യൂറോപ്പിൽ വീണ്ടും വലതുപക്ഷ തീവ്രവാദത്തിന്റെ ഭീഷണി ചർച്ചയാകുന്നു. പോളണ്ടിലെ ക്രാക്കോവിൽ ആൾക്കൂട്ടത്തിനുനേരെ തോക്കുധാരി നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ തീവ്ര ദേശീയവാദവും വലതുപക്ഷ തീവ്രവാദ ആശയങ്ങളും സ്വാധീനിച്ച വ്യക്തിയാണെന്നാണ് പോളിഷ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
യൂറോപ്പിൽ കുടിയേറ്റവിരുദ്ധതയും വംശീയ വിദ്വേഷവും രാഷ്ട്രീയമായി വളർത്തപ്പെടുന്ന സാഹചര്യത്തിൽ ഈ സംഭവം കൂടുതൽ ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.നവംബർ ഏഴ് ശനിയാഴ്ച പോളണ്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്രാക്കോവിലെ മെയിൻ മാർക്കറ്റ് സ്ക്വയറിലാണ് വെടിവെപ്പുണ്ടായത്. കാറിലെത്തിയ അക്രമി പൊതുജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിക്കുനേരെ വെടിയുതിർത്ത് കീഴടക്കി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ്സുള്ള പോളിഷ് പൗരനാണ് അക്രമിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് തീവ്ര ദേശീയവാദപരവും വലതുപക്ഷ തീവ്രവാദപരവുമായ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നുവെന്നാണ് പോളിഷ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തെ ഭീകരാക്രമണമായാണ് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ അയർലണ്ടിലും തീവ്ര വലതുപക്ഷ രാഷ്ട്രീയവും കുടിയേറ്റവിരുദ്ധ പ്രചാരണങ്ങളും ശക്തിപ്പെടുന്നത് ആശങ്കയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരായ വിദ്വേഷ പ്രചാരണങ്ങൾ പ്രത്യക്ഷമായും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുന്നത് ആശങ്കാജനകമാണ്.അയർലണ്ടിലെ ഭവനപ്രതിസന്ധി, താമസസൗകര്യങ്ങളുടെ കുറവ്, ആരോഗ്യരംഗത്തെ സമ്മർദം തുടങ്ങിയ യഥാർഥ സാമൂഹിക പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തിയാണ് ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ കുടിയേറ്റവിരുദ്ധ വികാരം വളർത്താൻ ശ്രമിക്കുന്നത്. സർക്കാർ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്തത് പ്രതിസന്ധി കൂട്ടുന്നു.
നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിലും അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലും നേരെത്തെ ഉണ്ടായ ആക്രമണ സംഭവങ്ങൾ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അപകടകരമായ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു. ബെൽഫാസ്റ്റിലും ഡബ്ലിനിലും ഉണ്ടായ ദാരുണ സംഭവങ്ങളെ ചില തീവ്ര വലതുപക്ഷ, കുടിയേറ്റവിരുദ്ധ ഗ്രൂപ്പുകൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ ആക്രമണങ്ങൾ അരങ്ങേറി. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. ഗ്ലൈഡർ ബസ് കത്തിക്കുകയും പൊലീസിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. കുടിയേറ്റ കുടുംബങ്ങൾക്ക് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യം പോലുമുണ്ടായി. വ്യക്തികൾ നടത്തിയ കുറ്റകൃത്യത്തിന്റെ പേരിൽ നിരപരാധികളായ കുടിയേറ്റ സമൂഹത്തെ ഒന്നാകെ ശത്രുക്കളായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇവിടെ രണ്ടു സ്ഥലത്തും കണ്ടത്.
എന്നാൽ ബെൽഫാസ്റ്റിലെയും ഡബ്ലിനിലെയും ഈ വംശീയ ആക്രമണങ്ങൾ ജനങ്ങളുടെ പൊതുവികാരത്തെ പ്രതിനിധീകരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്ന വലിയൊരു പ്രതിഷേധവും പിന്നാലെ നടന്നു. ബെൽഫാസ്റ്റിലും ഡബ്ലിനിലും കലാപങ്ങൾക്ക് പിന്നാലെ നടന്ന വംശീയവിരുദ്ധ റാലിയിൽ പതിനായിര കണക്കിന് ആളുകൾ ആണ് പങ്കെടുത്തത്. വിവിധ തൊഴിലാളി സംഘടനകളും സാമൂഹിക സംഘടനകളും രാഷ്ട്രീയ നേതാക്കളും റാലിക്ക് പിന്തുണ നൽകി.’വംശീയതയ്ക്കെതിരെ ഒന്നിക്കാം’, ‘അഭയാർഥികൾക്ക് സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ആയിരുന്നു തീവ്ര വലതുപക്ഷത്തിനും കുടിയേറ്റ വിരുദ്ധർക്കും എതിരായിട്ടുള്ള പ്രതിഷേധം നടത്തിയത്.വംശീയതയും വിദ്വേഷവും അല്ല, അക്രമവും കുറ്റകൃത്യങ്ങളുമാണ് എതിർക്കപ്പെടേണ്ടതെന്ന സന്ദേശമാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്.
വംശീയ ആക്രമണങ്ങൾ നടത്തുന്ന ചെറിയ വിഭാഗം ആളുകളല്ല ബെൽഫാസ്റ്റിന്റെയും അയർലണ്ടിന്റെയും യഥാർഥ മുഖമെന്നും വൈവിധ്യവും സഹവർത്തിത്വവുമാണ് ഇരു രാജ്യങ്ങളുടെ ശക്തിയെന്നും റാലിയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ക്രാക്കോവിലെ കൂട്ടക്കൊലയും ബെൽഫാസ്റ്റിലെയും ഡബ്ലിനിലെയും വംശീയ കലാപങ്ങളും നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ അക്രമത്തിലേക്കും വംശീയ വിദ്വേഷം മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിലേക്കും നീങ്ങുന്ന സാഹചര്യം തടയേണ്ടതുണ്ട്.
അയർലണ്ടിലും വലതുപക്ഷ തീവ്രവാദം വേരുറപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അതിനെ നേരിടാനുള്ള ഏറ്റവും വലിയ ശക്തി ജനാധിപത്യബോധവും സാമൂഹിക ഐക്യവും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പ്രതിരോധവുമാണ് എന്ന് കുടിയേറ്റ സമൂഹവും തിരിച്ചറിയേണ്ടത് ആയിട്ടുണ്ട്. ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കുടിയേറ്റ സമൂഹവും ഉയർത്തിക്കൊണ്ട് അവരോട് ചേർന്ന് നിന്ന് വേണം തീവ്ര വലതുപക്ഷം ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കാൻ.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments