അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25-ന്

By Rose Malayalam Desk

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25 ശനിയാഴ്ച ഭക്തിനിർഭരമായി നടക്കും.

അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്കുള്ള ഈ വാർഷിക തീർത്ഥാടനത്തിൽ അയർലണ്ടിന്റെ വിവിധ കൗണ്ടികളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. ആത്മീയ നവീകരണത്തിനും വിശ്വാസസാക്ഷ്യത്തിനും പ്രാർത്ഥനാനുഭവത്തിനും അവസരമൊരുക്കുന്ന ഈ തീർത്ഥാടനം രാവിലെ 9.00 മണിക്ക് ലെക്കൻവേയിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ (St. Patrick’s Church, Leckanvey) വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഫാ. ജോസഫ് മാത്യു ഒലിയക്കാട്ട് മുഖ്യകാർമികനായ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് രാവിലെ 10.30-ന് പ്രാർത്ഥനാപൂർവം മലകയറ്റം ആരംഭിക്കുക. നാഷണൽ പിതൃവേദി ഡയറക്ടർ റവ. ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ റവ. ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ റവ. ഫാ. സന്തോഷ് തോമസ്, ഗോൾവേ റീജണൽ പിതൃവേദി ഡയറക്ടർ റവ. ഫാ. റജി കുര്യൻ, കൂടാതെ അയർലണ്ട് സീറോ മലബാർ സഭയിലെ മറ്റ് വൈദികരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ശാരീരികവും ആത്മീയവുമായ ഒരുക്കങ്ങൾ നടത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ച് അനുയോജ്യമായ വസ്ത്രധാരണം, നല്ല ഗ്രിപ്പുള്ള പാദരക്ഷകൾ, ആവശ്യത്തിന് കുടിവെള്ളം, ലഘുഭക്ഷണം, ട്രെക്കിംഗ് സ്റ്റിക്ക് എന്നിവ കരുതുന്നത് ഉചിതമാണെന്നും, ആരോഗ്യ-സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

മലകയറ്റം സാധാരണയായി മൂന്നര മുതൽ നാല് മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതിനാൽ ഓരോരുത്തരും സ്വന്തം ആരോഗ്യസ്ഥിതി വിലയിരുത്തി പങ്കെടുക്കണമെന്നും, ഉച്ചയ്ക്ക് 2.30-ഓടെ തിരിച്ചെത്തിയ ശേഷം വിശ്രമത്തിനും ഉച്ചഭക്ഷണത്തിനുമായി സമയം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഉച്ചഭക്ഷണം ആവശ്യമുള്ളവർ ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് മുമ്പായി അതത് പിതൃവേദി പ്രസിഡന്റുമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഡ്രൈവിംഗ് സമയപരിധി പാലിക്കുന്നതിനായി എല്ലാ ബസുകളും വൈകിട്ട് 3.30-ന് മുമ്പായി മടക്കയാത്ര ആരംഭിക്കും.

പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും അപൂർവ അനുഭവം സമ്മാനിക്കുന്ന ഈ തീർത്ഥാടനത്തിൽ മുഴുവൻ വിശ്വാസി സമൂഹത്തെയും കുടുംബസമേതം പങ്കുചേരാൻ സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിച്ചു

Biju L.Nadackal, PRO
Department of Communication, Media & Public Relations
Syro Malabar Catholic Church, Ireland 
St. Thomas Pastoral Centre, 19 St. Antonys Road, Rialto, Dublin 8
+353 15617158 /+353 876653881

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments