മലയാളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് ‘പവൻ’. എട്ട് ഗ്രാം തൂക്കമുള്ള ഒരു സ്വർണ്ണക്കട്ടിയെ നമ്മൾ പവൻ എന്ന് വിളിച്ച് പോരുമ്പോൾ, എന്തുകൊണ്ട് അത് കൃത്യമായി എട്ട് ഗ്രാം തന്നെയായി എന്ന ചോദ്യം എന്നെങ്കിലും നിങ്ങളുടെ മനസ്സിൽ ഉയർന്നുവന്നിട്ടുണ്ടോ?
പത്തോ അഞ്ചോ ഗ്രാം പോലെയുള്ള ഒരു കണക്കിലുമെത്താത്ത ഈ എട്ട് ഗ്രാമെന്ന കണക്കിന് പിന്നിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആയിരക്കണക്കിന് വർഷത്തെ കൗതുകകരമായ ഒരുചരിത്രമുണ്ട്.
അതിലേക്ക് കണ്ണോടിച്ചാൽ കാടുകളിൽ വീണുകിടക്കുന്ന ചുവന്ന മഞ്ചാടിക്കുരുവിൽ തുടങ്ങി പുരാതനറോമിലെ കച്ചവടവീഥികളിലൂടെയും കുഷാന രാജാക്കന്മാരുടെ കൊട്ടാരങ്ങളിലൂടെയും സഞ്ചരിച്ച് നമ്മുടെ കേരളത്തിലെത്തിയ വലിയൊരു യാത്ര നമുക്ക് കാണാം.
ആധുനിക കാലത്തെപ്പോലെ കൃത്യമായ ഡിജിറ്റൽ ത്രാസുകളോ മില്ലിഗ്രാം അളവുകളോ ഇല്ലാതിരുന്ന പുരാതനകാലത്ത്, ലോഹങ്ങളുടെ തൂക്കം നോക്കാൻ മനുഷ്യൻആശ്രയിച്ചത് പ്രകൃതിയിലെ വിത്തുകളെയായിരുന്നു.ഇന്ത്യയിൽ നമ്മൾ കാണുന്ന മഞ്ചാടിക്കുരുവും(മഞ്ചാടി/കുന്നിക്കുരു) മെസപ്പോട്ടീമിയയിൽ ബാർലിമണികളും റോമൻ സാമ്രാജ്യത്തിൽ കരോബ് വിത്തുകളുമായിരുന്നു 4000 വർഷങ്ങൾക്കുമപ്പുറം കച്ചവടക്കാർ ഉപയോഗിച്ചിരുന്നത്. വലിപ്പത്തിലും തൂക്കത്തിലും അത്ഭുതകരമായ സ്ഥിരത പുലർത്തുന്ന പ്രകൃതിയുടെ സ്വന്തംഅളവുകോലുകളായിരുന്നു ഇവ. ഉണങ്ങിയ പല വിത്തുകളിൽ നിന്ന് ചില വിത്തുകൾക്കു മാത്രം ഈ സ്ഥിരത കണ്ടെത്തിയത് തന്നെ അൽഭുതമാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നമ്മുടെ പൂർവ്വികർഉപയോഗിച്ചിരുന്നത് മഞ്ചാടിക്കുരുവുംകുന്നിക്കുരുവുമായിരുന്നു. കാടുകളിൽ നിന്ന് ശേഖരിക്കുന്നചെറിയ ചുവന്ന കുന്നിക്കുരുവിന് ഏകദേശം 0.118ഗ്രാം തൂക്കമുണ്ടായിരുന്നു. 64അല്ലെങ്കിൽ 72 കുന്നിക്കുരുക്കളുടെ തൂക്കം പിടിച്ചപ്പോൾ കൃത്യമായി ലഭിച്ചത് 7.5 നും 8.5 ഗ്രാമിനും ഇടയിലുള്ള ഒരു അളവായിരുന്നു.
ഈ അത്ഭുതം ഇന്ത്യയിൽ മാത്രം ഒതുങ്ങിനിന്നഒന്നായിരുന്നില്ല. ലോകത്തിന്റെ മറുഭാഗത്ത് മെസൊപ്പൊട്ടേമിയൻ കച്ചവടക്കാർ ബാർലിമണികളെ അടിസ്ഥാനമാക്കിയാണ് സ്വർണ്ണം അളന്നത്. 128 ബാർലിമണികളുടെ തൂക്കമായിരുന്നു അവരുടെ ഒരു ‘ഷെക്കൽ’സ്വർണ്ണം—ഇതും വന്നെത്തിയത് 8.3 ഗ്രാം എന്ന അതേകണക്കിൽ തന്നെയാണ്! മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ കാരബ് മരത്തിന്റെ വിത്തുകളായിരുന്നു പ്രമാണം. ഇതാണ്പിൽക്കാലത്ത് ‘കാരറ്റ്’ എന്ന വാക്കായി മാറിയത്. റോമാക്കാർതങ്ങളുടെ പ്രസിദ്ധമായ ‘ഓറിയസ്’ എന്ന സ്വർണ്ണനാണയം വാർത്തെടുത്തത് 42 കാരബ് വിത്തുകളുടെതൂക്കത്തിലായിരുന്നു, അതായത് ഏകദേശം 7.94 ഗ്രാം.
വ്യത്യസ്ത സംസ്കാരങ്ങൾ ഒരേപോലെ എട്ട് ഗ്രാമിലേക്ക് എത്തിയതിന് പിന്നിൽ ലളിതമായ ഒരു ശാസ്ത്രമുണ്ട്.പഴയകാലത്തെ ത്രാസുകളിൽ ഒരു സ്വർണ്ണക്കട്ടിയെ തുല്യമായിപകുത്ത് മാറ്റി അളക്കാൻ ഏറ്റവും എളുപ്പം 2, 4, 8, 16, 32, 64, 128 എന്നിങ്ങനെ ഇരട്ടിക്കുന്ന ‘ബൈനറി’ രീതിയായിരുന്നു. 128 ബാർലിമണിയും 64 കുന്നിക്കുരുവും ഈ കണക്കിന്കൃത്യമായി ഇണങ്ങി. മാത്രവുമല്ല, അക്കാലത്ത് ഒരു സാധാരണമനുഷ്യന്റെ കൈവെള്ളയിൽ ഒതുങ്ങിനിൽക്കുന്ന, കച്ചവടത്തിന്ഏറ്റവും എളുപ്പമുള്ള ഒരു ചെറിയ ഷർട്ട് ബട്ടന്റെ വലിപ്പമുള്ളസ്വർണ്ണക്കഷണമായിരുന്നു എട്ട് ഗ്രാം!
കുഷാന രാജാക്കന്മാർ റോമിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ ഉരുക്കി’ദിനാര’ എന്ന സ്വന്തം നാണയമുണ്ടാക്കിയപ്പോഴും ഈ എട്ട് ഗ്രാംതൂക്കമാണ് നിലനിർത്തിയത്. പിൽക്കാലത്ത് മലയാളി ഈ എട്ട് ഗ്രാമിനെ ‘പവൻ’ എന്ന് വിളിക്കാൻ തുടങ്ങിയതിന് പിന്നിൽ ബ്രിട്ടീഷുകാരാണ്. 1816-ൽ ബ്രിട്ടൻ തങ്ങളുടെ സമ്പദ്‌വ്യവസ്ഥ പരിഷ്കരിച്ചപ്പോൾ ഒരു ‘പൗണ്ട്’ മൂല്യമുള്ള’ഗോൾഡ് സോവറിൻ’ നാണയങ്ങൾ പുറത്തിറക്കി. അതിന്റെഭാരം കൃത്യമായി 7.988 ഗ്രാം ആയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനി വഴി കച്ചവട ആവശ്യത്തിനായി ഈനാണയങ്ങൾ കേരളത്തിലെത്തിയപ്പോൾ, ബ്രിട്ടീഷുകാരുടെ’പൗണ്ട്’ (Pound) മലയാളിക്ക് ‘പവൻ’ ആയി മാറി.
അങ്ങനെ, മനുഷ്യൻ കാടുകളിൽ നിന്ന് പെറുക്കിയെടുത്ത ചെറിയ മഞ്ചാടിക്കുരുവിൽ നിന്ന് തുടങ്ങിയ കണക്കെടുപ്പാണ് ഇന്നും നമ്മൾ സ്വർണ്ണക്കടകളിൽ ചെന്ന് ‘ഒരു പവൻ തരു’ എന്ന്പറയുമ്പോൾ നമ്മുടെ കൈകളിലേക്ക് എട്ട് ഗ്രാമായിഎത്തിച്ചേരുന്നത്.
ഇനി കയ്യിലൊരു മഞ്ചാടിക്കുരു കിട്ടിയാൽ അതിലൊരു ചെറിയ സ്വർണ്ണക്കഷണത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് തെളിഞ്ഞുകാണാം, അതോടൊപ്പം പ്രകൃതിയും ചരിത്രവും കൈകോർത്ത കണക്കിന്റെ സഞ്ചാരവും.
സച്ചിൻ പോളശേരി

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments