അയർലൻഡിലെ റീട്ടെയിൽ രംഗത്തെ പ്രമുഖ സ്ഥാപനമായ ലിഡിൽ (Lidl) മൊബൈൽ ടെലികോം മേഖലയിലേക്കും പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള മൊബൈൽ സേവനം ഒക്ടോബർ 5 മുതൽ അയർലൻഡിൽ പ്രവർത്തനം ആരംഭിക്കും.
ലോഞ്ചിന്റെ ഭാഗമായി ആദ്യ ഒരു ലക്ഷം ഉപഭോക്താക്കൾക്ക് പ്രതിമാസം €8.99 എന്ന ‘Price for Life’ നിരക്കിലാണ് സേവനം ലഭിക്കുക. ഈ നിരക്കിൽ അൺലിമിറ്റഡ് കോളുകളും ടെക്സ്റ്റ് മെസേജുകളും 5G ഡാറ്റയും ഉൾപ്പെടും. ആദ്യ ഒരു ലക്ഷം കണക്ഷനുകൾ പൂർത്തിയായ ശേഷം ഇതേ പ്ലാനിന്റെ നിരക്ക് പ്രതിമാസം €12.99 ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അയർലൻഡിന് പുറത്ത് യാത്ര ചെയ്യുന്നവർക്കും ഓഫർ ശ്രദ്ധേയമാണ്. EU, UK എന്നിവിടങ്ങളിൽ 50GB വരെ റോമിങ് ഡാറ്റയും 100 അന്താരാഷ്ട്ര മിനിറ്റുകളും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൊബൈൽ നമ്പർ തന്നെ Lidl Connect-ലേക്ക് മാറ്റാനും പുതിയ നമ്പർ എടുക്കാനും സൗകര്യമുണ്ടാകും.
Lidl Plus ആപ്പ് വഴിയാണ് സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. ആപ്പിൽ ആക്ടീവായ Lidl Plus അക്കൗണ്ടും Lidl Pay-യിൽ ആക്ടീവായ പേയ്‌മെന്റ് രീതിയും ആവശ്യമാണ്. ഫിസിക്കൽ സിം കാർഡിനൊപ്പം ഈസിം സൗകര്യവും ലഭ്യമാകും.
സ്വന്തം മൊബൈൽ നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിന് പകരം നിലവിലുള്ള നെറ്റ്‌വർക്ക് സൗകര്യം ഉപയോഗിച്ചാണ് സേവനം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം eir നെറ്റ്‌വർക്കാണ് Lidl Connect ഉപയോഗിക്കുന്നത്, 1Global ആണ് സേവനത്തിന്റെ ടെലികോം പങ്കാളി.
റീട്ടെയിൽ മേഖലയിലെ ശക്തമായ സാന്നിധ്യത്തിന് പിന്നാലെ മൊബൈൽ സേവന രംഗത്തേക്കുള്ള Lidl-ന്റെ പ്രവേശനം അയർലൻഡിലെ കുറഞ്ഞ നിരക്കിലുള്ള മൊബൈൽ സേവന വിപണിയിൽ പുതിയ മത്സരത്തിന് വഴിയൊരുക്കുകയാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments