യു കെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ അയർലണ്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ബാധിച്ചു. ഹീത്രോ, ഗാറ്റ്‌വിക്, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള പ്രധാന ബ്രിട്ടീഷ് വിമാനത്താവളങ്ങളിൽ നിന്ന് ഡബ്ലിൻ എയർപോർട്ടിലേക്കും കോർക്ക് എയർപോർട്ടിലേക്ക് ഉള്ള വിമാനങ്ങളും ഡബ്ലിനിൽ നിന്നും കോർക്കിൽ നിന്നും തിരിച്ചുള്ള വിമാന സർവീസുകളും മുടങ്ങി. അയർലണ്ടിൽ നിന്നും അയർലണ്ടിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത് കൂടാതെ നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സേവനദാതാക്കളായ NATS-ന്റെ ഫ്ലൈറ്റ് പ്രോസസിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് വ്യാപകമായ പ്രതിസന്ധിക്ക് കാരണമായത്. പ്രശ്നം പിന്നീട് പരിഹരിച്ചെങ്കിലും അപ്പോഴേക്കും വിമാന സർവീസുകൾ ആകെ താളം തെറ്റിയിരുന്നു.സർവീസുകൾ സാധാരണ നിലയിലേക്ക് പൂർണമായി എത്താൻ സമയമെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
യുകെയിലുടനീളം 600-ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബ്രിട്ടീഷ് എയർവേയ്സ്, ഈസിജറ്റ് , റയാൻ എയർ തുടങ്ങിയ പ്രമുഖ എയർലൈനുകളെയും പ്രതിസന്ധി കാര്യമായി ബാധിച്ചു. ഇതിന്റെ തുടർപ്രഭാവം യൂറോപ്പിലെ മറ്റ് വിമാന സർവീസുകളിലേക്കും വ്യാപിച്ചു
അയർലണ്ടിലും പ്രതിഫലനം
യുകെയിലെ പ്രശ്നത്തിന്റെ പ്രത്യാഘാതം ഡബ്ലിൻ എയർപോർട്ടിലേക്കും കോർക്ക് എയർപോർട്ടിലേക്കും തിരിച്ചുമുള്ള സർവീസുകളെയും ബാധിച്ചു. ചൊവ്വാഴ്ച രാത്രിയും വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നതായിഡബ്ലിൻ എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുമായി വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments