യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശ നിരക്ക് 0.25 ശതമാനം ഉയർത്തിയതോടെ അയർലൻഡിലെ മോർട്ട്ഗേജ് ഉടമകൾക്ക് തിരിച്ചടി. നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ട്രാക്കർ, വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളുടെ തിരിച്ചടവ് ഉയരും. നിലവിൽ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ഉള്ളവരും നിരക്ക് കാലാവധി പൂർത്തിയാക്കി പുതിയ നിരക്കിലേക്ക് മാറുമ്പോൾ അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നേക്കും.ECBയുടെ പുതിയ തീരുമാനത്തോടെ പ്രധാന ഡെപ്പോസിറ്റ് നിരക്ക് 2.50 ശതമാനമായി.
നിരക്ക് വർധനയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം ട്രാക്കർ മോർട്ട്ഗേജ് ഉടമകൾക്കായിരിക്കും. ECBയുടെ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ട്രാക്കർ മോർട്ട്ഗേജ് നിരക്കുകൾ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉയരും.ഏകദേശം മൂന്നലക്ഷം യൂറോയുടെ ട്രാക്കർ മോർട്ട്ഗേജ് ഉള്ളവർക്ക് പുതിയ വർധനയുടെ ഫലമായി വർഷത്തിൽ ഏകദേശം 400 യൂറോ അധികമായി തിരിച്ചടയ്ക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ ഉണ്ടായ നിരക്ക് വർധനകളും കൂടി കണക്കിലെടുക്കുമ്പോൾ, മോർട്ട്ഗേജ് തിരിച്ചടവ് പല കുടുംബങ്ങളുടെയും മാസ ബജറ്റിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചേക്കും.വേരിയബിൾ റേറ്റ് മോർട്ട്ഗേജ് ഉള്ളവർക്കും ബാങ്കുകൾ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ട്. അതേസമയം, കുറഞ്ഞ ഫിക്സഡ് റേറ്റിൽ മോർട്ട്ഗേജ് എടുത്തിട്ടുള്ളവരുടെ കരാർ കാലാവധി അവസാനിക്കുമ്പോൾ നിലവിലെ ഉയർന്ന നിരക്കിലേക്ക് മാറേണ്ടിവരുന്നത് തിരിച്ചടവ് ഗണ്യമായി വർധിക്കാൻ ഇടയാക്കും.
വിലക്കയറ്റം വീണ്ടും ഉയരുന്നതാണ് ECBയുടെ പുതിയ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് എണ്ണ ഉൾപ്പെടെയുള്ള ഊർജവില ഉയർന്നത് യൂറോ മേഖലയിലെ പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്.ഇനിയും പലിശ നിരക്ക് ഉയരുമോ എന്ന ആശങ്കയും ശക്തമാണ്. ഈ വർഷം ഒരു നിരക്ക് വർധന കൂടി ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിപണികളുടെ വിലയിരുത്തൽ. എന്നാൽ ഭാവിയിലെ നിരക്ക് തീരുമാനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലെന്നും സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ തീരുമാനങ്ങളെന്നും ECB വ്യക്തമാക്കിയിട്ടുണ്ട്.
പലിശ നിരക്ക് ഉയരുന്നത് മോർട്ട്ഗേജ് തിരിച്ചടവിൽ മാത്രമല്ല, പുതിയതായി വീട് വാങ്ങാൻ വായ്പയെടുക്കുന്നവരുടെ വായ്പാ ചെലവിലും സ്വാധീനം ചെലുത്തും. ഉയർന്ന പലിശനിരക്ക് ഭവനവായ്പാ ചെലവ് വർധിപ്പിക്കുന്നതോടെ അയർലൻഡിലെ വീടുവാങ്ങൽ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാനിടയുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments