത്തിനായി സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറെയും നിയമിച്ചിട്ടുണ്ട്.

2024 മേയ് മുതലാണ് മുൻ സൈനിക ബാരക്കായ ബല്ലിമുള്ളൻ കേന്ദ്രം അഭയാർഥികൾക്കുള്ള താമസസൗകര്യമായി ഉപയോഗിച്ചുവരുന്നത്. അന്താരാഷ്ട്ര സംരക്ഷണത്തിനായി അപേക്ഷിച്ചെത്തുന്ന പരമാവധി 50 പുരുഷന്മാർക്ക് താമസിക്കാവുന്ന കേന്ദ്രമാണിത്.സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ട്രലി ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments