അയർലണ്ടിലെ ആശുപത്രികളിൽ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സെപ്റ്റംബർ മാസമാണ് കടന്നുപോയതെന്ന് INMO; ട്രോളികളിൽ ചികിത്സ തേടിയത് 12,000-ലധികം രോഗികൾ

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ സെപ്റ്റംബര്‍ മാസ തിരക്കാണ് കഴിഞ്ഞ മാസം അനുഭവപ്പെട്ടതെന്ന് Irish Nurses and Midwives Organisation (INMO). അമിതമായ തിരക്ക് ഉണ്ടായതോടെ 12,000-ലധികം രോഗികളെ ആശുപത്രിയില്‍ തീര്‍ത്തും സൗകര്യപ്രദമല്ലാത്ത സ്ഥലങ്ങളില്‍ വച്ച് പരിശോധിക്കേണ്ടി വന്നതായും സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന ശീതകാലത്തിന് മുന്നോടിയായി രാജ്യത്തെ ആശുപത്രികളിലുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ HSE ഉടന്‍ നടപടിയെടുക്കണമെന്നും INMO ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 12,274 രോഗികളെയാണ് ബെഡ്ഡ് ഇല്ലാതിരുന്നതിനാല്‍ ട്രോളികളിലടക്കം ആശുപത്രിയിലെ മറ്റിടങ്ങളില്‍ ചികിത്സിക്കേണ്ടി വന്നത്. ഇതില്‍ 1,994 രോഗികളുമായി University Hospital Limerick ആണ് ഒന്നാമത്. University Hospital Galway-യില്‍ 1,061 രോഗികളെയും, Cork University Hospital-ല്‍ 1,008 രോഗികളെയും ഇത്തരത്തില്‍ ചികിത്സിക്കേണ്ടി വന്നു.

ശീതകാലത്ത് പതിവായി സംഭവിക്കുന്ന രോഗികളുടെ വര്‍ദ്ധനയ്ക്ക് മുമ്പായി തന്നെ രോഗികളുടെ തിരക്ക് വളരെ ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, ആശുപത്രികളിലെ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടി വേണമെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശൈത്യകാലത്ത് ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളാകും ആശുപത്രികള്‍ നേരിടേണ്ടി വരികയെന്നും അവര്‍ വ്യക്തമാക്കി. 2026-27 സീസണിലെ വിന്റര്‍ പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ HSE തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments