എംമ്പോളയിൽ മരണം 2,325 ആയി;
4,945 സ്ഥിരീകരിച്ച കേസുകൾ —
ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടരുന്ന എബോള വൈറസ് ബാധ ലോക ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനമായി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4,945 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിൽ 2,325 പേർ മരിച്ചു. 2018–2020 കാലയളവിലെ എബോള വ്യാപനത്തിൽ രേഖപ്പെടുത്തിയ 2,299 മരണങ്ങളെയാണ് നിലവിലെ മരണസംഖ്യ മറികടന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രോഗവ്യാപനം അതിവേഗം വർധിച്ചതാണ് ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 101 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ മേധാവി ടോം ഫ്ലെച്ചർ കഴിഞ്ഞ ദിവസം സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. എബോള വ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെ രോഗവ്യാപനത്തിന്റെ വേഗത മറികടക്കുകയാണെന്നും, നിലവിലെ സാഹചര്യത്തിൽ ശരാശരി ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിവേഗം പടരുന്ന വൈറസ്കോംഗോയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ വ്യാപനം Bundibugyo strain എന്ന അപൂർവ ഇനം എബോള വൈറസ് മൂലമാണ്. ഈ വൈറസിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമല്ലെന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. സാധ്യതയുള്ള വാക്സിനുകളും ചികിത്സകളും സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് രാജ്യത്തിന്റെ കിഴക്കൻ മേഖലയാണ്. ഇറ്റൂരി പ്രവിശ്യയിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം ആറ് പ്രവിശ്യകളിലേക്ക് രോഗവ്യാപനം എത്തിയിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവിടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ആരോഗ്യ അധികൃതർ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളികൾരോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും നേരിടുന്ന കാലതാമസം മരണനിരക്ക് ഉയരാൻ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ, തെറ്റായ വിവരങ്ങളുടെ പ്രചരണം എന്നിവയും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.പുതിയ രോഗികളിൽ വലിയൊരു വിഭാഗത്തെയും മുൻകൂട്ടി നിരീക്ഷണത്തിലുള്ള സമ്പർക്കപ്പട്ടികയിൽ നിന്ന് കണ്ടെത്താൻ കഴിയാത്തത് രോഗവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ ക്ഷാമവും ചില മേഖലകളിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
1976ൽ എബോള ആദ്യമായി തിരിച്ചറിഞ്ഞ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇതുവരെ നിരവധി വ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവിലെ വ്യാപനം അതിവേഗത്തിൽ മരണസംഖ്യ ഉയർത്തുന്നതും രാജ്യത്തിന്റെ മുൻ റെക്കോർഡ് മറികടന്നതുമാണ് ആരോഗ്യലോകത്തെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments