അയർലണ്ടിൽ നിന്ന് യു കെയിലേക്ക് ഫെറിയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദേശം. സെപ്റ്റംബർ 28 മുതൽ അയർലൻഡിനും ഗ്രേറ്റ് ബ്രിട്ടനും ഇടയിൽ സർവീസ് നടത്തുന്ന ഫെറികളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കുകയും പുറപ്പെടുന്നതിന് മുമ്പ് അത് ഹാജരാക്കുകയും വേണം. ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്കും പുതിയ നടപടി ബാധകമാണ്.
നിലവിൽ കോമൺ ട്രാവൽ ഏരിയ സംവിധാനത്തിന്റെ ഭാഗമായി അയർലൻഡിനും ബ്രിട്ടനും ഇടയിൽ യാത്ര ചെയ്യുമ്പോൾ ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് നിയമപരമായി പാസ്‌പോർട്ട് നിർബന്ധമല്ല. എന്നാൽ പുതിയ യു കെ ബോർഡർ ഫോഴ്സിന്റെ നിർദേശപ്രകാരം ഫെറി യാത്രയിൽ പാസ്‌പോർട്ട് പരിശോധന നിർബന്ധമാക്കുകയാണ്. യാത്രക്കാരുടെ വിവരങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
Irish Ferries-ന്റെ ഡബ്ലിൻ–ഹോളിഹെഡ്, റോസ്‌ലെയർ–പെംബ്രോക്ക് സർവീസുകളിലും Stena Line-ന്റെ ഡബ്ലിൻ–ഹോളിഹെഡ്, റോസ്‌ലെയർ–ഫിഷ്ഗാർഡ് സർവീസുകളിലും സെപ്റ്റംബർ 28 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. പാസ്‌പോർട്ടിന് പകരം ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ സ്വീകരിക്കില്ലെന്ന് Stena Line വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം Stena Line-ന്റെ ബെൽഫാസ്റ്റ്–ലിവർപൂൾ, ബെൽഫാസ്റ്റ്–കെയിൻറിയാൻ, ബെൽഫാസ്റ്റ്–ഹെയ്‌ഷാം സർവീസുകളിലെ നിലവിലെ ഐഡി നിബന്ധനകളിൽ ഈ മാറ്റം ബാധകമല്ല. യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ടിന്റെ കാലാവധി പരിശോധിച്ച് ആവശ്യമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഫെറി കമ്പനികൾ യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments