ടെക്നോളജി ഭീമനായ NVIDIAയുടെ മേധാവി ജെൻസൻ ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ചാരവിവാദം ആഗോള ടെക്നോളജി മേഖലയിൽ വലിയ ചർച്ചയാകുന്നു. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന യുവതിയുമായി ജെൻസൻ ഹുവാങിന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് വിവാദത്തിന് വഴിതെളിച്ചത്.NVIDIAയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങിന് ചൈനീസ് ചാരപ്രവർത്തനത്തിന്റെ ഭാഗമായി അടുത്ത ബന്ധം സ്ഥാപിച്ചതാണോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ആലീസ് ഹുവാങ് എന്ന ചൈനീസ് പൗരത്വമുള്ള ബിസിനസുകാരിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവായ ഇവർക്ക് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്നാണ് അമേരിക്കൻ അധികൃതരുടെ ആരോപണം.അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകൾ പ്രകാരം, ജെൻസൻ ഹുവാങുമായി അടുത്ത ബന്ധം സ്ഥാപിച്ച ആലീസ് ഹുവാങ്, NVIDIAയുടെ പ്രവർത്തനങ്ങളെയും നൂതന എഐ ചിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളെയും കുറിച്ച് ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടാകാമെന്നാണ് സംശയം. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവി
വിവാദങ്ങൾക്കിടെ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ഭാര്യയോട് അവിശ്വസ്തത കാട്ടിയതായി ജെൻസൻ ഹുവാങ് സമ്മതിച്ചു. തന്റെ പ്രവൃത്തികൾ ഭാര്യയെയും മക്കളെയും വേദനിപ്പിച്ചെന്നും അതിന് ന്യായീകരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരോപണവിധേയയായ യുവതിയുടെ പേര് അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല.
സംഭവം ഗൗരവത്തിലെടുത്ത NVIDIAയുടെ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ രഹസ്യവിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നതായി വിശ്വസിക്കാൻ നിലവിൽ കാരണമില്ലെന്നാണ് ബോർഡിന്റെ വിശദീകരണം. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഹുവാങും അറിയിച്ചിട്ടുണ്ട്. അദ്ദേഹം സിഇഒ സ്ഥാനത്ത് തുടരുകയും ചെയ്യും.
ഓഹരി വിപണിയിലും പ്രത്യാഘാതം
വിവാദം NVIDIAയുടെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരത്തിനൊടുവിൽ കമ്പനിയുടെ ഓഹരി വില 4.3 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 190 ബില്യൺ ഡോളറിന്റെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.അതേസമയം, ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ലോകത്തെ ഏറ്റവും ശക്തമായ എഐ ചിപ്പുകൾ നിർമിക്കുന്ന കമ്പനികളിലൊന്നായ NVIDIAയുടെ മേധാവിയെ ചുറ്റിപ്പറ്റിയുള്ള ഈ വിവാദം അമേരിക്ക-ചൈന സാങ്കേതിക മത്സരത്തിലും ദേശീയ സുരക്ഷാ ചർച്ചകളിലും പുതിയ ആശങ്കകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആരോപണങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് സ്വതന്ത്ര അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments