രണ്ടുദിവസത്തേക്ക് ഫിനിക്സ് പാർക്ക് അടയ്ക്കുന്നു; ഗതാഗതവും തടസ്സപ്പെടും

By Rose Malayalam Desk

ഡൊണൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനത്തെ തുടർന്ന് ഡബ്ലിനിലെ ഫിനിക്സ് പാർക്ക് രണ്ടുദിവസത്തേക്ക് പൊതുജനങ്ങൾക്കായി പൂർണമായും അടച്ചിടും.സെപ്റ്റംബർ 12 ശനിയാഴ്ച അയർലണ്ടിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സെപ്റ്റംബർ 10 വ്യാഴാഴ്ച രാത്രി 11 മണി മുതൽ സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6 മണി വരെയാണ് ഫിനിക്സ് പാർക്കിലെ എല്ലാ ഗേറ്റുകളും റോഡുകളും അടച്ചിടുന്നത്. ട്രംപ് ഫിനിക്സ് പാർക്കിലെ Áras an Uachtaráin-ൽ പ്രസിഡന്റ് കാതറിൻ കോണലിയെയും Farmleigh House-ൽ Taoiseach മൈക്കൽ മാർട്ടിനെയും സന്ദർശിക്കുമെന്നാണ് നിലവിലെ പരിപാടി. തുടർന്ന് കൗണ്ടി ക്ലെയറിലെ ഡൂൺബെഗിലുള്ള ട്രംപിന്റെ ഗോൾഫ് റിസോർട്ടിലേക്ക് പോകും. അവിടെ നടക്കുന്ന Irish Open ഗോൾഫ് ടൂർണമെന്റിലും അദ്ദേഹം പങ്കെടുക്കും.

പാർക്ക് അടച്ചിടുന്നതിനാൽ ഡബ്ലിൻ സൂ ഉൾപ്പെടെയുള്ള പാർക്കിനുള്ളിലെ പ്രധാന ആകർഷണങ്ങളും സെപ്റ്റംബർ 11, 12 തീയതികളിൽ സന്ദർശകർക്കായി അടച്ചിടും. ഡബ്ലിൻ സൂ സെപ്റ്റംബർ 13 ഞായറാഴ്ച സാധാരണ നിലയിൽ തുറക്കും. സുരക്ഷാ നടപടികൾ നേരത്തെ പൂർത്തിയായാൽ നിശ്ചയിച്ച സമയത്തിന് മുമ്പ് ഗേറ്റുകൾ തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിൽ Office of Public Works (OPW) ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments