അയർലൻഡിലെ മൊബൈൽ വിപണിയിലേക്ക് പ്രവേശിക്കുന്ന ലിഡിലിന്റെ പുതിയ ലിഡിൽ കണക്റ്റ് സിം സേവനം ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആദ്യ ഒരു ലക്ഷം ഉപഭോക്താക്കൾക്ക് പ്രതിമാസം €8.99 എന്ന നിരക്കിൽ സേവനം ലഭിക്കും. ഈ നിരക്ക് തുടർന്നും നിലനിർത്താമെന്നതാണ് ഓഫറിന്റെ പ്രധാന പ്രത്യേകത. ആദ്യ ഒരു ലക്ഷം പേരുടെ പരിധി പൂർത്തിയായാൽ പ്രതിമാസ നിരക്ക് €12.99 ആയി മാറും.
അൺലിമിറ്റഡ് 5G ഡാറ്റ, കോളുകൾ, ടെക്സ്റ്റുകൾ എന്നിവയാണ് ലിഡിൽ കണക്റ്റ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡിനും യുകെയ്ക്കുമുള്ള നെറ്റ്‌വർക്കുകളിലേക്ക് അൺലിമിറ്റഡ് കോളുകളും ടെക്സ്റ്റുകളും ലഭിക്കും. കൂടാതെ EU, UK രാജ്യങ്ങളിൽ പ്രതിമാസം 50GB റോമിങ് ഡാറ്റയും, മുപ്പത്തിയെട്ടിലധികം രാജ്യങ്ങളിലേക്ക് 100 അന്താരാഷ്ട്ര മിനിറ്റുകളും പ്ലാനിൽ ഉൾപ്പെടുന്നു. ദീർഘകാല കരാർ ആവശ്യമില്ലാത്ത മാസാടിസ്ഥാനത്തിലുള്ള പ്ലാനായതിനാൽ ഉപഭോക്താക്കൾക്ക് ഏത് സമയത്തും സേവനം അവസാനിപ്പിക്കാനും സാധിക്കും.
ഓഫർ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
ലിഡിൽ കണക്റ്റ് സേവനം ലിഡിൽ പ്ലസ് ആപ്പ് വഴി മാത്രമാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക. അതുകൊണ്ടുതന്നെ സിം മേടിക്കാൻ കടയിലേക്ക് പോകുന്നതിനുമുമ്പ് ലിഡിൽ പ്ലസ് ആക്റ്റീവ് ആണോ എന്ന് നോക്കുക. ആക്ടീവ് മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമാണ് സിം ലഭിക്കുകയുള്ളൂ. അതിനാൽ €8.99-ന്റെ ‘Price for Life’ ഓഫർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ലിഡിൽ പ്ലസ് ആപ്പിൽ അക്കൗണ്ട് സജ്ജമാക്കി അതുവഴി ലിഡിൽ കണക്റ്റ് തിരഞ്ഞെടുക്കണം. ഒരു ലിഡിൽ പ്ലസ് അക്കൗണ്ടിൽ ഈ പ്രത്യേക €8.99 ഓഫർ ഒരു സിമ്മിന് മാത്രമാണ് ലഭിക്കുക.
ഉപഭോക്താക്കൾക്ക് രണ്ട് തരത്തിൽ സിം ലഭിക്കും. ഫിസിക്കൽ സിം അയർലൻഡിലെ ലിഡിൽ സ്റ്റോറുകളിൽ നിന്ന് 99 സെന്റിന് വാങ്ങാം. അനുയോജ്യമായ മൊബൈൽ ഫോണുള്ളവർക്ക് ലിഡിൽ പ്ലസ് ആപ്പ് വഴി eSIM തിരഞ്ഞെടുത്ത് ഡിജിറ്റലായി രജിസ്ട്രേഷൻ പൂർത്തിയാക്കാനും കഴിയും. നിലവിലുള്ള മൊബൈൽ നമ്പർ ലിഡിൽ കണക്റ്റിലേക്ക് മാറ്റുന്നതിനുള്ള സൗകര്യവും പുതിയ നമ്പർ എടുക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.
eir നെറ്റ്‌വർക്ക് ഉപയോഗിച്ച് ലിഡിൽ കണക്റ്റ്
ലിഡിൽ സ്വന്തമായി മൊബൈൽ നെറ്റ്‌വർക്ക് സ്ഥാപിച്ചല്ല ലിഡിൽ കണക്റ്റ് സേവനം നൽകുന്നത്. 1GLOBAL ആണ് സേവനത്തിന്റെ സാങ്കേതിക പങ്കാളി. അയർലൻഡിൽ eir നെറ്റ്‌വർക്ക് വഴിയാണ് ലിഡിൽ കണക്റ്റ് സേവനം ലഭ്യമാക്കുന്നത്. അതിനാൽ ഉപഭോക്താവിന് ലഭിക്കുന്ന മൊബൈൽ കവറേജ് പ്രധാനമായും പ്രദേശത്തെ eir നെറ്റ്‌വർക്ക് കവറേജിനെ ആശ്രയിച്ചിരിക്കും.
ലിഡിൽ കണകക്റ്റിന്റെ വരവ് അയർലൻഡിലെ സിം ഒൺലി വിപണിയിൽ കൂടുതൽ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള നിരവധി പ്ലാനുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് ആദ്യ ഒരു ലക്ഷം ഉപഭോക്താക്കൾക്കായി ലിഡിൽ €8.99 ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ഒരു ലക്ഷം ഉപഭോക്താക്കൾക്കാണ് €8.99 നിരക്ക് ലഭിക്കുക എന്നതിനാൽ, ഓഫർ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നവർ ലിഡിൽ പ്ലസ് ആപ്പ് വഴി രജിസ്ട്രേഷൻ നടപടികൾ നേരത്തെ പൂർത്തിയാക്കേണ്ടിവരും.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments