അയർലണ്ടിലടക്കം റവല്യൂട്ട് ഉപഭോക്താക്കളുടെ വ്യക്തിഗതവും സാമ്പത്തികവുമായി ബന്ധപ്പെട്ട വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തിയതായി റിപ്പോർട്ട്.അയർലൻഡിലെ ഉൾപ്പെടെ നിരവധി അക്കൗണ്ട് ഹോൾഡേഴ്‌സിനെ ഇതിനകം തന്നെ തട്ടിപ്പുകാർ ബന്ധപ്പെട്ടു എന്നാണ് വിവരം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം എന്നും ഫോണിലൂടെയോ ഈ മെയിലൂടെയോ ഒരു കാരണവശാലും പാസ്സ് വേർഡ്, ഒ ടി പി തുടങ്ങിയ വിവരങ്ങൾ കൈമാറരുത് എന്നും അധികൃതർ അറിയിച്ചു.
സർക്കാർ ഏജൻസിയുടേതെന്ന് തോന്നിപ്പിക്കുന്ന ഔദ്യോഗിക ഇമെയിൽ ഡൊമെയ്ൻ ഉപയോഗിച്ചാണ് തട്ടിപ്പുകാർ റവല്യൂട്ടിൽ നിന്ന് ഉപഭോക്തൃ വിവരങ്ങൾ സംഘടിപ്പിച്ചത്.പേര്, ജനനത്തീയതി, വിലാസം, ഇമെയിൽ, ഫോൺ നമ്പർ എന്നിവയ്ക്കൊപ്പം പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും ചില ഉപഭോക്താക്കളുടെ IBAN വിവരങ്ങളും ചോർന്നതായി റിപ്പോർട്ടുകളുണ്ട്.അയർലണ്ടിലെ എത്ര ഉപഭോക്താക്കളെ സംഭവം ബാധിച്ചുവെന്ന് റവല്യൂട്ട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വളരെ പരിമിതമായ എണ്ണം ഉപഭോക്താക്കളെയാണ് ബാധിച്ചതെന്നും, ബന്ധപ്പെട്ട ഉപഭോക്താക്കളെ നേരിട്ട് വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.റവല്യൂട്ട് അക്കൗണ്ടുകളോ പ്രധാന സംവിധാനങ്ങളോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
സർക്കാർ ഏജൻസിയുടെ യഥാർഥ ഡൊമെയ്ൻ ഉപയോഗിച്ചുള്ള വ്യാജ അഭ്യർഥനകൾ ഔദ്യോഗിക നിയമപരമായ ആവശ്യങ്ങളാണെന്ന് കരുതി വിവരങ്ങൾ കൈമാറിയതാണ് സംഭവത്തിന് കാരണമെന്നും റവല്യൂട്ട് വിശദീകരിച്ചു.സംഭവം കണ്ടെത്തിയ ഉടൻ ബന്ധപ്പെട്ട ഇമെയിൽ വിലാസം ബ്ലോക്ക് ചെയ്തതായും നിയമനിർവഹണ ഏജൻസികൾ, ഡാറ്റാ സംരക്ഷണ അധികൃതർ, സാമ്പത്തിക റെഗുലേറ്റർമാർ എന്നിവരെ വിവരം അറിയിച്ചതായും കമ്പനി അറിയിച്ചു.
അയർലണ്ടിൽ 34 ലക്ഷം ഉപഭോക്താക്കളുള്ള റവല്യൂട്ടിന്റെ ഉപഭോക്താക്കൾ സംഭവത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്. പ്രത്യേകിച്ച് റവല്യൂട്ട് അക്കൗണ്ട് സംബന്ധിച്ച സംശയാസ്പദമായ ഫോൺകോളുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ എന്നിവ ലഭിച്ചാൽ വ്യക്തിഗത വിവരങ്ങളോ OTPകളോ കൈമാറരുതെന്നാണ് പ്രധാന നിർദേശം. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായാൽ പ്രതികരിക്കരുത് എന്നും ഉടനെ തന്നെ ബാങ്കിനെ ബന്ധപ്പെടുകയും ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments