അയർലണ്ടിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും ഗർഭച്ഛിദ്ര നിയമങ്ങളെയും സ്വന്തം മരണം കൊണ്ട് ലോകശ്രദ്ധയിലെത്തിച്ച ഇന്ത്യക്കാരി സവിത ഹലപ്പനവർ മരിച്ചിട്ട് ഇന്ന് 14 വർഷം. 2012 ഒക്ടോബർ 28-ന് ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽവെച്ചാണ് 31-കാരിയായ സവിത മരിച്ചത്. അയർലണ്ടിലെ പരമ്പരാഗത ആരോഗ്യ നിയമങ്ങൾ പൊളിച്ചെഴുതുന്നതിൽ സവിതയുടെ രക്തസാക്ഷിത്വം നിർണായകമായി.
17 ആഴ്ച ഗർഭിണിയായിരുന്ന സവിതയ്ക്ക് ഗർഭം അലസുന്ന സാഹചര്യത്തിൽ ആരോഗ്യനില വഷളായി. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിലനിന്നിരുന്ന സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും സവിതയ്ക്ക് ഗർഭചിദ്രം നിഷേധിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കാരണം സവിതയുടെ ജീവൻ നിലനിർത്തുന്നതിന് ഗർഭചിദ്രം ചെയ്യേണ്ടത് അത്യന്താപേക്ഷിതമായിരുന്ന സാഹചര്യമായിരുന്നിട്ടും നിലവിലുണ്ടായിരുന്ന നിയമങ്ങളുടെ കുരുക്ക് കാരണം ഗർഭചിദ്രം ചെയ്യാനുള്ള തീരുമാനങ്ങളെ സങ്കീർണമാക്കിയ സംഭവം വലിയ വിവാദമായി. നിയമ കുരുക്ക് കാരണം ഗർഭചിദ്രം നടത്താത്തതിനാൽ ഗുരുതരമായ അണുബാധയും സെപ്റ്റിക് ഷോക്കും ഉണ്ടായതിനെത്തുടർന്നാണ് സവിത മരിച്ചത്.
മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിൽ ചികിത്സയിലെ വീഴ്ചകളും രോഗാവസ്ഥ തിരിച്ചറിയുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുണ്ടായ പോരായ്മകളും നിലവിലെ നിയമങ്ങൾ കാരണം ഗർഭചിദ്രം നടത്താത്തതും ചൂണ്ടിക്കാട്ടിയിരുന്നു.
സവിതയുടെ മരണവാർത്ത പുറത്തുവന്നതോടെ അയർലണ്ടിലും വിദേശത്തും പ്രതിഷേധങ്ങൾ ശക്തമായി. സ്ത്രീകളുടെ ആരോഗ്യാവകാശങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ഗർഭിണികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ദേശീയ ചർച്ചയായി. അയർലണ്ടിൽ എമ്പാടും നടന്ന വലിയ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും സമ്മർദത്താൽ സർക്കാർ ഗർഭചിദ്ര നിയമങ്ങൾ പൊളിച്ചെഴുതുന്നതിൽ റഫറണ്ടം നടത്താൻ നിർബന്ധിതരായി.
സവിതയുടെ മരണം അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമപരിഷ്കരണത്തിനായുള്ള പോരാട്ടത്തിന് ശക്തമായ പ്രചോദനമായി. ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് 2018 മേയ് 25-ന് നടന്ന ജനഹിതപരിശോധനയിൽ ഭരണഘടനയിലെ എട്ടാം ഭേദഗതി റദ്ദാക്കുന്നതിനെ 66.4 ശതമാനം വോട്ടർമാർ പിന്തുണച്ചു.തുടർന്ന് 2018 ഡിസംബർ 20-ന് ഗർഭച്ഛിദ്രം നിയന്ത്രിക്കുന്ന പുതിയ നിയമം നിലവിൽവന്നു. 2019 ജനുവരി ഒന്നുമുതൽ പുതിയ നിയമപ്രകാരം സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങി. റഫറന്റും നടത്തി വന്ന നിയമത്തിനുള്ളിൽ ആദ്യ 12 ആഴ്ചയ്ക്കുള്ളിൽ നിശ്ചിത വ്യവസ്ഥകൾ പാലിച്ച് ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുന്നു.
സവിതയുടെ മരണം സ്ത്രീകളുടെ ആരോഗ്യാവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ നിർണായകമായ വഴിത്തിരിവായി. അയർലണ്ടിൽ എമ്പാടും ഗർഭചിദ്ര നിയമങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. ബഹുഭൂരിപക്ഷം ഐറിഷുകാരും ഗർഭചിദ്രം നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ പിന്തുണച്ചപ്പോൾ വലിയൊരു വിഭാഗം ഇന്ത്യക്കാർ ഗർഭചിദ്രം നടത്താൻ ഉള്ള അവകാശം സ്ത്രീകൾക്ക് അനുവദിക്കരുത് എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്ന കാര്യം വിരോധാഭാസമായി. പിന്നീട് സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമായി നിയമം പാസ് ആവുകയും സവിതയുടെ സമാന അനുഭവത്തിലൂടെ കടന്നുപോയവർക്ക് ആശ്വാസമാവുകയും ചെയ്തു. പതിനാലു വർഷങ്ങൾക്കിപ്പുറം സവിതയുടെ ഓർമ അയർലണ്ടിന്റെ ചരിത്രത്തിൽ മായാത്ത അധ്യായമായി തുടരുന്നു.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments