മക്‌ഡൊണാൾഡ്സിനെതിരായ നിയമപോരാട്ടത്തിൽ സൂപ്പർ മാക്സിനു നിർണായക വിജയം

By Rose Malayalam Desk

ബ്രിട്ടനിലേക്ക് ചുവടുവെക്കാൻ സൂപ്പർമാക്‌സ് മുന്നിലുള്ള തടസ്സങ്ങൾ നീങ്ങി. മക്‌ഡൊണാൾഡ്സിനെതിരായ നിയമപോരാട്ടത്തിൽ നിർണായക വിജയം നേടിയതോടെയാണ് ബ്രിട്ടനിലേക്ക് ഉള്ള പാത സൂപ്പർമാക്സിന് സുഗമമായത്. സൂപ്പർമാക്‌സിന്റെ പേരും ലോഗോയും യുകെയിൽ ട്രേഡ്‌മാർക്കായി ഇനി രജിസ്റ്റർ ചെയ്യാം.അമേരിക്കൻ ഫാസ്റ്റ് ഫുഡ് ഭീമൻ മക്‌ഡൊണാൾഡ്സുമായുള്ള ദീർഘകാല ട്രേഡ്‌മാർക്ക് തർക്കത്തിൽ നിർണായക വിജയം നേടിയത്തോടെയാണ് അയർലൻഡിന്റെ സ്വന്തം ഫാസ്റ്റ് ഫുഡ് ശൃംഖലയായ സൂപ്പർമാക്‌സിനു ബ്രിട്ടനിൽ ശാഖകൾ തുറക്കാൻ ഉള്ള സാഹചര്യം ഒരുങ്ങിയത്. സൂപ്പർമാക്‌സിന്റെ പേരും ലോഗോയും ബ്രിട്ടനിൽ ട്രേഡ്‌മാർക്കായി രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് യുകെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് (UKIPO) വിധിച്ചതോടെയാണ് ബ്രിട്ടീഷ് വിപണിയിലേക്കുള്ള കമ്പനിയുടെ പ്രവേശനത്തിന് വഴിതുറന്നത്.

ഏകദേശം 120 ഔട്ട്‌ലെറ്റുകളുള്ള സൂപ്പർമാക്‌സ് കഴിഞ്ഞ 11 വർഷമായി മക്‌ഡൊണാൾഡ്സുമായി ട്രേഡ്‌മാർക്ക് അവകാശങ്ങളെച്ചൊല്ലി നിയമപോരാട്ടത്തിലായിരുന്നു. ബ്രിട്ടനിൽ സൂപ്പർമാക്‌സിന്റെ പേര്-ലോഗോ രജിസ്റ്റർ ചെയ്യുന്നത് തങ്ങളുടെ നിലവിലുള്ള Big Mac, McCafé ഉൾപ്പെടെയുള്ള ട്രേഡ്‌മാർക്കുകളുമായി ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ആയിരുന്നു മക്‌ഡൊണാൾഡ്സിന്റെ വാദം. എന്നാൽ ഇരു ബ്രാൻഡുകളുടെയും ദൃശ്യ, ശബ്ദ, ആശയപരമായ വ്യത്യാസങ്ങൾ ഉപഭോക്താക്കൾക്ക് ബ്രാൻഡുകളെ നേരിട്ട് ആശയക്കുഴപ്പത്തിലാക്കാത്തത്ര വ്യക്തമാണ് എന്ന നിലപാടാണ് UKIPO സ്വീകരിച്ചത്. ‘Mc/Mac’ എന്ന സാമ്യം മാത്രം ഉപഭോക്താക്കളിൽ നേരിട്ടുള്ള ആശയക്കുഴപ്പത്തിന് കാരണമാകില്ലെന്നും UKIPO കണ്ടെത്തി.

1978ൽ ഗാൽവേയിലെ ബാലിനാസ്ലോയിൽ പാറ്റ് മക്‌ഡൊണാഗ് സ്ഥാപിച്ച സൂപ്പർമാക്‌സിന് ബ്രിട്ടീഷ് വിപണി വലിയ വളർച്ചാ സാധ്യതയാണെന്നാണ് വിലയിരുത്തൽ. UKIPOയുടെ തീരുമാനം കമ്പനിയുടെ ബ്രാൻഡ് വിപുലീകരണ പദ്ധതികൾക്ക് നിർണായകമായ പിന്തുണ നൽകുന്നതാണെന്ന് മക്‌ഡൊണാഗ് പ്രതികരിച്ചു.

അതേസമയം, യൂറോപ്യൻ യൂണിയൻ തലത്തിൽ സൂപ്പർമാക്‌സിന് സമാന വിജയം നേടാനായിട്ടില്ല. ജൂണിൽ EUIPO സൂപ്പർമാക്‌സിന്റെ ലോഗോ മക്‌ഡൊണാൾഡ്സിന്റെ ‘Big Mac’ ട്രേഡ്‌മാർക്കുമായി വളരെ സാമ്യമുള്ളതാണെന്ന നിലപാടെടുത്ത് യൂറോപ്യൻ യൂണിയൻ വ്യാപകമായ ട്രേഡ്‌മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചില്ല. ഈ തീരുമാനത്തിനെതിരെ കൂടുതൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം സൂപ്പർമാക്‌സ് പരിഗണിക്കുന്നുണ്ട്.

ഇതിനുമുമ്പും മക്‌ഡൊണാൾഡ്സിനെതിരായ നിയമപോരാട്ടത്തിൽ സൂപ്പർമാക്‌സിന് നേട്ടമുണ്ടായിട്ടുണ്ട്. 2024 ജൂണിൽ യൂറോപ്യൻ യൂണിയന്റെ ജനറൽ കോടതി, ചില കോഴിയിറച്ചി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ‘Big Mac’ ട്രേഡ്‌മാർക്ക് സംരക്ഷിക്കാൻ ആവശ്യമായ ഉപയോഗത്തിന്റെ തെളിവുകൾ മക്‌ഡൊണാൾഡ്സ് ഹാജരാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

യുകെ വിപണിയിലെ പുതിയ നിയമവിജയം സൂപ്പർമാക്‌സിന്റെ അന്താരാഷ്ട്ര വളർച്ചാ പദ്ധതികൾക്ക് വലിയ ഉത്തേജനമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അയർലൻഡിൽ നിന്ന് ബ്രിട്ടീഷ് വിപണിയിലേക്കുള്ള സൂപ്പർമാക്‌സിന്റെ അടുത്ത നീക്കങ്ങൾക്ക് ഇപ്പോൾ നിയമപരമായ പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments