ഡബ്ലിൻ: പ്രവാസത്തിന്റെ അതിരുകൾ മായ്ച്ച്, നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരത്വവും പുനഃസൃഷ്ടിച്ച് മലയാളിസ് ഇൻ സിറ്റി വെസ്റ്റ് (MIC) സംഘടിപ്പിച്ച ‘അത്തപ്പൂവും നുള്ളി…’ ഓണാഘോഷം വിസ്മയക്കാഴ്ചയായി. ഓഗസ്റ്റ് 29-ന് ഡബ്ലിനിലെ പെരിസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറിയ ആഘോഷം, പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ഒരു നാട്ടുത്സവത്തിന്റെ ആവേശമാണ് അയർലൻഡിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്.
കേരളീയതയുടെ തനിമ വിരിഞ്ഞ വേദി
കേരളത്തിന്റെ ഉത്സവപ്പറമ്പുകളെയും പൂരപ്പറമ്പുകളെയും ഓർമ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യ ആകർഷണം. പ്രവേശന കവാടത്തിൽ ചുണ്ടൻ വള്ളം, പടർന്നു പന്തലിച്ച ആൽമരവും ആൽത്തറയും, പ്രൗഢിയോടെ വാനിലുയർന്നു നിൽക്കുന്ന സ്വർണ്ണക്കൊടിമരവും, കൊത്തുപണികളുടെ ഭംഗിയാർന്ന കൽവിളക്കും, തുളസിത്തറയും കലാകാരന്മാരുടെ കരവിരുതിൽ തനിമ ചോരാതെ വേദിയിൽ പുനർജനിച്ചപ്പോൾ കാണികൾക്ക് അതൊരു നവ്യാനുഭവമായി മാറി.
ഇതിനു പുറമെ പ്രധാന വേദിയിലാകട്ടെ, തൃശൂർ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയിൽ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞുനിൽക്കുന്ന ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് ഒരുക്കിയിരുന്നത്.
രാവിലെ പൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷത്തിൽ തിരുവാതിരയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികൾ ആഘോഷത്തിന് നിറവും ആവേശവും പകർന്നു. ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. തുടർന്ന് ഓണക്കളികളും മറ്റു വിനോദപരിപാടികളും ആഘോഷത്തെ കൂടുതൽ സജീവമാക്കി. ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം അരങ്ങേറിയ ഡിജെ പ്രോഗ്രാം സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയർലൻഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വൺ (അച്ചൂസ് – DJ A1) നയിച്ച തകർപ്പൻ സംഗീതവിരുന്ന് സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കേരളത്തിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ കഴിയുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന “MIC”ന്റെ കൂട്ടായ ശ്രമത്തിന്റെ നേർക്കാഴ്ചയായി ഇത്തവണത്തെ ആഘോഷം.
പൂരപ്പൊലിമയും ഗ്രാമീണവിശുദ്ധിയും ഒരൊറ്റ വേദിയിൽ സംഗമിച്ചപ്പോൾ, പെരിസ്‌ടൗണിൽ പിറന്നത് കേവലമൊരു ഓണാഘോഷമായിരുന്നില്ല…പ്രവാസമണ്ണിൽ പുനർജനിച്ച ഒരു കൊച്ചു കേരളം തന്നെയായിരുന്നു. അതിരുകൾക്കപ്പുറം മലയാളികളെ ഒന്നാകെ ചേർത്തുവെക്കുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും അടയാളമായി ‘MIC’ ഓണാഘോഷം മാറുമ്പോൾ, പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മായാതെ സൂക്ഷിക്കാൻ ഒരുപിടി സുന്ദരമായ ഓർമ്മകളാണ് ഈ കൂട്ടായ്മ ഡബ്ലിനിലെ ഓരോ മലയാളി മനസ്സിലേക്കും സമ്മാനിച്ചത്.
( വാർത്ത: ബിനു ഉപേന്ദ്രൻ).







Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments