ഗ്യാങ്സ്റ്റർ കിനഹാനു വേണ്ടി വിമാനം ദുബായിലേക്ക്; കനത്ത സുരക്ഷയിൽ കൈമാറ്റം

By Rose Malayalam Desk

പ്രമുഖ ഗ്യാങ്സ്റ്റർ ഡാനിയൽ കിനഹാനെ നാട്ടിലെത്തിക്കാൻ സർക്കാർ വിമാനം ദുബായിലേക്ക് പുറപ്പെട്ടു.കനത്ത സുരക്ഷയിൽ ആയിരിക്കും കൈമാറ്റം. ക്രിമിനൽ സംഘത്തിലെ പ്രധാനിയായ ഡാനിയൽ കിനഹാനെ ദുബായിൽ നിന്ന് അയർലൻഡിലേക്ക് തിരിച്ചെത്തിക്കുന്നതിനായിട്ടാണ്അ യർലൻഡ് സർക്കാർ വിമാനം ദുബായിലേക്ക് പുറപ്പെട്ടത് .

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കിനഹാന്റെ കൈമാറ്റത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്.49കാരനായ ഡാനിയൽ കിനഹാൻ നിലവിൽ ദുബായിലെ അൽ അവീർ സെൻട്രൽ ജയിലിലാണ്. അയർലൻഡിലേക്ക് നാടുകടത്തുന്നതിനെതിരായ അവസാന നിയമപോരാട്ടവും പരാജയപ്പെട്ടതോടെയാണ് കിനഹാനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലായത്.അയർ കോർപ്സിന്റെ വിമാനമാണ് കിനഹാനെ ദുബായിൽ നിന്ന് അയർലൻഡിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്നത്.

ഡബ്ലിനിലെ കാസ്മെന്റ് എയറോഡ്രോമിലാണ് വിമാനം ഇറക്കുക എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാൽ കൃത്യമായ സമയക്രമം അധികൃതർ പുറത്തുവിട്ടിട്ടില്ല.അയർലൻഡിലെത്തിയ ഉടൻ കിനഹാനെ സ്പെഷൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സംഘടിത കുറ്റകൃത്യ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് പോർട്ട്ലോയിസ് ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയേക്കും.കിനഹാന്റെ തിരിച്ചുവരവ് കണക്കിലെടുത്ത് അയർലൻഡ് അധികൃതർ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയുള്ള വാഹനവും മറ്റ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കിനഹാൻ സംഘവുമായി ബന്ധപ്പെട്ട മുൻകാല അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

കിനഹാൻ-ഹച്ച് സംഘങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വർഷങ്ങളായി ഡാനിയൽ കിനഹാൻ ദുബായിലാണ് താമസിച്ചിരുന്നത്. 2026 ഏപ്രിലിലാണ് ഇയാളെ ദുബായിൽ അറസ്റ്റ് ചെയ്തത്. അയർലൻഡ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.കിനഹാന്റെ അടുത്ത അനുയായി സീൻ മക്ഗവേണെയും നേരത്തെ ദുബായിൽ നിന്ന് അയർലൻഡിലേക്ക് നാടുകടത്തിയിരുന്നു. സംഘടിത കുറ്റകൃത്യ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന കേസിൽ മക്ഗവേണിന് 24 വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.ഡാനിയൽ കിനഹാനെ അയർലൻഡിലേക്ക് തിരിച്ചെത്തിക്കുന്നത് രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ അന്വേഷണത്തിലെ നിർണായക നീക്കമായാണ് അധികൃതർ വിലയിരുത്തുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments