ആ വീടിന്റെ പൂന്തോട്ടത്തിൽ ചിറകടിച്ചുയരുന്ന വെറുമൊരു ചിത്രശലഭമായിരുന്നിട്ടും, എന്റെ നോട്ടം എപ്പോഴും പതിഞ്ഞിരുന്നത് ആ ഒരു ജനലിലായിരുന്നു.. ഋതുക്കൾ മാറിമറിഞ്ഞു; വെയിൽ ഉരുകിയൊലിച്ച വേനലിലും, ചില്ലുകളിൽ കണ്ണീർത്തുള്ളികൾ പോലെ മഴ പെയ്തിറങ്ങിയ നാളുകളിലും ആ ജനലഴികൾ ഒട്ടും അനക്കമില്ലാതെ അടഞ്ഞുതന്നെ കിടന്നു. പൂക്കളുടെ സുഗന്ധവും ഇളംകാറ്റിന്റെ തുടിപ്പുമെല്ലാം ആ ചില്ലുപാളികളിൽ തട്ടി പുറത്തുതന്നെ നിന്നു. അതുകൊണ്ടുതന്നെ, അകത്ത് ആരാണെന്നോ, അവിടെ എന്താണ് നടക്കുന്നതെന്നോ എനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പതിവുപോലെ പൂക്കൾക്കിടയിലൂടെ പറക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
ജനൽ തുറന്നിരിക്കുന്നു….
കർട്ടൻ കാറ്റിൽ പതുക്കെ ഇളകുന്നുണ്ട്.
ഇളംകാറ്റിലൂടെ തെന്നിത്തെറിച്ച്, ചിറകിലെ മഞ്ഞപ്പൊടികൾ കുടഞ്ഞ് ഞാൻ ആദ്യമായി ആ മുറിക്കുള്ളിലേക്ക് പാറിപറന്നത് അന്നാണ്.
ആ മുറിയിലെ കട്ടിലിൽ ഒരു സ്ത്രീ. നല്പതിനടുത്ത് പ്രായം തോന്നും. ഇടതുകാൽ നീട്ടിവെച്ചിരിക്കുന്നു. അതിൽ വലിയൊരു കെട്ട്. അരികിൽ തലയണകൾ. മരുന്നുകൾ. വെള്ളക്കുപ്പി. ഫോൺ. റിമോട്ട്. വായിച്ചുതീർക്കാതെ മടക്കിവെച്ച ഒരു പുസ്തകം.
ഞാൻ കുറച്ചുനേരം അവരെ നോക്കിയിരുന്നു. അവൾ പുറത്തേക്ക് തന്നെ നോക്കിരിക്കുകയായിരുന്നു..…എന്തിനെയോ കാത്തിരിക്കുന്നതുപോലെ….
പിറ്റേന്നും ജനൽ തുറന്നിരുന്നു.അന്നും ഞാൻ ധൈര്യമായി അകത്തേക്ക് പറന്നു.അന്നും അവൾ എന്നെ ശ്രദ്ധിച്ചില്ല… ടിവിയിൽ ആരൊക്കെയോ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളതൊന്നും കാണുന്നില്ല.. കയ്യിലിരുന്ന ഫോണിന്റെ സ്ക്രീൻ ഇരുണ്ടുതന്നെ കിടന്നു…
ചില നിശ്ശബ്ദതകൾ അങ്ങനെയാണ്.
ശബ്ദം ഇല്ലാത്തതുകൊണ്ടല്ല….ഉള്ളിലെ ചിന്തകളുടെ മുഴക്കം കടലുപോലെ ഇരമ്പുന്നതുകൊണ്ടാണ്….
എനിക്ക് മനുഷ്യരുടെ മനസ്സ് വായിക്കാൻ കഴിയുമെന്ന് ആരാണ് പറഞ്ഞതെന്ന് അറിയില്ല. പക്ഷേ അവളുടെ അടുത്തെത്തുമ്പോൾ ചില കാര്യങ്ങൾ എനിക്ക് കേൾക്കാൻ കഴിഞ്ഞു…
ഇനി എത്ര ദിവസം ഇങ്ങനെ?
എപ്പോൾ നടക്കാൻ കഴിയും?
പഴയതുപോലെ ആകുമോ?
ഈ പടികൾ എന്നെങ്കിലും ഞാൻ വീണ്ടും ഇറങ്ങുമോ?
അവൾ അതൊന്നും ഉറക്കെ ചോദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരും അതിന് ഉത്തരം പറഞ്ഞതുമില്ല.
പതിയെ ആ മുറിയിലെ ചെറിയ കാര്യങ്ങൾ പോലും എനിക്ക് പരിചിതമായി. രാവിലെ ഞാൻ ജനലിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം നോക്കുന്നത് അവളെയായിരിക്കും. പിന്നെ അറിയാതെ എന്റെ കണ്ണ് കട്ടിലിനരികിലെ ചെറിയ bed sidetable ലേക്ക് പോകും.
ചില ദിവസങ്ങളിൽ അവിടെ പ്രഭാതഭക്ഷണത്തിന്റെ ഒരു പാത്രം മാത്രമേ ഉണ്ടാകൂ. ചായയുടെ കപ്പ്. കഴിച്ചുതീർത്ത ഒരു പ്ലേറ്റ്. ചിലപ്പോൾ പകുതി ബാക്കിയായ എന്തെങ്കിലും.
പക്ഷേ ചില ദിവസങ്ങളിൽ ഞാൻ ചെല്ലുമ്പോൾ ആ ചെറിയ ടേബിൾ നിറഞ്ഞിരിക്കും. രാവിലെ കൊണ്ടുവന്ന പ്രഭാതഭക്ഷണം ഒരു വശത്ത്. ഉച്ചയ്ക്ക് കഴിക്കാനുള്ളത് മറ്റൊരു പാത്രത്തിൽ.
വൈകുന്നേരത്തേക്കുള്ള ഭക്ഷണം വേറൊന്നിൽ. ഇടയ്ക്ക് പഴങ്ങളോ ചായയോ എന്തെങ്കിലുമൊക്കെ.
ചില പകലുകളിൽ, ഉച്ചവെയിൽ ചില്ലുപാളി കടന്നെത്തുമ്പോഴും പ്രഭാതഭക്ഷണം ഒരു തരിപോലും തൊടാതെ തണുത്തുറഞ്ഞു കിടക്കുന്നത് കാണുമ്പോൾ എന്റെ കുഞ്ഞുചിറകുകൾ വല്ലാതെ വിതുമ്പുമായിരുന്നു. വിശപ്പ് എന്നത് വെറുമൊരു വയറിന്റെ മാത്രം ആളലല്ലല്ലോ. ഉള്ളം കരിഞ്ഞുണങ്ങിപ്പോകുന്ന നിമിഷങ്ങളിൽ, മുന്നിൽ എത്ര വലിയ രുചിക്കൂട്ടുകൾ നിരത്തിയാലും അതിലേക്ക് ഒരു വിരൽത്തുമ്പുപോലും നീളില്ലെന്ന് അവളെ നോക്കിനിന്ന ആ നിമിഷങ്ങളിലാണ് ഞാൻ തിരിച്ചറിഞ്ഞത്.
പിന്നെ ഒരു ദിവസം രാവിലെ ഞാൻ പതിവുപോലെ വന്നു.
അന്ന് ചിങ്ങമാസത്തിലെ തിരുവോണമായിരുന്നു.
ജനൽ തുറന്നുതന്നെയുണ്ട്.ഞാൻ അകത്തേക്ക് പറന്നു.
പക്ഷേ… അവൾ അവിടെയില്ല.കട്ടിൽ ഒഴിഞ്ഞുകിടക്കുന്നു.തലയണകൾ മാത്രം.ഞാൻ ഒന്നുരണ്ടുവട്ടം മുറിക്കുള്ളിൽ ചുറ്റിപ്പറന്നു.
ബാത്ത്റൂമിന്റെ വാതിലിനരികിലും നോക്കി.
ഇല്ല. അവൾ ഈ മുറിയിൽ ഇല്ല…
കഴിഞ്ഞ കുറേ ആഴ്ചകളായി ഞാൻ വന്നപ്പോഴൊക്കെ അവൾ ഇവിടെ ഉണ്ടായിരുന്നു.അന്ന് ആദ്യമായി ആ കട്ടിൽ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി.
അവൾ എവിടെ പോയി?
താഴത്തെ നിലയിൽനിന്നും ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.ഞാൻ പതുക്കെ പടികൾക്കരികിലൂടെ താഴേക്ക് പറന്നു.
അപ്പോഴാണ് അവളെ കണ്ടത്.ഞാൻ കുറച്ചുനേരം അനങ്ങാതെ നിന്നുപോയി.കഴിഞ്ഞ ദിവസങ്ങളിൽ കട്ടിലിൽ, വീട്ടുവേഷത്തിൽ, കാലിനു ചുറ്റും തലയണകളുമായി കണ്ടിരുന്ന അവളല്ല അത്….
അവൾ സുന്ദരിയായി ഒരുങ്ങിയിരുന്നു.
ഓണക്കോടിയുടെ പ്രൗഢിയിൽ, ഒതുക്കിക്കെട്ടിയ മുടിത്തുമ്പിൽ, നെറ്റിയിലെ ചന്ദനക്കുറിയുടെ നിലാവിൽ… ചുണ്ടിലൊരു ഇളംചിരിയോടെ അവൾ താഴെ ഇരിക്കുകയാണ്. പരിക്കേറ്റ ആ കാലിലെ വലിയ കെട്ട് ഇപ്പോഴും മാറിയിട്ടില്ല.. കഴിഞ്ഞ കുറേ ആഴ്ചകളായി ആ നാലു ചുമരുകൾക്കുള്ളിൽ എവിടെയോ നഷ്ടപ്പെട്ടുപോയ ആ പഴയ ചിരിയും തിളക്കവും.. വേദനകളെല്ലാം മറന്ന് ഉള്ളിൽ വീണ്ടും പൂത്തുലഞ്ഞ ഒരു വസന്തത്തിന്റെ വെളിച്ചം!
ഞാൻ അവളുടെ ചുറ്റും ഒരു വട്ടം പറന്നു. അവൾ എന്നെ കണ്ടോ എന്നറിയില്ല. പക്ഷേ എനിക്ക് സന്തോഷമായി.അവൾ മുറിയിൽ നിന്ന് പുറത്തുവന്നിരിക്കുന്നു.
പിന്നെ ആ വീടിന്റെ പടിവാതിലിലൂടെ ആളുകൾ ഒഴുകിയെത്തുകയായിരുന്നു…
ഒരാൾ വന്നു.
പിന്നെ മറ്റൊരാൾ.
പിന്നെ മറ്റൊരാൾ.
സുഹൃത്തുക്കൾ…
അവരുടെ കുടുംബങ്ങൾ.
അവളെ സ്നേഹിക്കുന്നവർ…..
ഓരോരുത്തരുടെയും കൈയിൽ എന്തെങ്കിലുമുണ്ടായിരുന്നു. ഓണസദ്യയിലെ വിഭവങ്ങൾ.
പായസം.
പലഹാരങ്ങൾ.
പൂക്കൾ
പക്ഷേ കുറച്ചുനേരം കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. കൈമാറിയ ആ വിഭവങ്ങളിലൊന്നുമായിരുന്നില്ല അന്നവിടെ കണ്ട ഏറ്റവും വിലപിടിപ്പുള്ള സമ്മാനം; അത് അവരുടെ സമയമായിരുന്നു….തിരുവോണനാളിൽ സ്വന്തം വീടുകളിലെ ഒരുക്കങ്ങളും തിരക്കുകളും മാറ്റിവെച്ചാണ് ഓരോരുത്തരും ആ പടികടന്നെത്തിയത്….അവളുടെ അടുത്തിരിക്കാൻ…അവളോടൊപ്പം ചിരിക്കാൻ…അവൾക്ക് ഈ ഓണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയാതെ പറയാൻ.
വീടു നിറയെ ആളുകളായി. ചിരിയായി.സംസാരമായി.ഭക്ഷണത്തിന്റെ മണമായി.പഴയ ഓണക്കഥകളായി.
തമാശകളായി.ഫോട്ടോകളായി.
ഞാൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറന്നുകൊണ്ട് അതെല്ലാം നോക്കി.കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ കണ്ടിരുന്ന അതേ വീടാണോ ഇതെന്ന് പോലും എനിക്ക് സംശയം തോന്നി. ഇന്നലെവരെ ഒരു മുറിയിൽ ഒതുങ്ങിക്കിടന്നിരുന്ന അവൾ ഇന്ന് എല്ലാവരുടെയും നടുവിലിരുന്നു ചിരിക്കുകയാണ്.
ആ ചിരിക്കിടയിലും ഇടയ്ക്കൊക്കെ അവളുടെ മിഴികൾ തുളുമ്പുന്നത് ഞാൻ കണ്ടു. എല്ലാ കണ്ണീരും വേദനയുടേതല്ലല്ലോ…
പിന്നെയും ദിവസങ്ങൾ കടന്നുപോയി.
ചിലർ വീണ്ടും വന്നു.ചിലർ ഒരിക്കൽ മാത്രം. ചിലർ ഭക്ഷണം കൊണ്ടുവന്നു.
ചിലർ സമയം കൊണ്ടുവന്നു.ചിലർ ഫോൺ ചെയ്തു. ചിലർ സന്ദേശങ്ങൾ അയച്ചു.
അപ്പോഴാണ് മനുഷ്യരുടെ സ്നേഹത്തിന്റെ മറ്റൊരു ആഴം ഞാൻ മനസ്സിലാക്കിയത്.
വിശക്കുന്നവന്റെ മുന്നിലേക്ക് അന്നം നീട്ടുന്നത് സ്നേഹത്തിന്റെ ഒരു മുഖം മാത്രമാണ്. എന്നാൽ, വീണുപോയ ഒരു മനസ്സിന് കൂട്ടിരിക്കാൻ സ്വന്തം ജീവിതത്തിൽനിന്ന് കുറച്ചു സമയം മാറ്റിവെക്കുന്നത് അതിലും എത്രയോ വലിയ സ്നേഹമാണ്—തിരികെ ചോദിക്കാത്ത, ഏറ്റവും അമൂല്യമായൊരു സമ്മാനം പോലെ.
ഒരു സന്ധ്യയ്ക്ക് ജനലിലൂടെ എത്തുമ്പോൾ കട്ടിലിൽ അവളില്ലെന്ന് ഒരുനിമിഷം തോന്നി; പക്ഷേ നോക്കുമ്പോൾ, കട്ടിലിന്റെ തുമ്പത്തിരുന്ന് കാലുകൾ പതുക്കെ നിലത്തേക്ക് താഴ്ത്തിവെച്ചിരിക്കുകയാണ് അവൾ!
“വേദനയൊക്കെ മാറി, നീരും കുറഞ്ഞു…” ഭർത്താവിനോട് അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു. അവളുടെ ആ വാക്കുകൾ കേട്ടതും സന്തോഷംകൊണ്ട് ഞാൻ മുറിക്കുള്ളിൽ രണ്ടുമൂന്നു വട്ടം പറന്നുയർന്നു. അന്നാദ്യമായി അവളുടെ നോട്ടം എന്നിലേക്ക് നീണ്ടു….
“ഈ ചിത്രശലഭം കുറേ ദിവസമായി ഇവിടെ വരാറുണ്ട്…” എന്നെ നോക്കി അവൾ മെല്ലെ കൈനീട്ടി ചിരിച്ചപ്പോൾ, ആ കൊച്ചു മുറിയുടെ അതിരുകളെല്ലാം മാഞ്ഞുപോയതുപോലെ എനിക്ക് തോന്നി.
ആ മുറിയുടെ ഓരോ തുടിപ്പും എനിക്ക് പരിചിതമായി മാറി. ഭർത്താവിന്റെ കാൽപ്പെരുമാറ്റം, മകന്റെ കിലുങ്ങിച്ചിരി, പാത്രങ്ങളുടെ ഒച്ച, ടിവിയിലെ പാട്ടുകൾ, ഇടയ്ക്കുള്ള വിതുമ്പലുകൾ… അതിലുമേറെ, ഇടവേളകളില്ലാതെ ഒഴുകിയെത്തിയ സുഹൃത്തുക്കളുടെ സ്നേഹഭാഷണങ്ങളും! അവൾക്ക് ഞാൻ വെറുമൊരു കൗതുകം മാത്രമായിരുന്നിരിക്കാം; എന്നാൽ എനിക്കോ, ആ തുറന്ന ജനൽ മനുഷ്യജീവിതത്തെ തൊട്ടറിയാനുള്ള വലിയൊരു ലോകമായിരുന്നു
ആ തുറന്ന ജനലഴികളും, ആ നാലു ചുമരുകളും, കട്ടിലിൽ കിടക്കുന്ന അവളും മാത്രമായി കുറേ ദിവസങ്ങളായി എന്റെ ലോകം. ഒരു സായാഹ്നത്തിൽ അവളെ കണ്ടശേഷം ഞാൻ പഴയതുപോലെ പൂന്തോട്ടത്തിലേക്ക് പറന്നു. എത്രയോ കാലങ്ങൾക്കുശേഷമാണ് ഞാൻ അവിടേക്ക് ശരിക്കുമൊന്ന് കണ്ണയക്കുന്നത്!
പക്ഷേ, എന്തോ വല്ലാതെ മാറിയിരിക്കുന്നു…
പണ്ടൊക്കെ ഞാൻ വന്നാൽ നിറയെ പൂക്കളുണ്ടായിരുന്ന സ്ഥലമാണ്. ആ മണ്ണിൽ ഇപ്പോൾ കനത്തൊരു മൂകത തളംകെട്ടിനിൽക്കുന്നു. ഇളംകാറ്റിനൊപ്പം കൊഞ്ചിക്കുഴഞ്ഞിരുന്ന ചെടികളെല്ലാം തലതാഴ്ത്തി നിൽക്കുകയാണ്; പൂക്കൾ കൊഴിഞ്ഞുപോയിരിക്കുന്നു, ഉണങ്ങിയ ഇലകൾ ചിതറിക്കിടക്കുന്നു. ഈ പൂന്തോട്ടത്തിനും അവളെ മിസ്സ് ചെയ്യുന്നുണ്ടെന്ന്.
വാടിത്തളർന്ന ഈ മണ്ണിലിനിയും പഴയതുപോലെ നിറങ്ങൾ പൂത്തുലയണം. പുതിയ ഇലകൾ തളിർക്കണം, മൊട്ടുകൾ വിരിയണം. ഏതെങ്കിലും ഒരു നല്ല പ്രഭാതത്തിൽ, ഒരു താങ്ങുമില്ലാതെ സ്വന്തം കാലുകളിൽ നടന്ന് അവൾ ഇവിടേക്ക് ഇറങ്ങിവരണം; വിരിഞ്ഞുനിൽക്കുന്നൊരു പൂവിനെ വിരൽത്തുമ്പുകൊണ്ട് തൊട്ട് പഴയതുപോലെ പുഞ്ചിരിക്കണം… ആ ദിവസം പൂക്കൾക്കിടയിൽ പാറിനടക്കുന്ന എന്നെ അവൾ കാണുമോ എന്നെനിക്കറിയില്ല; കണ്ടാലും തിരിച്ചറിയുമോ എന്നും അറിയില്ല…
ഒരുപക്ഷേ, നാളെയൊരു പുലരിയിൽ ഞാൻ പാറിയെത്തുമ്പോൾ, മാസങ്ങളായി തുറന്നുകിടന്ന ഈ ജനലുകൾ വീണ്ടും ചേർത്തുപൂട്ടി കിടക്കുന്നത് കണ്ടേക്കാം. അന്ന് എന്റെ കുഞ്ഞുചിറകുകൾ ഒരു തരിപോലും തളരില്ല; എന്റെയുള്ളിൽ ഒരു തുള്ളി സങ്കടവും പടരില്ല.
കാരണം എനിക്കറിയാം, ആ ജനൽ അടഞ്ഞുകിടക്കുന്നത് ഏകാന്തത കൊണ്ടല്ല; അവൾ ആ നാലു ചുമരുകളുടെ തടവറ ഭേദിച്ച് ജീവിതത്തിലേക്ക് പൂർണ്ണമായി മടങ്ങിയെത്തിക്കഴിഞ്ഞു എന്നതിന്റെ അടയാളമായിരിക്കും അത്!
ആ കട്ടിലിന്റെ ശൂന്യത വിട്ട് അവൾ പടവുകൾ ഒന്നൊന്നായി ഇറങ്ങിയിട്ടുണ്ടാകും. താഴത്തെ മുറിയിൽ പ്രിയപ്പെട്ടവരുടെ സ്നേഹക്കൂട്ടിലിരുന്ന് അവൾ ഉറക്കെ ചിരിക്കുന്നുണ്ടാകും. ആരുടെയും താങ്ങില്ലാതെ, സ്വന്തം വിരലുകൾ കൊണ്ട് ആ വാതിൽ മലർക്കെത്തുറന്ന്, സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് കീഴിലേക്ക് അവൾ ഇറങ്ങി നടന്നിട്ടുണ്ടാകും!
ഇപ്പോൾ രാത്രിയുടെ നിശ്ശബ്ദത പടർന്നുതുടങ്ങിയിരിക്കുന്നു. പറന്നുയരും മുൻപ് ഞാൻ ഒരിക്കൽക്കൂടി അവളെ തിരിഞ്ഞുനോക്കി. ചുണ്ടിലൊരു ചെറുചിരിയോടെ അവൾ ശാന്തമായി ഉറങ്ങുകയാണ്. ജനലഴികൾ കടന്ന് ഞാൻ രാത്രിയിലേക്ക് പറന്നുയർന്നു. നാളത്തെ പുലരിയിലും ഞാൻ ഇങ്ങോട്ടേക്ക് പാറിയെത്തും; അവൾക്കുമുന്നിൽ അനന്തമായ ആകാശം കാട്ടിക്കൊടുക്കാൻ, ഒരുനാൾ എന്നെപ്പോലെ സ്വതന്ത്രമായി അവൾക്കും ചിറകുവിടർത്താനാകും എന്ന് നിശബ്ദമായി ഓർമ്മിപ്പിക്കാൻ.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments